തൊഴിൽ മന്ത്രിയുമായി ചർച്ച നടത്താമെന്ന ഉറപ്പിലാണ് സമരം അവസാനിച്ചത്. 

കോട്ടയം: തിരുവാർപ്പിലെ ബസ് ഉടമക്കെതിരായ സിഐടിയു സമരം പിൻവലിച്ചു. തൊഴിൽ മന്ത്രിയുമായി ചർച്ച നടത്താമെന്ന ഉറപ്പിലാണ് സമരം അവസാനിച്ചത്. ബസ് പൊലീസ് കസ്റ്റഡിയിലെടുക്കുകയും കൊടിതോരണങ്ങൾ അഴിച്ചുമാറ്റുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് കോട്ടയം തിരുവാർപ്പിൽ സ്വകാര്യ ബസിന് മുന്നിൽ സിഐടിയു കൊടി കുത്തിയ സംഭവത്തെ തുടർന്ന് ബസ് ഉടമയ്ക്ക് സിഐടിയു നേതാവിന്റെ മർദ്ദനമേറ്റത്. ബസുടമ രാജ്മോഹനെയാണ് സിഐടിയു നേതാവ് മർദ്ദിച്ചത്. രാവിലെ ബസിലെ സി ഐ ടി യു കൊടി തോരണങ്ങൾ അഴിച്ചു മാറ്റുമ്പോഴാണ് സംഭവം. പോലീസ് കാഴ്ചക്കാരായി നിൽക്കുമ്പോഴാണ് മർദ്ദനമേറ്റത്. കൊടി അഴിച്ചാൽ വീട്ടിൽ കയറി തല്ലുമെന്നും നേതാക്കൾ ഭീഷണിപ്പെടുത്തിയിരുന്നു.

തന്റെ ബസിനോട് ചേർത്ത് സി ഐ ടി യു കെട്ടിയിരുന്ന കൊടിതോരണങ്ങൾ അഴിച്ചു മാറ്റുമ്പോഴാണ് വെട്ടിക്കുളങ്ങര ബസിന്റെ ഉടമ ഉണ്ണിയെന്ന രാജ് മോഹനെ സി പി എം നേതാവ് തല്ലിയത്. കൊടിയിൽ തൊട്ടാൽ വീട്ടിൽ കയറി വെട്ടുമെന്ന ഭീഷണിയും ഉണ്ടായിരുന്നു. കൺമുന്നിൽ അക്രമം നടന്നിട്ടും അക്രമിയായ സി പി എം നേതാവിനെ കുമരകം പൊലീസ് കസ്റ്റഡിയിൽ എടുത്തില്ല.

പിന്നീട് നേതാവ് സ്വന്തം വാഹനത്തിൽ സ്റ്റേഷനിലെത്തിയപ്പോൾ മാത്രമാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. സിപിഎം ജില്ലാ കമ്മിറ്റി അംഗവും തിരുവാർപ്പ് പഞ്ചായത്ത് അംഗവുമായ കെആർ അജയ്യാണ് മർദ്ദിച്ചത്. പ്രാദേശിക ബി ജെ പി നേതാവു കൂടിയായ രാജ്‌മോഹൻ ബി ജെ പി പ്രവർത്തകർക്കൊപ്പം പൊലീസ് സ്റ്റേഷനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു.

അനാവശ്യ കൂലി വർധന ആവശ്യപ്പെട്ട് സി ഐ ടി യു ബുദ്ധിമുട്ടിക്കുന്നെന്ന് ആരോപിച്ചാണ് ഒരാഴ്ചയായി രാജ്മോഹൻ ബസിന് മുന്നിൽ ലോട്ടറി വിറ്റ് പ്രതിഷേധം നടത്തിയത്. കർഷകർക്ക് വേണ്ടി താൻ നടത്തിയ പോരാട്ടമാണ് തന്നെ സിപിഎമ്മിന്റെ നോട്ടപ്പുള്ളിയാക്കിയതെന്ന് ബസ് ഉടമ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്ന് ബസ് സർവീസ് നടത്താൻ ജീവനക്കാരാരും വന്നില്ല. തന്നെ തല്ലാൻ തയ്യാറാകുന്നവർ ജീവനക്കാരെ കൊല്ലാൻ വരെ ശ്രമിക്കും.

ജീവനക്കാർക്ക് പൊലീസ് സംരക്ഷണം ഏർപ്പെടുത്തണം. ഇതാണോ വ്യവസായ കേരളം, ഇങ്ങനെയാണോ നമ്പർ വൺ കേരളമെന്ന് പറയേണ്ടത്. ഇന്ന് പൊലീസുകാരോട് ചോദിച്ച ശേഷമാണ് താൻ കൊടി അഴിക്കാൻ പോയത്. തന്നെ പൊലീസുകാർ നോക്കിനിൽക്കെയാണ് ആക്രമിച്ചത്. ഇത് കോടതിയലക്ഷ്യമാണ്. അതിനാൽ നിയമപരമായി തന്നെ മുന്നോട്ട് പോകും. നാളെ ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജി നൽകും. കോടതി ഞങ്ങൾക്ക് പുല്ലാണെന്നാണ് അവർ പറഞ്ഞത്. ഗുണ്ടകളാണ് ആക്രമണത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News

ഹൈക്കോടതി ഉത്തരവ് കാറ്റിൽപ്പറത്തി: കോട്ടയം തിരുവാർപ്പിലെ ബസ് ഉടമയെ മർദ്ദിച്ച് സിപിഎം ജില്ലാ നേതാവ്

കർദിനാൾ ജോ‍ർജ് ആലഞ്ചേരിയെ അടക്കം ഇഡി ചോദ്യം ചെയ്യും, കളളപ്പണ ഇടപാട് തേടി നീക്കം