Asianet News MalayalamAsianet News Malayalam

പ്ലാറ്റിനം ജൂബിലി നിറവിൽ തിരുവനന്തപുരം മെഡിക്കൽ കോളജ്,3മാസം നീളുന്ന പരിപാടികൾ,രോഗികൾക്ക് താങ്ങായി തളിര് പദ്ധതി

ലോകപ്രശസ്ത വൈറോളജി വിദഗ്ദർ നയിക്കുന്ന ചർച്ചകളും തുടർ മെഡിക്കൽ വിദ്യാഭ്യാസ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്

thiruvannathapuram medical college celebrating 70th anniversary
Author
First Published Aug 26, 2022, 7:13 AM IST

തിരുവനന്തപുരം : സംസ്ഥാനത്തെ ആദ്യ മെഡിക്കൽ കോളേജായ തിരുവനന്തപുരം മെഡിക്കൽ കോളേജിന്‍റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് തുടക്കം. മൂന്നുമാസം നീണ്ടുനിൽക്കുന്ന പരിപാടികൾ വൈകിട്ട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ലോകപ്രശസ്ത വൈറോളജി വിദഗ്ദർ നയിക്കുന്ന ചർച്ചകളും തുടർ മെഡിക്കൽ വിദ്യാഭ്യാസ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. പൂർവ്വ വിദ്യാർഥികളായ പ്രഗത്ഭരുടെ കൂടിച്ചേരലിനുള്ള വേദി കൂടിയാകും ഇന്നു മുതൽ മെഡിക്കൽ കോളേജ്.

1951 നവംബർ 27ന് പ്രധാനമന്ത്രി ജവഹർലാൽ നെഹ്‍റു ആദ്യ ഒ പി ടിക്കറ്റെടുത്ത് ഉദ്ഘാടനം ചെയ്ത തിരുവനന്തപുരം മെഡിക്കൽ കോളേജ്. അത് പിന്നീടങ്ങോട്ട് നിരവധി ആളുകൾക്ക് മരണത്തിൽ നിന്ന് ജീവിതത്തിലേക്കുള്ള മടക്ക ടിക്കറ്റുകളായി. കൊൽക്കത്തയിൽ നിന്നും ചെന്നൈയിൽ നിന്നും ബിരുദമടുത്ത് വന്നവരെ കാക്കാതെ, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് കേരളത്തിന്റെ സ്വന്തം എം ബി ബി എസ് ഡോക്ടർമാരുണ്ടായി. പിന്നീട് വന്ന കോഴിക്കോട് മെഡിക്കൽ കോളേജ് അടക്കം മെഡിക്കൽ കോളേജുകൾക്ക് ഇവർ ചുക്കാൻ പിടിച്ചു. 

അമേരിക്കയും യൂറോപ്പും തിരുവനന്തപുരം മെഡിക്കൽ കോളേജ് വളർത്തിയ പ്രതിഭകളെ സ്വീകരിച്ചു. മെഡിക്കൽ കോളേജ്, ആശുപത്രി, നഴ്സിങ് കോളേജ്, ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, ആർസിസി , അച്യുതമേനോൻ സന്റർ ഫോർ ഹൽത്ത് സയൻസ് സറ്റഡീസ് , ഡന്റൽ കോളേജ്, ഫാർമസി കോളേജ്, എസ്.എ.ടി ആശുപത്രി. 139 ഏക്കറിൽ തുടങ്ങി കണ്ണെത്താത്ത ഉയരത്തിലേക്കും ദൂരത്തിലേക്കും വളർന്നു.

കൊവിഡ് അടക്കം ലോകത്തെ മുൾമുനയിലാക്കിയ വൈറൽ രോഗങ്ങളെ കുറിച്ച് ചർച്ചയുണ്ട് പ്ലാറ്റിനം ജൂബിലി വേളയിൽ . ലോകപ്രശസ്ത വൈറോളജിസ്റ്റ് പ്രഫ. റോബർട്ട് ഗാലോ മുഖ്യപ്രഭാഷണം നടത്തും. ഗഗൻദീപ് കാങ് ഉൾപ്പടെയുള്ള പ്രമുഖരെത്തും. രോഗികൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനായുള്ള തളിര് പദ്ധതിക്കും തുടക്കമാകും.
 

Follow Us:
Download App:
  • android
  • ios