കോട്ടയം: പാലാ ഉപതെ‍രഞ്ഞെടുപ്പിൽ യുഡിഎഫിന് ഒറ്റ സ്ഥാനാർത്ഥിയെ ഉള്ളുവെന്ന് തോമസ് ചാഴിക്കാടൻ. പാലായിലെ യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോം മാത്രമാണ് അക്കാര്യം യുഡിഎഫ് നേതൃത്വം ഉറപ്പ് നൽകിയിട്ടുണ്ടെന്നും ചാഴിക്കാടൻ പറഞ്ഞു.

പാലായിലെ ജനങ്ങളുടെ മനസ് വേദനിച്ചിട്ടുണ്ട്. അത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. തന്റെ സ്ഥാനാർത്ഥിത്വം വന്നപ്പോഴും ഇതേ ആളുകൾ എതിർത്തിരുന്നുവെന്നും  ചാഴിക്കാടൻ പറഞ്ഞു.

അതേസമയം, രണ്ടിലച്ചിഹ്നത്തിന് ജോസ് കെ മാണി വിഭാഗത്തിന്‍റെ സ്ഥാനാർത്ഥി ജോസ് ടോം പുലിക്കുന്നേൽ അവകാശവാദം ഉന്നയിച്ചാൽ എതിർക്കുമെന്ന് ജോസഫിന്‍റെ വിമത സ്ഥാനാർത്ഥി ജോസഫ് കണ്ടത്തിൽ പറഞ്ഞു. നാമനിർദേശപത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കാനിരിക്കെയാണ് ജോസഫ് കണ്ടത്തിലിന്റെ പ്രസ്താവന.

കേരളാ കോൺഗ്രസ് സ്ഥാനാർത്ഥിയായി ജോസ് ടോമിനെ അംഗീകരിക്കില്ലെന്നാണ് ജോസഫ് കണ്ടത്തിൽ പറയുന്നത്. ജോസ് ടോം യുഡിഎഫ് സ്വതന്ത്രനായി വരട്ടെ. അങ്ങനെയെങ്കിൽ മാത്രമേ പത്രിക പിൻവലിക്കൂ എന്നും ജോസഫ് കണ്ടത്തിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

രണ്ടില തര്‍ക്കത്തില്‍ കേരള കോൺഗ്രസ് എമ്മിലെ ജോസ് - ജോസഫ് പക്ഷങ്ങള്‍ക്ക് നിര്‍ണായകമാണ് ഇന്നത്തെ സൂക്ഷ്മ പരിശോധന. ചിഹ്നം ആവശ്യപ്പെട്ട് ജോസ് കെ മാണി പക്ഷം നേതാവ് സ്റ്റീഫൻ ജോര്‍ജ്ജാണ് ഫോം എയും ബിയും ഒപ്പിട്ട് സമര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ കേരളാ കോണ്‍ഗ്രസ് ഭരണഘടന പ്രകാരം ചെയര്‍മാന്‍റെ അസാന്നിധ്യത്തില്‍ ചിഹ്നം നല്‍കാനുള്ള അധികാരം വർക്കിംഗ് ചെയര്‍മാനാണെന്ന് ജോസഫ് പക്ഷം ചൂണ്ടിക്കാണിക്കും.