തിരുവാണിയൂരിലെ പൊതു ഗ്യാസ് ശ്മശാനത്തിന്‍റെ പ്രവർത്തനം രണ്ട് മാസമായി നിലച്ചതോടെ പ്രദേശവാസികൾ കടുത്ത ദുരിതത്തിൽ
കോലഞ്ചേരി: തിരുവാണിയൂരിലെ പൊതു ഗ്യാസ് ശ്മശാനത്തിന്‍റെ പ്രവർത്തനം രണ്ട് മാസമായി നിലച്ചതോടെ പ്രദേശവാസികൾ കടുത്ത ദുരിതത്തിൽ. മെയ് 14-നുണ്ടായ ശക്തമായ കാറ്റിൽ പുകക്കുഴൽ തകർന്നതിനെ തുടർന്ന് ശ്മശാനം പ്രവർത്തനരഹിതമാകുകയായിരുന്നു. ഇതോടെ മൃതദേഹങ്ങൾ ദഹിപ്പിക്കാൻ സമീപ പ്രദേശങ്ങളിലെ ശ്മശാനങ്ങളെ ആശ്രയിക്കേണ്ട സാഹചര്യമാണുള്ളത്. പുകക്കുഴൽ പുതുക്കി സ്ഥാപിക്കാൻ 10 ലക്ഷം രൂപയിലധികം ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. ഇ-ടെൻഡർ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഡിപിസി അംഗീകാരം ലഭിച്ച ശേഷമേ അറ്റകുറ്റപ്പണി ആരംഭിക്കാൻ കഴിയൂ. ശുചിത്വ മിഷന് കീഴിലുള്ള അംഗീകൃത സ്ഥാപനങ്ങൾക്കാണ് അറ്റകുറ്റപ്പണി ചെയ്യാൻ അനുമതിയുള്ളത്. നടപടികൾ വേഗത്തിലാക്കിയില്ലെങ്കിൽ ദുരിതം ഇനിയും നീളുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
ബിപിസിഎല്ലിന്‍റെ സാമ്പത്തിക സഹായത്തോടെ 2012-ലാണ് തിരുവാണിയൂരിൽ ഗ്യാസ് ക്രിമറ്റോറിയം സ്ഥാപിച്ചത്. നിലവിൽ ശ്മശാനം പ്രവർത്തനരഹിതമായതിനാൽ തൃപ്പൂണിത്തുറ, എരുവേലി, വടയമ്പാടി തുടങ്ങിയ പ്രദേശങ്ങളിലെ ശ്മശാനങ്ങളെയാണ് നാട്ടുകാർ ആശ്രയിക്കുന്നത്. മഴക്കാലമായതിനാൽ വീടുകളുടെ പരിസരത്ത് മൃതദേഹങ്ങൾ ദഹിപ്പിക്കുന്നതും ഏറെ ബുദ്ധിമുട്ടേറിയ സാഹചര്യമാണെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാണിക്കുന്നു.



