മേയർ - കെഎസ്ആര്‍ടിസി ഡ്രൈവർ വാക്പോര്; ഡ്രൈവർക്കെതിരെ പൊലീസ്, അശ്രദ്ധമായി വണ്ടിയോടിച്ച കേസിലെ പ്രതി
സ്വകാര്യ ബസ് ഡ്രൈവറായിരുന്ന സമയത്ത് യദു മുമ്പും അശ്രദ്ധമായി വണ്ടിയോടിച്ച് അപകടമുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
തിരുവനന്തപുരം: നടുറോഡില്‍ തിരുവന്തപുരം മേയർ ആര്യ രാജേന്ദ്രനുമായി വാക്കേറ്റമുണ്ടായ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ പൊലീസ്. സ്വകാര്യ ബസ് ഡ്രൈവറായിരുന്ന സമയത്ത് യദു മുമ്പും അശ്രദ്ധമായി വണ്ടിയോടിച്ച് അപകടമുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. 2022 യദു ഓടിച്ച സ്വകാര്യ ബസ് ഇടിച്ച് സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അന്ന് തമ്പാനൂർ പൊലീസ് യദുവിനെതിരെ കേസെടുത്തിരുന്നു. 2017 ൽ അപകടകരമായ രീതിയിൽ വണ്ടി ഓടിച്ചതിന് യദുവിനെതിരെ പേരൂർക്കട പൊലിസും കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രി പാളയത്ത് വെച്ചായിരുന്നു തിരുവനന്തപുരം മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ വാക്കേറ്റമുണ്ടായത്. മേയറും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയും കുടുംബവും സഞ്ചരിച്ച കാറിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയായിരുന്നു തർക്കം. പ്ലാമൂട് വെച്ച് ആദ്യം ബസ് കാറിനെ ഇടിക്കുന്ന രീതിയിൽ ഓടിച്ചെന്നും പിന്നാലെ ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെന്നുമാണ് മേയറുടെ പരാതി. ആര്യ രാജേന്ദ്രന്‍റെ പരാതിയില്‍ കെഎസ്ആർടിസി ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.