തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി ഐസിയുവിലെ തീപിടുത്തത്തിന് ശേഷം രോഗികളെ മാറ്റിയത് കൃത്യമായ ജീവൻരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കിയെന്ന് ആശുപത്രിയുടെ റിപ്പോർട്ട്. വകുപ്പ് മേധാവികൾ നൽകിയ റിപ്പോർട്ട് സൂപ്രണ്ട് ഡിഎംഇക്ക് കൈമാറി
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി ഐസിയുവിലെ തീപിടുത്തത്തിന് ശേഷം രോഗികളെ മാറ്റിയത് കൃത്യമായ ജീവൻരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കിയെന്ന് ആശുപത്രിയുടെ റിപ്പോർട്ട്. വകുപ്പ് മേധാവികൾ നൽകിയ റിപ്പോർട്ട് സൂപ്രണ്ട് ഡിഎംഇക്ക് കൈമാറി. തീപിടുത്തമുണ്ടായ അന്നും പിറ്റേന്നുമായി മൾട്ടി സ്പെഷ്യാലിറ്റി വിഭാഗത്തിലെ സർക്കിൽ,ട്രോമ ഐസിയുകളിൽ റിപ്പോർട്ട് ചെയ്ത മരണങ്ങൾ സംബന്ധിച്ചുള്ള വിവരങ്ങളും കൈമാറി. അഞ്ച് പേരുടെയും മരണത്തിന് കാരണം ഗുരുതര പരിക്കുകളെ തുടർന്ന് സ്ഥിതി വഷളായതെന്നാണ് നിഗമനം. തീപിടുത്തമുണ്ടായ ഐസിയുവിലെ വെന്റിലേറ്ററിലുണ്ടായിരുന്നവർക്ക് അമ്പ്യൂ ബാഗ് സപ്പോർട്ടും ഓക്സിജൻ സഹായവും നൽകിയിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൂടി പരിശോധിച്ചാലേ അന്തിമ നിഗമനത്തിലേക്ക് എത്താനാകു എന്നും റിപ്പോർട്ടിലുണ്ട്. രോഗികളെ മാറ്റുന്നതിനിടെ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ട 9 ജീവനക്കാർക്കും ചികിത്സ നൽകിയെന്നാണ് ന്യൂറോ സർജറി, സർജറി വിഭാഗം മേധാവിമാർ സൂപ്രണ്ടിന് നൽകിയ റിപ്പോർട്ടിലുള്ളത്.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഐസിയുവിലുണ്ടായ തീപിടുത്തെ തുടർന്ന് രോഗികള്‍ മരിച്ചുവെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ഇന്നലെ മെഡിക്കൽ കോളജ് സൂപ്രണ്ട് ഓഫീസ് ഉപരോധിച്ചിരുന്നു. മരണത്തെ കുറിച്ചുള്ള വിശദീകരണം നൽകണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് ഓഫീസ് ഉപരോധിച്ചത്. ഗേറ്റ് അടച്ച് പ്രവർത്തകർ തടഞ്ഞു. ഓഫീസ് ഉപരോധിച്ച പ്രവർത്തകർ തള്ളിയറാൻ ശ്രമിച്ചപ്പോള്‍ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.
പരാതിയുമായി രോഗികളുടെ ബന്ധുക്കള്‍
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മൾട്ടി സ്പെഷ്യാലിറ്റി വിഭാഗത്തിലെ സർജിക്കൽ ഐസിയുവിൽ വെന്റിലേറ്റർ തകരാറിലായി തീപിടുത്തമുണ്ടായത്. തീ ഉടൻ അണച്ചെങ്കിലും ഐസിയുവിലാകെ പുക നിറഞ്ഞു. വെന്റിലേറ്ററിലടക്കമുണ്ടായിരുന്ന രോഗികളെ ഉടൻ മറ്റ് ഐസിയുകളിലേക്ക് മാറ്റി. കൃത്യമായ പ്രോട്ടോക്കോൾ പാലിച്ചാണ്രോഗികളെ മാറ്റിയതെന്നായിരുന്നു ആശുപത്രി അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ അന്നേ ദിവസം ഉച്ചയ്ക്ക് മരിച്ച ഓയൂർ സ്വദേശി കൃഷ്ണൻകുട്ടി, പിറ്റേന്ന് രാവിലെ മരിച്ച നെയ്യാറ്റിൻകര സ്വദേശി സനീഷ് എന്നിവരുടെ ബന്ധുക്കളാണ് പരാതി ഉന്നയിക്കുന്നത്.
ബൈക്ക് അപകടത്തെ തുടർന്ന് വെന്റിലേറ്ററിലായിരുന്നു സനീഷ്. തീപിടുത്തതിന് ശേഷം ഐസിയു മാറ്റിയതിന് പിന്നാലെയാണ് സനീഷിന്റെ ആരോഗ്യനില വഷളായതെന്നാണ് ബന്ധുക്കളുടെ ആരോപണം. ഓട്ടോ അപകടത്തിൽ ഗുരുതര പരിക്കറ്റ ഓയൂർ സ്വദേശി കൃഷ്ണൻകുട്ടിയും വെന്റിലേറ്ററിലായിരുന്നു. ഐസിയു മാറ്റുന്ന വിവരം കൃത്യമായി അറിയിച്ചില്ലെന്നും അതിന് ശേഷമാണ് ആരോഗ്യനില കൂടുതൽ വഷളയാതെന്നും ആരോപണമുണ്ട്.ഇത് കൂടാതെ മൂന്ന് മരണം കൂടി പിറ്റേന്ന് റിപ്പോർട്ട് ചെയ്തിരുന്നു. ഇവരുടെ ബന്ധുക്കൾ ഇതുവരെ പരാതി ഉന്നയിച്ചിട്ടില്ല. ബന്ധുക്കളുടെ ആക്ഷേപം കോൺഗ്രസ്സും ബിജെപിയും സർക്കാറിനെതിരെ ആയുധമാക്കുന്നുണ്ട്.



