തിരുവനന്തപുരം: തർക്കഭൂമിയിലെ ഒഴിപ്പിക്കൽ നടപടികൾക്കിടെ തീകൊളുത്തിയ നെയ്യാറ്റിൻകര സ്വദേശികളായ ദമ്പതിമാരിൽ ഭർത്താവ് മരിച്ചെന്ന ദുഖകരമായ വാർത്തയാണ് ഇന്ന് രാവിലെ വന്നത്. പൊലീസിന്റെ ക്രൂരതയും അലംഭാവവുമാണ് അച്ഛന്റെയും അമ്മയുടെയും ശരീരത്തിലേക്ക് തീ പടരാൻ കാരണമായതെന്നാണ് മരിച്ച രാജന്റെ മക്കൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇവരുടെ വാക്കുകൾക്ക് സ്ഥിരീകരണം നൽകുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. അടുത്ത് വരരുതെന്നും തീകൊളുത്തുമെന്നും പറയുന്ന രാജന്റെയും ഭാര്യ അമ്പിളിയുടേയും അടുത്തേക്ക് ഒരു പൊലീസുകാരൻ നീങ്ങുന്നതും ലൈറ്റർ തട്ടിമാറ്റാൻ ശ്രമിക്കുന്നതിനെ തീപടരുന്നതുമാണ് ദൃശ്യങ്ങളിലുളളത്. 

സംഭവത്തിന്റെ ദൃക്സാക്ഷികളായ മക്കളുടെ വാക്കുകൾ 

".അച്ഛന്റെ പേരിൽ വസ്തുവൊന്നുമില്ല. കോളനിയിലെ പുറമ്പോക്ക് സ്ഥലത്ത് ചെറിയൊരു ഷെഡ് കെട്ടിയാണ് താമസിച്ചിരുന്നത്. വസന്തയെന്നൊരു സ്ത്രീ വസ്തു അവരുടെ  പേരിലാണെന്ന് പറഞ്ഞ് കൊടുത്ത കേസിൽ ഒഴിപ്പിക്കാൻ കോടതിയിൽ നിന്നും ആളുകൾ വന്നു. അര മണിക്കൂറിനുള്ളിൽ സ്റ്റേ ഓർഡറ് വരുമെന്നും ചോറു കഴിച്ചിട്ട് വീട്ടിൽ നിന്ന്  ഇറങ്ങാമെന്നും അച്ഛൻ പൊലീസുകാരോട് പറഞ്ഞു.

ഇതു കേൾക്കാതെ പൊലീസുകാർ ഇറങ്ങെടാ എന്ന് പറഞ്ഞ് അച്ഛന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ച് വലിച്ചു പുറത്തെത്തിച്ചു. ഇതൊന്നും സഹിക്കാൻ പറ്റാതെ പൊലീസിനെ പിന്തിരിപ്പിക്കാനാണ് അച്ഛൻ പെട്രോൾ തലയിലൊഴിച്ചത്. പൊലീസുകാരൻ അച്ഛന്റെ കൈയ്യിലുണ്ടായ ലൈറ്റർ പെട്രോൾ ഉള്ള ഭാഗത്തേക്ക് അടിച്ച് തെറുപ്പിക്കുകയായിരുന്നു. എന്റെ അച്ഛൻ മരിച്ചു പോയി. ഇനിയെന്റെ അമ്മ കൂടിയേ ബാക്കിയുള്ളു അവരു കൂടി മരിച്ചാൽ പിന്നെ ഞങ്ങൾ ജീവിച്ചിരുന്നിട്ടെന്താ കാര്യം". ഒരു ചേട്ടന്റെ കയ്യിൽനിന്ന് പണം കടം വാങ്ങിയാണ് അച്ഛനെയും അമ്മയെയും കൊണ്ടുപോയ ആംബുലൻസിനുള്ള പണം കൊടുത്തതെന്നും രാജന്റെ മക്കൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

വീഡിയോ 

നെയ്യാറ്റിൻകര പോങ്ങിൽ മൂന്ന് സെന്‍റ് ഭൂമിയിൽ ഷെഡ് കെട്ടി താമസിക്കുകയായിരുന്നു രാജനും ഭാര്യയും രണ്ട് ആൺ മക്കളുമടങ്ങുന്ന കുടുംബം. രാജൻ ഭൂമി കയ്യേറിയെന്നാരോപിച്ച് അയൽവാസി വസന്ത മുൻസിഫ് കോടതിയിൽ കേസ് നൽകിയിരുന്നു. ആറ് മാസം മുൻപ് രാജനെതിരെ കോടതി വിധി പറഞ്ഞു. ഉത്തരവ് നടപ്പാക്കാനായി കോടതിയിൽ നിന്നുള്ള ഉദ്യാഗസ്ഥരും പൊലീസും എത്തിയപ്പോഴാണ് ആത്മഹത്യാശ്രമം. ദാരുണ സംഭവത്തിന്റെ ഞെട്ടൽ ഇപ്പോഴും കുട്ടികൾക്ക് മാറിയിട്ടില്ല. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ള രാജന്റെ ഭാര്യയ്ക്കും 75 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. ആത്മഹത്യാഭീഷണി മാത്രമായിരുന്നു ലക്ഷ്യമെന്നും പൊലീസിടപെട്ടതോടെയാണ് തീകൊളുത്തേണ്ടിവന്നതെന്നും രാജൻ മൊഴി നൽകിയിരുന്നു.