തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്രാ വിമാനത്താവളത്തിന്‍റെ നടത്തിപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ഇന്ന് ദില്ലിയില്‍ പരിഹരിക്കപ്പെടുമോയെന്നറിയാനുള്ള ആകാംക്ഷയിലാണ് ഏവരും. കരാർ കാലാവധി അവസാനിക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കെ മുഖ്യമന്ത്രി പിണറായി വിജയന്‍ ദില്ലിയില്‍ നിര്‍ണായക ചര്‍ച്ചകളുമായി മുന്നോട്ട് പോകുകയാണ്. ടെണ്ടറിൽ ഒന്നാമത് എത്തിയ അദാനി ഗ്രൂപ്പിന് വിമാനത്താവളത്തിന്‍റെ നടത്തിപ്പ് നല്‍കുന്നതിനോട് മുഖ്യമന്ത്രി ആദ്യമേ തന്നെ ഇടഞ്ഞിരുന്നു. കേന്ദ്രസർക്കാർ വിമാനത്താവളനടത്തിപ്പ് അദാനിക്ക് കൈമാറാത്തതിന്‍റെ കാരണവും മറ്റൊന്നല്ല. സംസ്ഥാന സർക്കാർ രൂപീകരിച്ച ടിയാലിനെ കൂടി നടത്തിപ്പിൽ പങ്കാളിയാക്കാമെന്ന നിർദ്ദേശം ഉയര്‍ന്നതോടെ കാര്യങ്ങള്‍ക്ക് ശുഭ പര്യവസാനം ഉണ്ടാകുമോയെന്ന് അധികം വൈകാതെ തന്നെ അറിയാം.

അദാനി ഗ്രൂപ്പ് മുന്നോട്ട് വച്ചെന്ന് വ്യക്തമാകുന്ന ഈ നിര്‍ദ്ദേശം മുഖ്യമന്ത്രിയും കേരള സര്‍ക്കാരും അംഗീകരിക്കുകയും മറ്റ് കാര്യങ്ങളിലെ ചര്‍ച്ചയില്‍ തീരുമാനമാകുകയും ചെയ്താല്‍ ഇന്ന് വൈകുന്നേരത്തോടെ ഇക്കാര്യത്തിലെ പ്രഖ്യാപനം ഉണ്ടാകും. രാജ്യതലസ്ഥാനത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രമന്ത്രിമാരുമായി വിഷയം സംബന്ധിച്ച് കൂടിക്കാഴ്ച നടത്തുകയാണ്. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിർമ്മല സീതാരാമൻ, നിതിൻ ഗഡ്കരി തുടങ്ങിയവരുമായാണ് പിണറായിയുടെ ചര്‍ച്ച. വിമാനത്താവളം ഏറ്റെടുത്ത് നടത്താമെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്. ഇതിനോട് കേന്ദ്രം അനുകൂലമായി പ്രതികരിച്ചിട്ടില്ല. അദാനിയാകട്ടെ പിന്മാറുമെന്ന സൂചന ഇതുവരെ നൽകിയിട്ടുമില്ലാത്ത സാഹചര്യത്തില്‍ പുതിയ നിര്‍ദ്ദേശത്തിന് ചര്‍ച്ചകളില്‍ വലിയ പ്രസക്തിയുണ്ടാകും.

വിഴിഞ്ഞം തുറമുഖ നിർമാണത്തിന് കോടികൾ നിക്ഷേപിച്ച അദാനി, സംസ്ഥാന സർക്കാരിനെ പിണക്കാൻ ആഗ്രഹിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് വിമാനത്താവള നടത്തിപ്പിനായി സർക്കാർ രൂപീകരിച്ച ടിയാലിനും ഓഹരിപങ്കാളിത്തം നൽകാനുള്ള അദാനിയുടെ നീക്കമെന്നാണ് വ്യക്തമാകുന്നത്. നേരത്തെ ടിയാൽ അദാനിയുമായി കൈകോർക്കാൻ ശ്രമിച്ചെങ്കിൽ, ഇപ്പോൾ അദാനിയാണ് ടിയാലിനെ ഉൾപ്പെടുത്താൻ ശ്രമിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ പ്രതിനിധികൾ അദാനി ഗ്രൂപ്പിന്റെ ആ നിർദ്ദേശത്തോട് ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. പക്ഷെ ചർച്ചകളുടെ അവസാനം ഫലമുണ്ടാകുമെന്ന പ്രതീക്ഷയാണ് നിറയുന്നത്.

അദാനിയുമായി കൈകോർത്താൽ ഉണ്ടാകാവുന്ന രാഷ്ട്രീയ വിമർശനങ്ങളാണ് സർക്കാരിന് മുന്നിലെ വെല്ലുവിളി. അദാനിയുമായുള്ള കൈകോർക്കൽ ഇപ്പോൾ അജണ്ടയിൽ ഇല്ലെന്നായിരുന്നു അടുത്തിടെ മുഖ്യമന്ത്രിയുടെ പ്രതികരണം. കരാർ കാലാവധി നാളെ അവസാനിച്ചാലും മൂന്ന് മാസം നീട്ടാനുള്ള സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ അദാനിയുമായി കൈകോര്‍ക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പിണറായി സര്‍ക്കാരിന് സാവകാശം ലഭിക്കും.