കൊച്ചി: കഴിഞ്ഞ ദിവസം അന്തരിച്ച എൻസി പി സംസ്ഥാന പ്രസിഡന്‍റും മുൻ മന്ത്രിയും എംഎൽഎയുമായിരുന്ന തോമസ് ചാണ്ടിയുടെ മൃതദേഹo ജന്മദേശമായ ആലപ്പുഴയിലേക്ക്  കൊണ്ടുപോയി. വിലാപയാത്രയായാണ് കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ നിന്നും ആലപ്പുഴയിലേക്ക് കൊണ്ടുപോയത്. നേതാക്കളും പ്രവര്‍ത്തകരും അടക്കം നിരവധി പേരാണ് വിലാപയാത്രയെ അനുഗമിക്കുന്നത്. 

ടി പി പീതാംബരൻ, എകെ ശശീന്ദ്രൻ തുടങ്ങി മുതിർന്ന നേതാക്കൾ വിലാപയാത്രയെ അനുഗമിക്കുന്നുണ്ട്. മന്ത്രി ഇപി ജയരാജൻ മുൻ മന്ത്രി കെ ബാബു , മാണി സി കാപ്പൻ എന്നിവരും നിരവധി പ്രവർത്തകരും കൊച്ചിയിലെത്തി അന്തിമോപചാരം അർപ്പിച്ചിരുന്നു.

ഉച്ചക്ക് മൂന്ന് മണിമുതൽ ആലപ്പുഴ ടൗൺഹാളിൽ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. ആലപ്പുഴയിൽ പൊതു ദർശനത്തിന് വെച്ച ശേഷം വൈകിട്ടോടെ മൃതദ്ദേഹം കുട്ടനാട്ടിലെ വീട്ടിലെത്തിക്കും. നാളെ ഉച്ചക്ക് രണ്ട് മണിക്ക് സെന്റ് പോൾസ് മാര്‍ത്തോമ്മ പള്ളി സെമിത്തേരിയിലാണ് സംസ്കാര ചടങ്ങുകൾ തീരുമാനിച്ചിട്ടുള്ളത്. 

അര്‍ബുദ ബാധിതനായി ഏറെ നാളായി ചികിത്സയിൽ കഴിഞ്ഞ തോമസ് ചാണ്ടി വെള്ളിയാഴ്ചയാണ് മരിച്ചത്. കൊച്ചിയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം.

തുടര്‍ന്ന് വായിക്കാം: കുട്ടനാട് കീഴടക്കിയ കുവൈത്ത് ചാണ്ടി...