തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗി പുഴുവരിച്ചതിനെതുടര്‍ന്ന് സസ്പെന്‍ഷനിലായ ഡോക്ടര്‍ക്കും നഴ്സുമാര്‍ക്കും എതിരായ നടപടി ഇന്ന് പിന്‍വലിച്ചേക്കും. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിൽ 24 മണിക്കൂറിനകം സസ്പന്‍ഷൻ നടപടി പുനപരിശോധിക്കാമെന്ന് ആരോഗ്യമന്ത്രി ഡോക്ടര്‍മാരുടേയും നഴ്സുമാരുടേയും സംഘടനകള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം ഡി എം ഇയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിൽ തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നും എന്നാലത് പ്രതികാര നടപടി ആയിരിക്കില്ലെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. മന്ത്രിയുടെ ഉറപ്പിൽ ഡോക്ടര്‍മാരും നഴ്സുമാരും ഇന്നലെ സമരം പിന്‍വലിച്ചിരുന്നു.

കഴിഞ്ഞ മാസം 28ന് ആണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന രോഗിയെ പുഴുവരിച്ചതായി ബന്ധുക്കളുടെ പരാതി വരുന്നത്. കൊവിഡ് വ്യാപനം ഉണ്ടായതിനെ തുടർന്ന് മെഡിക്കൽ കോളേജ് വാർഡിൽ നിന്നും ബന്ധുക്കളെ മാറ്റിയിരുന്നു. ഇതാണ് രോഗിക്ക് പരിചരണം ലഭിക്കാതിരിക്കാൻ ഇടയാക്കിയത്.  കുടുംബം ആരോഗ്യമന്ത്രിക്ക് പരാതി നൽകിയതോടെ ഡോക്ടര്‍മാരെയും നഴ്സുമാരെയും സസ്പെന്‍റ് ചെയ്യുകയായിരുന്നു.