മാളയ്ക്ക് സമീപമുള്ള ഒരു കോഴി ഫാമിൽ നിന്നാണ് അസം സ്വദേശിയായ അമിത് ഉറാങ് പിടിയിലായത്. ഗാന്ധിനഗർ പൊലീസ് മാള പൊലീസിന്‍റെ സഹായത്തോടെ പുലർച്ചയാണ് പ്രതിയെ പിടികൂടിയത്. 

കോട്ടയം: കോട്ടയം തിരുവാതുക്കൽ വ്യവസായിയായ വിജയകുമാറിനെയും ഭാര്യ മീരയെയും കൊന്ന കേസിലെ പ്രതി പിടിയില്‍. മാളയ്ക്ക് സമീപമുള്ള ഒരു കോഴി ഫാമിൽ നിന്നാണ് അസം സ്വദേശിയായ അമിത് ഉറാങ് പിടിയിലായത്. ഗാന്ധിനഗർ പൊലീസ് മാള പൊലീസിന്‍റെ സഹായത്തോടെ പുലർച്ചയാണ് പ്രതിയെ പിടികൂടിയത്. അസം സ്വദേശികള്‍ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലത്ത് നിന്നാണ് പ്രതിയെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. പ്രതി വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന നിഗമനത്തിലാണ് പൊലീസ്.

അമിത് ഇന്നലെ രാത്രിയാണ് മാള ആലത്തൂരിലെത്തിയത്. ലൊക്കേഷൻ പിന്തുടർന്ന് എത്തിയ ഗാന്ധിനഗർ പൊലീസ് നാട്ടുകാരോട് ഫോട്ടോ കാണിച്ച് പ്രതിയെ അറിയുമോ എന്ന് അന്വേഷിച്ചു. രാവിലെ ചായ കുടിക്കാൻ പോയ പ്രതിയെ ഓട്ടോറിക്ഷ ഡ്രൈവർ തിരിച്ചറിഞ്ഞു. പിന്നാലെ എത്തി മുറിയിൽ നിന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആലത്തൂരിൽ കോഴി ഫാം നടത്തുന്ന ഗംഗാധരന്റെ ഉടമസ്ഥതയിലുള്ള താമസസ്ഥലത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. രാവിലെ ഏഴ് മണിയോടെയാണ് പ്രതിയെ പിടികൂടിയതെന്ന് ഗംഗാധരന്റെ സഹോദരൻ കൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഒമ്പതുമണിയോടെ പ്രതിയുമായി കോട്ടയത്തേക്ക് പൊലീസ് യാത്ര തിരിച്ചു.

Also Read:  കോട്ടയത്തെ ഇരട്ടക്കൊലപാതകം; കൊലപാതക കാരണം മുൻ വൈരാഗ്യം തന്നെ, പ്രതിയുടെ സഹോദരന്റെ പങ്കും അന്വേഷിക്കും

കോടാലിയിലെ ഫിംഗർ പ്രിന്റ് അമിതിന്റേത് തന്നെ

വിജയകുമാറിനെയും ഭാര്യ മീരയെയും കൊല്ലാൻ ഉപയോഗിച്ച കോടാലിയിലെ ഫിംഗർ പ്രിന്റ് അമിതിന്റേത് തന്നെയാണെന്ന് തെളിഞ്ഞിട്ടുണ്ട്. അമിത് മോഷണ കേസിൽ അറസ്റ്റിലായപ്പോൾ ശേഖരിച്ച ഫിംഗർ പ്രിന്റ്റും കോടലിയിലെ ഫിംഗർ പ്രിന്റ് മാച്ച് ചെയ്തു. വീടിന്റെ കതകിലും വീടിനുള്ളിലും അടക്കം വിവിധ സ്ഥലങ്ങളിൽ ഫിംഗർ പ്രിന്റ് പതിഞ്ഞിട്ടുണ്ട്. വിരലടയാള വിദഗ്ധരുടെ വിശദമായ പരിശോധനയിലാണ് ഇത് സ്ഥിരീകരിച്ചത്. ആസൂത്രിതമായി നടപ്പിലാക്കിയ കൊലപാതകമാണെന്നാണ് വിലയിരുത്തല്‍. കൊലപാതകം നടത്താൻ അമിത് ദിവസങ്ങൾ ആസൂത്രണം നടത്തിയെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. അതിക്രൂരമാണ് രീതിയിലായിരുന്നു കൊലപാതകം.

ഇക്കഴിഞ്ഞ ശനിയാഴ്ച മുതൽ അമിത് താമസിച്ചത് നഗരത്തിലെ ഒരു ലോഡ്ജിലാണ്. ഇതിനിടയിൽ പല തവണ വിജയകുമാറിന്റെ വീടിന്റെ പരിസരത്തെത്തി കാര്യങ്ങൾ നിരീക്ഷിച്ചു. തിങ്കളാഴ്ച രാവിലെ ലോഡ്ജിൽ നിന്ന് റൂം വെക്കറ്റ് ചെയ്തു. വൈകിട്ട് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തി പ്ലാറ്റഫോം ടിക്കറ്റ് എടുത്ത് അകത്തു കയറി. രാത്രിയോടെയാണ് കൊലപാതകം നടത്താൻ പോയത്. ലോഡ്ജിൽ നിന്ന് അമിത് പുറത്തേക്ക് വരുന്നതും റെയിൽവെ സ്റ്റേഷനിൽ പോകുന്നതിന്റെയും സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം