തൊടുപുഴ: തൊടുപുഴയിൽ മാധ്യമപ്രവർത്തകനെ ആക്രമിച്ച കേസിൽ ഏഴ് പേർ അറസ്റ്റിൽ. ജനയുഗം ലേഖകനെ ആക്രമിച്ച് പരിക്കേൽപ്പിച്ചതിന് കരിമണ്ണൂർ സ്വദേശികളാണ് പിടിയിലായത്. പ്രതികൾക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു.

ഇടുക്കി കരിമണ്ണൂർ സ്വദേശികളായ  ബിപിൻ, അജി, ഷെമന്‍റോ, ശ്യാം, ഷാജി, ഫ്ലമന്‍റ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവോണ ദിവസം രാത്രി വീട്ടിലേക്ക് പോകുന്നതിനിടെയാണ് ജനയുഗം ജില്ലാ ലേഖകൻ ജോമോൻ സേവ്യറിനെ പ്രതികൾ ക്രൂരമായി മർദ്ദിച്ചത്. വാഹനം ഓ‍വർടേക്ക് ചെയ്തതുമായി ബന്ധപ്പെട്ട് കരിമണ്ണൂരിൽ കാർ, ബൈക്ക് യാത്രികർ തമ്മിൽ സംഘർഷം നടക്കുന്നുണ്ടായിരുന്നു. ഇതറിയാതെ ഈ വഴി ബൈക്കിൽ വന്ന ജോമോനെ അക്രമി സംഘം മ‍ർദ്ദിക്കുകയായിരുന്നു. ജോമോന്‍റ് തലയ്ക്കാണ് പരിക്കേറ്റത്. മുഖത്ത് എട്ട് തുന്നലുകളുണ്ട്.

പിടിയിലായ പ്രതികളെല്ലാം 18നും 23നും ഇടയിൽ പ്രായമുള്ളവരാണ്. 12 അംഗ സംഘമാണ് ജോമോനെ ആക്രമിച്ചത്. ഇതിലെ അഞ്ച് പേരെ കൂടി കണ്ടെത്താനുണ്ട്. പ്രതികളെ മുഴുവൻ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പ്രദേശത്ത് മദ്യപസംഘങ്ങൾ രാത്രയിൽ സംഘടിക്കുന്നത് ഒഴിവാക്കാൻ പട്രോളിംഗ് ശക്തമാക്കുമെന്നും പൊലീസ് അറിയിച്ചു.