Asianet News MalayalamAsianet News Malayalam

അവധി ഉപേക്ഷിച്ച് ആശുപത്രിയിലെത്തി, ഒപി ബ്ലോക്ക് വൃത്തിയാക്കി ജീവനക്കാര്‍; അഭിനന്ദിച്ച് മന്ത്രി

അവധി ദിനത്തിലെ ജീവനക്കാരുടെ ആത്മാര്‍ത്ഥ പ്രവര്‍ത്തനം അറിഞ്ഞെത്തിയ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  ജീവനക്കാരെ അഭിനന്ദിച്ചു. 

Thiruvananthapuram medical college Hospital staff cleaned op block
Author
Thiruvananthapuram, First Published Jul 18, 2021, 6:53 PM IST

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഒ.പി. ബ്ലോക്കിനെ ഒറ്റ ദിവസം കൊണ്ട് വൃത്തിയാക്കി ആശുപത്രി ജീവനക്കാര്‍. ഞായറാഴ്ച അവധിയുപേക്ഷിച്ച് എഴുപതോളം ആശുപത്രി ജീവനക്കാരാണ് ശുചീകരണ യജ്ഞത്തില്‍ പങ്കാളികളായത്. മൂന്നുനിലകളുള്ള കെട്ടിടത്തിലെ എല്ലാ ഭാഗങ്ങളും ജീവനക്കാര്‍ വൃത്തിയാക്കി. ഇതോടൊപ്പം വീല്‍ചെയര്‍, ട്രോളി, കസേരകള്‍ എന്നിവ കഴുകി വൃത്തിയാക്കുകയും ചെയ്തു.

അവധി ദിനത്തിലെ ജീവനക്കാരുടെ ആത്മാര്‍ത്ഥ പ്രവര്‍ത്തനം അറിഞ്ഞെത്തിയ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  ജീവനക്കാരെ അഭിനന്ദിച്ചു. മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്ന് മന്ത്രി പറഞ്ഞു. സിക്ക വൈറസ് രോഗവും മറ്റ് പകര്‍ച്ച വ്യാധികളും വര്‍ധിക്കുന്ന സമയത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ആശുപത്രി ജീവനക്കാര്‍ ഇതിനായി ഒറ്റക്കെട്ടായി കൈകോര്‍ക്കുന്ന കാഴ്ചയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കാണാന്‍ കഴിഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി.

കൊവിഡ് ചികിത്സയില്‍ കഴിയുന്ന രോഗികളുടെ വിവരങ്ങള്‍ കൈമാറാനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആരംഭിച്ച വീട്ടിലേക്ക് വിളിക്കാം പദ്ധതിയിലുംആരോഗ്യ വകുപ്പ് മന്ത്രി  പങ്കുചേര്‍ന്നു . മെഡിക്കല്‍ കോളേജ് കൊവിഡ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ സന്ദര്‍ശിച്ചാണ് രോഗിയുടെ ബന്ധുവിനെ വിളിച്ച് വിവരം കൈമാറിയത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള വക്കം സ്വദേശിയായ രോഗിയുടെ വിവരങ്ങളാണ് മന്ത്രി തന്നെ നേരിട്ട് ബന്ധുവിനെ വിളിച്ചറിയിച്ചത്. 

ചികിത്സയില്‍ കഴിയുന്നയാളിന്റെ സഹോദരന്‍ വിനുവിനാണ് മന്ത്രി വിവരങ്ങള്‍ കൈമാറിയത്. സഹോദരന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നുവെന്നും ഓക്‌സിജന്റെ അളവ് കൂടിയിട്ടുണ്ടെന്നും ആഹാരം കഴിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചപ്പോള്‍ വിനുവിനും ആശ്വാസമായി. മന്ത്രിയാണ് നേരിട്ട് വിളിച്ചതെന്നറിഞ്ഞപ്പോള്‍ അതിലേറെ സന്തേഷവും തോന്നി.

കോവിഡ് രോഗികളുടെ വിവരങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറാന്‍ ഒപി ബ്ലോക്കില്‍ തന്നെയാണ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ഇതുകൂടാതെയാണ് മന്ത്രിയുടെ നിര്‍ദേശപ്രകാരം രോഗികള്‍ക്ക് ബന്ധുക്കളുമായി സംവദിക്കാന്‍ കഴിയുന്ന വീട്ടിലേക്ക് വിളിക്കാം പദ്ധതി ആരംഭിച്ചത്. നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ഡി.ആര്‍. അനില്‍, ആശുപത്രി സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ. ജോബിജോണ്‍, ആര്‍.എം.ഒ. ഡോ. മോഹന്‍ റോയ്, നഴ്‌സിംഗ് സൂപ്രണ്ട് അനിതകുമാരി, ഹൗസ് കീപ്പിംഗ് ഇന്‍ ചാര്‍ജ് ശ്രീദേവി, വികാസ് ബഷീര്‍, സെക്യൂരിറ്റി ഓഫീസര്‍ നസറുദീന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 
 

Follow Us:
Download App:
  • android
  • ios