തിരുവനന്തപുരം: അപ്രതീക്ഷിതമായി ജീവിതം സ്തംഭിച്ചുപോയ പാവങ്ങള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയില്‍ നിന്ന് എന്തെങ്കിലും ആശ്വാസം പ്രതീക്ഷിച്ചത് വെറുതെയായെന്ന് സംസ്ഥാന ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക്. മൂന്നാഴ്ചക്കാലം ഒരു ജോലിക്കും പോകാനാവാതെ വീട്ടില്‍ തളച്ചിടപ്പെട്ട കോടിക്കണക്കിന് ദിവസക്കൂലിക്കാര്‍ക്ക് കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഒരു ദയയും ലഭിച്ചില്ലെന്നും തോമസ് ഐസക്ക് ഫേസ്ബുക്ക് കുറിപ്പില്‍ വിമര്‍ശിച്ചു.

അവരെങ്ങനെ ഭക്ഷണം കഴിക്കുമെന്നോ ജീവിതം നിലനിര്‍ത്തുമെന്നോ ഒരു വേവലാതിയും കേന്ദ്രം ഭരിക്കുന്നവര്‍ക്കില്ല. പകര്‍ച്ചവ്യാധിയെ നേരിടാന്‍ ലോക്‌ഡൌണ്‍ അനിവാര്യമാണ്. എത്രത്തോളം ദിവസം പുറത്തിറങ്ങാതെ കഴിയാമോ, അത്രയും പകര്‍ച്ചവ്യാധിയുടെ വ്യാപ്തിയും കുറയും. അക്കാര്യത്തിലൊന്നും ആര്‍ക്കും അഭിപ്രായവ്യത്യാസമില്ല.

കൊറോണയെ തടയണമെങ്കില്‍ അതു പടരുന്ന വഴികള്‍ തകര്‍ക്കുകയാണു ചെയ്യേണ്ടതെന്നും സാമൂഹിക അകലം പാലിക്കുകയെന്നത് ഓരോ പൗരനും ബാധകമാണെന്നും. കുടുംബത്തിലെ എല്ലാവരും ഇതു പിന്തുടരണമെന്നുമുള്ള പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശങ്ങള്‍ കേരളവും സര്‍വാത്മനാ പിന്തുണയ്ക്കുന്നു. എന്നാല്‍ സമ്പൂര്‍ണ ലോക്‌ഡൌണിന്റെ മൂന്നാഴ്ചക്കാലം അന്നന്നത്തെ വരുമാനം കൊണ്ട് ജീവിക്കുന്നവര്‍ എങ്ങനെ അതിജീവിക്കണമെന്നതു കൂടി സര്‍ക്കാരിന്റെ ആലോചനാവിഷയമാകണമെന്ന് തോമസ് ഐസക്ക് ആവശ്യപ്പെട്ടു.

കേന്ദ്രധനമന്ത്രിയുടെ പത്രസമ്മേളനത്തില്‍ കാര്യമായൊന്നും പറയാതിരുന്നപ്പോള്‍ എല്ലാവരും പ്രധാനമന്ത്രിയുടെ വാക്കുകള്‍ക്ക് കാതോര്‍ത്തു. വലിയൊരു ആശ്വാസപദ്ധതി തങ്ങള്‍ക്കായി ഒരുങ്ങുന്നുണ്ടെന്ന് ചിലരെങ്കിലും കിനാവു കണ്ടു കാണും. ഒരു വാചകം ഇതേക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞില്ല. പാവപ്പെട്ടവന്റെ ഇത്തരം പ്രതീക്ഷകളെ ക്രൂരമായ നിസംഗതയോടെ അവഗണിക്കാന്‍ അധികാരം പ്രയോഗിക്കുന്നതിലാണോ നമ്മുടെ പ്രധാനമന്ത്രിയടക്കമുള്ളവര്‍ ആനന്ദം കണ്ടെത്തുന്നത്.

