സിപിഎം അനുകൂല യൂണിയനായ കേരള മുൻസിപ്പൽ കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ നേതാവ് സുരേഷിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ കൗൺസിലർമാർക്കൊപ്പം ഭരണമുന്നണിയിൽ പെട്ട സിപിഐയുടേയും കോൺഗ്രസ് എസ്സിന്റേയും അംഗങ്ങളും പങ്കെടുത്തു.

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ കൗൺസിലർമാരും ജീവനക്കാരും തമ്മിലുള്ള പോര് മുറുകുന്നു. സിപിഎം അനുകൂല യൂണിയനായ കേരള മുൻസിപ്പൽ കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ നേതാവ് സുരേഷിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ കൗൺസിലർമാർക്കൊപ്പം ഭരണമുന്നണിയിൽ പെട്ട സിപിഐയുടേയും കോൺഗ്രസ് എസ്സിന്റേയും അംഗങ്ങളും പങ്കെടുത്തു. ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിന് റവന്യൂ ഇന്‍സ്പെക്ടര്‍ കൂടിയായ സുരേഷ് കൈക്കൂലി ആവശ്യപ്പെട്ടു എന്നാരോപിച്ചായിരുന്നു പ്രതിഷേധം. 

ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിന് അപേക്ഷിച്ചയാളോട് സുരേഷ് കൈക്കൂലി ആവശ്യപ്പെട്ടെന്നും ഒരുവർഷമായി അപേക്ഷ തീർപ്പാക്കിയില്ലെന്നും കൗൺസിൽ യോഗത്തിൽ സിപിഐ കൗൺസിലർ സോളമൻ വെട്ടുക്കാടും കോൺഗ്രസ് എസ് അംഗം പാളയം രാജനും ആരോപിച്ചിരുന്നു. തുടർന്ന് ഇവർക്കുമെതിരെ കോര്‍പ്പറേഷന്‍ അങ്കണത്തില്‍ സുരേഷിന്റെ നേതൃത്വത്തില്‍ സിപിഎം അനുകൂല സ്റ്റാഫ് യൂണിയനില്‍പെടുന്ന ജീവനക്കാര്‍ പ്രകടനം നടത്തി. പ്രകടനത്തിൽ കൗൺസിലർമാരെ അഴിമതിക്കാരായി ചിത്രീകരിച്ചെന്നും വ്യക്തിഹത്യ നടത്തിയെന്നും ആരോപിച്ചാണ് കൗൺസിലർമാരുടെ പ്രതിഷേധം. അതേസമയം, പ്രതിഷേധത്തിൽ നിന്നും സിപിഎം വിട്ടുനിന്നു.

എന്നാൽ കൗൺസിലർമാരുടെ വാദങ്ങൾ അടിസ്ഥാന രഹിതമാണെന്ന് സുരേഷ് പറയുന്നു. ജീവനക്കാരോട് കൗൺസിലർമാരാണ് മോശമായി പെരുമാറിയതെന്നും സുരേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.