കെ എം മാണിയുടെ ഭ‍ൗതികശരീരം നാളെ തിരുനക്കര മൈതാനത്തിൽ പൊതുദ‍ർശനത്തിന് വയ്ക്കുമെന്നും അതിനുള്ള ക്രമീകരണങ്ങൾ  ആരംഭിച്ചുവെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ

കൊച്ചി: കെ എം മാണിയുടെ ഭ‍ൗതികശരീരം നാളെ തിരുനക്കര മൈതാനത്തിൽ പൊതുദ‍ർശനത്തിന് വയ്ക്കുമെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. പൊതുദ‍ർശനത്തിനുള്ള ക്രമീകരണങ്ങൾ ആരംഭിച്ചു. കേരള കോൺഗ്രസ് രൂപീകരണം നടന്നത് തിരുനക്കര മൈതാനത്തിലാണെന്നും അവിടെ എല്ലാവിധ ബഹുമതികളോടും കൂടിയാണ് കെ എം മാണിയുടെ ഭ‍ൗതികശരീരം പൊതു ദ‍ർശനത്തിന് വയ്ക്കുകയെന്നും തിരുവഞ്ചൂർ പറഞ്ഞു. കെ എം മാണി കേരളരാഷ്ട്രീയത്തിലെ അതികായനായിരുന്നെന്നും അത്ഭരതപ്പെടുത്തുന്ന പാണ്ഡിത്യത്തിനുടമയായിരുന്നെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു. 

ശ്വാസകോശ രോഗത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന കെ എം മാണിയുടെ അന്ത്യം വൈകീട്ട് 4.57നായിരുന്നു. വൃക്കകൾ തകരാറിൽ ആയതിനാൽ ഡയാലിസിസ് തുടരുകയായിരുന്നു. മരണ സമയത്ത് ഭാര്യ കുട്ടിയമ്മയും മകന്‍ ജോസ് കെ മാണിയും പേരക്കുട്ടികളും അടക്കമുള്ളവര്‍ മാണിക്കൊപ്പമുണ്ടായിരുന്നു. 

ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച ആണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ദീർഘകാലമായി ആസ്മക്ക് ചികിത്സയിലായിരുന്നു അദ്ദേഹം. ആശുപത്രിയിലെത്തുമ്പോൾ ശ്വാസകോശ അണുബാധയും ഉണ്ടായിരുന്നു. ഇന്ന് രാവിലെ ആരോഗ്യ നില അല്പം മെച്ചപ്പെട്ടിരുന്നെങ്കിലും ഉച്ചയ്ക്ക് മൂന്ന് മണിയോടെ നില ഗുരുതരമായി. ഹൃദയമിടിപ്പും രക്തസമ്മർദ്ദവും കുറയുകയുമായിരുന്നു