ഇന്ത്യയിലെ ആരോഗ്യ ബജറ്റിലേയ്ക്ക് 15000 കോടി രൂപ കൂടുതലായി അനുവദിക്കുമെന്നാണോ പ്രധാനമന്ത്രി പറഞ്ഞത്? അതോ ബജറ്റില്‍ നിന്ന് അനുവദിക്കുമോ എന്നുപോലും വ്യക്തമല്ല. ഒരു സാമ്പത്തിക സഹായവും പാവങ്ങള്‍ക്കു നല്‍കാതെയാണ് ഇന്ത്യ മൂന്നാഴ്ചത്തെ ലോക്‌ഡൌണിലേയ്ക്കു പോകുന്നത്. ഇക്കാര്യങ്ങള്‍ ആലോചിക്കാന്‍ കമ്മിറ്റിയുണ്ടാക്കിയിട്ടുണ്ട് എന്നാണ് കേള്‍ക്കുന്നത്. കോര്‍പറേറ്റുകള്‍ക്ക് ഒന്നര ലക്ഷം കോടിയുടെ ഇളവുകള്‍ പ്രഖ്യാപിച്ചത് ഏതു കമ്മിറ്റിയില്‍ ആലോചിച്ചിട്ടാണ്? ഒരു കമ്മിറ്റിയും ആലോചിച്ചിട്ടില്ലെന്നും തോമസ് ഐസക്ക് കുറിച്ചു.

തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

അപ്രതീക്ഷിതമായി ജീവിതം സ്തംഭിച്ചുപോയ പാവങ്ങൾ ഇന്ത്യൻ പ്രധാനമന്ത്രിയിൽ നിന്ന് എന്തെങ്കിലും ആശ്വാസം പ്രതീക്ഷിച്ചത് വെറുതെയായി. മൂന്നാഴ്ചക്കാലം ഒരു ജോലിയ്ക്കും പോകാനാവാതെ വീട്ടിൽ തളച്ചിടപ്പെട്ട കോടിക്കണക്കിന് ദിവസക്കൂലിക്കാർക്ക് കേന്ദ്രസർക്കാരിൽ നിന്ന് ഒരു ദയയുമില്ല. അവരെങ്ങനെ ഭക്ഷണം കഴിക്കുമെന്നോ ജീവിതം നിലനിർത്തുമെന്നോ ഒരു വേവലാതിയും കേന്ദ്രം ഭരിക്കുന്നവർക്കില്ല.

പകർച്ചവ്യാധിയെ നേരിടാൻ ലോക്ഡൌൺ അനിവാര്യമാണ്. എത്രത്തോളം ദിവസം പുറത്തിറങ്ങാതെ കഴിയാമോ, അത്രയും പകർച്ചവ്യാധിയുടെ വ്യാപ്തിയും കുറയും. അക്കാര്യത്തിലൊന്നും ആർക്കും അഭിപ്രായവ്യത്യാസമില്ല. നേരത്തെ എഴു ജില്ലകളിലാണ് ലോക്ഡൌൺ ചെയ്യാൻ കേന്ദ്രം ആവശ്യപ്പെട്ടത്. എന്നാൽ, എല്ലാ ജില്ലകളിലും അത് വ്യാപിപ്പിച്ച് കേരളം ആ ആശയത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

കൊറോണയെ തടയണമെങ്കിൽ അതു പടരുന്ന വഴികൾ തകർക്കുകയാണു ചെയ്യേണ്ടതെന്നും സാമൂഹിക അകലം പാലിക്കുകയെന്നത് ഓരോ പൗരനും ബാധകമാണെന്നും. കുടുംബത്തിലെ എല്ലാവരും ഇതു പിന്തുടരണമെന്നുമുള്ള പ്രധാനമന്ത്രിയുടെ നിർദ്ദേശങ്ങൾ കേരളവും സർവാത്മനാ പിന്തുണയ്ക്കുന്നു. കൊറോണയെ നേരിടാൻ മറ്റു വഴികളില്ല. രോഗികൾ മാത്രമല്ല സാമൂഹിക അകലം പാലിക്കേണ്ടത്. ഈ ഘട്ടം അതിജീവിക്കേണ്ടത് ഓരോ പൌരന്റെയും ചുമതലയാകുമ്പോൾ മാത്രമാണ് വൈറസ് ഭീതിയിൽ നിന്ന് രാജ്യം മുക്തമാവുക.

എന്നാൽ സമ്പൂർണ ലോക്ഡൌണിന്റെ മൂന്നാഴ്ചക്കാലം അന്നന്നത്തെ വരുമാനം കൊണ്ട് ജീവിക്കുന്നവർ എങ്ങനെ അതിജീവിക്കണമെന്നതു കൂടി സർക്കാരിന്റെ ആലോചനാവിഷയമാകണം. കേരളം ദീർഘവീക്ഷണത്തോടെ ഇക്കാര്യത്തിൽ ക്രിയാത്മകമായ പദ്ധതി തയ്യാറാക്കി. അത്യാവശ്യമൊരു തുക ജനങ്ങളുടെ കൈകളിലെത്തിക്കാൻ നടപടിയും തുടങ്ങി.

