മജിസ്ട്രേറ്റ് കോടതിയാണ് അരുൺ ആനന്ദിനെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. അതേസമയം,കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

ഇടുക്കി: തൊടുപുഴയിൽ ഏഴ് വയസ്സുകാരനെ മർദ്ദിച്ച കേസിലെ പ്രതി അരുൺ ആനന്ദിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മുട്ടം ജൂഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് മൂന്നു ദിവസത്തെ കസ്റ്റഡി അനുവദിച്ചത്.

കുട്ടികളെ ക്രൂരമായി മർദ്ദിച്ചതും ലൈംഗിക പീഡനത്തിനിരയാക്കിയതും യുവതിയുടെ ആദ്യ ഭർത്താവ് ബിജുവിന്‍റെ മരണവുമുൾപ്പെടെയുള്ള കാര്യങ്ങളിൽ അരുണിനെ ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. അതേസമയം, കോലഞ്ചേരി മെഡിക്കൽ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ഏഴു വയസുകാരന്‍റെ നില ഏഴാം ദിവസവും ഗുരുതരമായി തുടരുകയാണ്.

കുട്ടിയുടെ തലച്ചോറിന്‍റെ പ്രവർത്തനം പൂർണമായും നിലച്ച നിലയിലാണ്. ഈ അവസ്ഥയില്‍ ഇനി അത്ഭുതങ്ങളൊന്നും പ്രതീക്ഷിക്കേണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. എന്നാലും മറ്റ് അവയവങ്ങള്‍ പ്രവർത്തിക്കുന്നതിനാല്‍ കുട്ടിയെ വെന്‍റിലേറ്ററില്‍ തുടരാന്‍ അനുവദിക്കാനാണ് തീരുമാനം.

കഴിഞ്ഞ ദിവസം അൽപ്പനേരത്തെക്ക് വെന്‍റിലേറ്റർ മാറ്റി നോക്കിയെങ്കിലും കുട്ടിക്ക് ശ്വാസം എടുക്കാൻ സാധിക്കില്ലെന്ന് കണ്ടതോടെ പുനസ്ഥാപിച്ചു. ട്യൂബ് വഴി ദ്രവരൂപത്തിലുള്ള ഭക്ഷണം കൂടുതലായി നൽകാൻ ശ്രമിക്കുന്നുണ്ട്.

വെന്‍റിലേറ്റർ മാറ്റിയാല്‍ കുട്ടിക്ക് അതിജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. രക്ത സമ്മർദം മരുന്നുകളുടെ സഹായത്തോടെയാണ് ഇപ്പോൾ നിലനി‍ർത്തുന്നത്. തലച്ചോറിലേക്കുള്ള രക്തയോട്ടം 90 ശതമാനവും നിലച്ച അവസ്ഥയിലാണ്. നിലവിലുള്ള ചികിത്സ തുടരാനാണ് മെഡിക്കൽ സംഘത്തിന്‍റെ നിർദ്ദേശം.