Asianet News MalayalamAsianet News Malayalam

'മാപ്പർഹിക്കാത്ത തെറ്റ്', പ്രവാസിയുടെ ആത്മഹത്യയിൽ സർക്കാരിനോട് റിപ്പോർട്ട് തേടി ഹൈക്കോടതി

സംസ്ഥാനസർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിക്കുകയാണ് ഹൈക്കോടതി. അനുമതി നിഷേധിക്കപ്പെട്ടതിൽ മനം നൊന്ത് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തത് അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് പറയുന്നു ...

this is unpardonable says high court in anthoor nri business man suicide
Author
High Court of Kerala, First Published Jun 21, 2019, 12:23 PM IST

കൊച്ചി: കണ്ണൂർ ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഇത് അസ്വസ്ഥതയുണ്ടാക്കുന്ന മരണമെന്ന് പറഞ്ഞ ഹൈക്കോടതി സർക്കാരിനോട് റിപ്പോർട്ട് തേടി. അടുത്ത മാസം 15-നകം കേസിൽ റിപ്പോ‍ർട്ട് നൽകണമെന്നാണ് ഹൈക്കോടതി സംസ്ഥാനസർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഹൈക്കോടതി ചീഫ് ജസ്റ്റിസിന്‍റെ അധ്യക്ഷതയിലുള്ള ബഞ്ചാണ് ഇന്ന് ഹർജി പരിഗണിച്ചത്. ഈ മരണം കോടതിയെ അസ്വസ്ഥമാക്കുന്നു. അപേക്ഷകൾ സർക്കാരിന് മുന്നിൽ ഇങ്ങനെ കെട്ടിക്കിടക്കുമ്പോൾ അതിൽ മൗനം പാലിക്കുന്നത് മാപ്പർഹിക്കാത്ത കുറ്റമാണ്. മരിച്ചയാളെ കോടതിക്ക് തിരിച്ച് കൊണ്ടുവരാനാകില്ല. പക്ഷേ, ഇനിയെങ്കിലും സർക്കാർ ഇതിൽ ഉചിതമായ നടപടിയെടുക്കണം - ഹൈക്കോടതി പറഞ്ഞു.

ഇതിനൊപ്പം ആന്തൂർ നഗരസഭയിൽ സാജൻ അപേക്ഷ നൽകിയ ദിവസം മുതൽ ഉള്ള ഫയലുകളും രേഖകളും സാജന് നൽകിയ കുറിപ്പുകളും കത്തുകളും അടക്കം എല്ലാ രേഖകളും ഹൈക്കോടതിക്ക് മുമ്പാകെ സമർപ്പിക്കാനും ചീഫ് ജസ്റ്റിസ് നിർദേശിച്ചു. സംഭവത്തിൽ സർക്കാരിന്‍റെ ഭാഗത്ത് നിന്ന് തന്നെ വകുപ്പ് തല അന്വേഷണം വേണം. സർക്കാർ തന്നെ എല്ലാ വശങ്ങളും പുറത്തു കൊണ്ടുവരണം. 

അങ്ങനെയൊരു നടപടിയുണ്ടാകുമ്പോൾ മാത്രമേ സമൂഹത്തിന് ഇതിൽ എന്തെങ്കിലും ചെയ്തു എന്ന് തോന്നുകയുള്ളു. ഇത്തരം ആത്മഹത്യകൾ ഉണ്ടാകുന്നത് വ്യവസായ സംഭകർക്ക് തെറ്റായ സന്ദേശമാണ് നൽകുക. ഈ അവസ്ഥ തുടരുമ്പോൾ നിക്ഷേപകർക്ക് ദുരിതപൂർണമായ അവസ്ഥയുണ്ടാകും - കോടതി പറഞ്ഞു.

ഹ‍ർജിയിൽ സർക്കാരിന് വേണ്ടി ഹാജരായത് സ്റ്റേറ്റ് അറ്റോർണിയാണ്. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും ഭാവിയിൽ ഇത്തരം പ്രശ്നങ്ങളുണ്ടാകാതിരിക്കാനുള്ള എല്ലാ നടപടികളും ഉണ്ടാകുമെന്നും സ്റ്റേറ്റ് അറ്റോർണി കോടതിയെ അറിയിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഒരു ഏക ജാലക സംവിധാനം ഉണ്ടാകണം. അത്തരം നടപടികളാണ് സംസ്ഥാന സർക്കാർ സ്വീകരിച്ച് വരുന്നതെന്നും സർക്കാർ കോടതിയിൽ അറിയിച്ചു. 

എന്നാൽ കോടതി ഈ വിശദീകരണത്തിൽ തൃപ്തി രേഖപ്പെടുത്തിയില്ല. വാക്കാലുള്ള വിശദീകരണം പോരെന്നും, എന്താണ് സംഭവിച്ചതെന്ന് കോടതി നേരിട്ട് പരിശോധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് രേഖകൾ ഹാജരാക്കാനും റിപ്പോർട്ട് നൽകണമെന്നും കോടതി ആവശ്യപ്പെട്ടത്. 

15 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ഓഡിറ്റോറിയത്തിന്‌ പ്രവര്‍ത്തനാനുമതി നല്‍കാത്തതില്‍ മനംനൊന്താണ്‌ പ്രവാസി വ്യവസായിയായ കണ്ണൂര്‍ കൊറ്റാളി സ്വദേശി സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്‌തത്‌. നൈജീരിയയില്‍  ജോലി ചെയ്ത് മൂന്ന് വര്‍ഷം മുന്‍പ് നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് കണ്ണൂര്‍ ബക്കളത്ത്  സാജൻ ഓഡിറ്റോറിയം നിർമ്മാണം തുടങ്ങിയത്. 

തുടക്കം മുതല്‍ ഓഡിറ്റോറിയത്തിനെതിരെ നഗരസഭ പലവിധത്തിലുള്ള തടസ്സങ്ങള്‍ ഉന്നയിച്ചിരുന്നു. ഒരു ഘട്ടത്തില്‍ കെട്ടിടത്തിന്‍റെ ഒരു ഭാഗം പൊളിച്ച് നീക്കാന്‍ പോലും നഗരസഭാ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതില്‍ മനംനൊന്താണ്‌ പ്രവാസി ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് നാല് ഉദ്യോഗസ്ഥരെ വ്യാഴാഴ്ച സസ്പെന്‍റ് ചെയ്തിരുന്നു.

Follow Us:
Download App:
  • android
  • ios