ഇക്കാര്യത്തിൽ കേന്ദ്രം എന്താണ് ചെയ്യാൻ പോകുന്നത്. കേന്ദ്രധനമന്ത്രിയുടെ പത്രസമ്മേളനത്തിൽ കാര്യമായൊന്നും പറയാതിരുന്നപ്പോൾ എല്ലാവരും പ്രധാനമന്ത്രിയുടെ വാക്കുകൾക്ക് കാതോർത്തു. വലിയൊരു ആശ്വാസപദ്ധതി തങ്ങൾക്കായി ഒരുങ്ങുന്നുണ്ടെന്ന് ചിലരെങ്കിലും കിനാവു കണ്ടു കാണും. ഒരു വാചകം ഇതേക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞില്ല. പാവപ്പെട്ടവന്റെ ഇത്തരം പ്രതീക്ഷകളെ ക്രൂരമായ നിസംഗതയോടെ അവഗണിക്കാൻ അധികാരം പ്രയോഗിക്കുന്നതിലാണോ നമ്മുടെ പ്രധാനമന്ത്രിയടക്കമുള്ളവർ ആനന്ദം കണ്ടെത്തുന്നത്. ഈ സാഡിസമാണ് കൊറോണയെക്കാൾ രാജ്യത്തിന് മാരകമാവുക എന്ന് പറയേണ്ടി വന്നതിൽ ഖേദിക്കുന്നു.

ഇന്ത്യയിലെ ആരോഗ്യ ബജറ്റിലേയ്ക്ക് 15000 കോടി രൂപ കൂടുതലായി അനുവദിക്കുമെന്നാണോ പ്രധാനമന്ത്രി പറഞ്ഞത്? അതോ ബജറ്റിൽ നിന്ന് അനുവദിക്കുമോ എന്നുപോലും വ്യക്തമല്ല. എൻഎച്ച്എമ്മിന്റെ വിഹിതം വർദ്ധിപ്പിക്കുമോ, സംസ്ഥാനങ്ങൾക്ക് കൂടുതൽ ഭക്ഷ്യധാന്യങ്ങൾ എത്തിക്കുമോ, സംസ്ഥാനങ്ങൾക്ക് കൂടുതൽ വായ്പയെടുക്കാൻ സ്വാതന്ത്ര്യം നൽകുമോ.. ഇതൊന്നും കേന്ദ്ര ഭരണാധികാരികളുടെ ആലോചനയിൽപ്പോലുമില്ല.

പകർച്ചവ്യാധിയുടെ പിടിയിലായ ഏതാണ്ടെല്ലാ രാജ്യങ്ങളും സാമ്പത്തിക ഉത്തേജക പാക്കേജുകൾ പ്രഖ്യാപിച്ചു. അമേരിക്ക പ്രഖ്യാപിക്കാൻ പോകുന്നത് ഏതാണ്ട് 80 ലക്ഷം കോടി രൂപയുടെ പാക്കേജാണ്. ഇതുപോലെ ഓരോ രാജ്യങ്ങളും ഭീമമായ തുകകൾ പ്രഖ്യാപിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോഴാണ് ഒരു സാമ്പത്തിക സഹായവും പാവങ്ങൾക്കു നൽകാതെ ഇന്ത്യ മൂന്നാഴ്ചത്തെ ലോക്ഡൌണിലേയ്ക്കു പോകുന്നത്.

ഇക്കാര്യങ്ങൾ ആലോചിക്കാൻ കമ്മിറ്റിയുണ്ടാക്കിയിട്ടുണ്ട് എന്നാണ് കേൾക്കുന്നത്. കോർപറേറ്റുകൾക്ക് ഒന്നര ലക്ഷം കോടിയുടെ ഇളവുകൾ പ്രഖ്യാപിച്ചത് ഏതു കമ്മിറ്റിയിൽ ആലോചിച്ചിട്ടാണ്? ഒരു കമ്മിറ്റിയും ആലോചിച്ചിട്ടില്ല. ജീവിതത്തിൽ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന പാവങ്ങൾക്ക് സഹായം കൊടുക്കാൻ കമ്മിറ്റിയും ആലോചനകളും ചർച്ചകളും.

പാവങ്ങൾക്ക് പത്തു പൈസ കൊടുക്കാൻ മനസില്ലാത്ത ഈ സമീപനം രാജ്യത്തെ സമ്പൂർണ തകർച്ചയിലേയ്ക്കു കൊണ്ടുപോകും. ഈ നയം തിരുത്തിയേ മതിയാകൂ. അതിനാവശ്യമായ സമ്മർദ്ദം രാജ്യവ്യാപകമായി ഉയർന്നുവരണം.