വിജയകുമാറിന്റെയും മീരയുടെയും മകൻ ഗൗതമിന്റെ മരണവുമായി ഈ കൊലപാതകത്തിന് ബന്ധം ഉള്ളതായി സ്ഥിരീകരണം ഇല്ലെന്നും പൊലീസ് അറിയിച്ചു.  

കോട്ടയം: തിരുവാതുക്കലിലെ ഇരട്ട കൊലപാതക കേസിൽ പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെന്ന് കോട്ടയം എസ്പി വ്യക്തമാക്കി. പ്രതിയെ ഉടൻ പിടികൂടുമെന്നും ഒരാൾ മാത്രമാണ് പ്രതിയെന്നാണ് പ്രാഥമിക നി​ഗമനമെന്നും പൊലീസ് വ്യക്തമാക്കി. ദമ്പതികളെ കൊലപ്പെടുത്താൻ ഉപയോഗിച്ച കോടാലി വിജയകുമാറിന്റെ വീട്ടിൽ നിന്ന് തന്നെയാണ് എടുത്തിട്ടുള്ളത്. വിജയകുമാറിന്റെയും മീരയുടെയും മകൻ ഗൗതമിന്റെ മരണവുമായി ഈ കൊലപാതകത്തിന് ബന്ധം ഉള്ളതായി സ്ഥിരീകരണം ഇല്ലെന്നും പൊലീസ് അറിയിച്ചു. ഇവിടെ മുന്‍പ് ജോലി ചെയ്തിരുന്ന അമിത് എന്നയാളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. 

ഇന്ന് രാവിലെയോടെയാണ് കോട്ടയത്ത് തിരുവാതുക്കലിൽ വ്യവസായിയായ വിജയകുമാറിനെയും ഭാര്യ മീരയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിലെ മുറിയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വീട്ടിലെ ജോലിക്കാരി രാവിലെ എത്തിയപ്പോഴാണ് രണ്ടു പേരെയും മരിച്ച നിലയിൽ കണ്ടത്. തുടര്‍ന്ന് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ദേഹത്ത് മുറിവേറ്റ പാടുകളടക്കമുള്ളതിനാൽ തന്നെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസ് നിഗമനം. രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹങ്ങള്‍. കൊലപാതകമാണെന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്. കോട്ടയത്തെ ഇന്ദ്രപ്രസ്ഥ എന്ന ഓ‍ഡിറ്റോറിയവും മറ്റു ബിസിനസ് സ്ഥാപനങ്ങളുടെയും ഉടമയാണ് മരിച്ച വിജയകുമാര്‍. 

അതേ സമയം, സംഭവത്തിൽ മോഷണ ശ്രമം നടന്നിട്ടില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. വീടിനുള്ളിൽ മോഷണം നടന്നതിന്റെ സൂചനയില്ല. അലമാരയോ ഷെൽഫുകളോ കുത്തിത്തുറന്നിട്ടില്ല. ആഭരണങ്ങളും നഷ്ടപ്പെട്ടിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ഏഴുവർഷം മുമ്പാണ് വിജയകുമാറിന്‍റെ മകൻ ഗൗതമിനെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മകന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന പരാതി വിജയകുമാറിനും കുടുംബത്തിനും ഉണ്ടായിരുന്നു. ഗൗതമിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം തുടങ്ങിയതിനു പിന്നാലെയാണ് ദമ്പതികൾ കൊല്ലപ്പെടുന്നത്.

2017 ജൂൺ 3 നാണ് മകന്‍റെ മരണം. വിജയകുമാറിന്‍റെ മകൻ ഗൗതമിന്‍റെ മരണത്തിൽ കഴിഞ്ഞ മാസം 21നാണ് സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. സിബിഐ എഫ്ഐആറിട്ട് കൃത്യം ഒരു മാസം പിന്നിടുമ്പോഴാണ് ദമ്പതികളുടെ കൊലപാതകം.

read also: തിരുവാതുക്കൽ ഇരട്ടക്കൊലപാതകം; അലമാരയോ ഷെൽഫോ കുത്തിത്തുറന്നിട്ടില്ല, മോഷണ ശ്രമം നടന്നിട്ടില്ലെന്ന് പൊലീസ്

read also: വിജയകുമാറിന്‍റെ മകന്‍റെ മരണവും ദുരൂഹം; കേസിൽ സിബിഐ എഫ്ഐആറിട്ട് കൃത്യം ഒരു മാസത്തിനുശേഷം ദമ്പതികളുടെ കൊലപാതകം

Pope Francis | Asianet News Live | Malayalam News Live | Kerala News | ഏഷ്യാനെറ്റ് ന്യൂസ്