ഇടുക്കി: തൊടുപുഴയിലെ ബാറിൽ ആക്രമണം നടത്തിയ ഡിവൈഎഫ്ഐ നേതാക്കളെ അഞ്ചു ദിവസം കഴിഞ്ഞിട്ടും പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഡിവൈഎഫ്ഐ മുതലക്കോടം പ്രസിഡൻറ്, സെക്രട്ടറി എന്നിവരുൾപ്പെടെ നാലുപേരാണ് ആക്രമണം നടത്തിയത്.

വെള്ളിയാഴ്ച പുലർച്ചെ ഒന്നേമുക്കാലോടെയാണ് തൊടുപുഴയിലെ ബാറിൽ നാലംഗ സംഘം ആക്രമണം നടത്തിയത്. അർധരാത്രിയിൽ മദ്യം നൽകാതിരുന്നതാണ് സംഭവത്തിന് കാരണമായത്. മർദ്ദനമേറ്റ ബാർ ജീവനക്കാരന്റെ പരാതിയിൽ ഡിവൈഎഫ്ഐ മുതലക്കോടം യൂണിറ്റ് പ്രസിഡന്റ് ജിത്തു ഷാജി, സെക്രട്ടറി മാത്യൂസ് കൊല്ലപ്പള്ളി ഇവർക്കൊപ്പമുണ്ടായിരുന്ന തെക്കുംഭാഗം സ്വദേശി ലിജോ, ഗോപീകൃഷ്ണൻ കെ എസ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ജിത്തു ഷാജിയെയും, മാത്യൂസ് കൊല്ലപ്പള്ളിയെും ഡിവൈഎഫ്ഐ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയിരുന്നു.

എന്നാൽ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അറസ്റ്റ് നീട്ടിക്കൊണ്ടു പോകുകയാണെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. തൊടുപുഴ ഏരിയാ കമ്മിറ്റി ഓഫീസാണ് പ്രതികൾക്ക് സംരക്ഷണം നൽകുന്നത്. ഇത് സിപിഎമ്മിന് അറിയാമെന്നും പാർട്ടി ഇതിൽ നിലപാടെയുക്കണമെന്നും കോൺ​ഗ്രസ് നേതാവ്  റോയ് കെ പൗലോസ് പറ‍ഞ്ഞു. ഒരു മാസം മുമ്പ് തൊടുപുഴയിലെ തിയേറ്ററിലും മാത്യൂസ് കൊല്ലപ്പള്ളിയുടെ നേതൃത്വത്തിൽ ആക്രമണം നടന്നിരുന്നു. അതേസമയം, പ്രതികൾ ഒളിവിലാണെന്നാണ് പൊലീസിന്റെ വിശദീകരണം. പ്രതികൾ ഒളിവിലാണെന്നും തിരച്ചിൽ ശക്തമാക്കിയിട്ടുണ്ടെന്നും തൊടുപുഴ ഡിവൈഎസ്പി കെ.പി. ജോസ് പറ‍ഞ്ഞു.