തിരുവനന്തപുരം: ജിഎസ്ടിക്ക് മേൽ സെസ് ഏർപെടുത്താനുള്ള കേന്ദ്ര നീക്കം തെറ്റാണെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക് അഭിപ്രായപ്പെട്ടു. കേരളം അതിനെ അനുകൂലിക്കില്ല. കൊവിഡ് കാലം കഴിഞ്ഞ് നികുതിയെക്കുറിച്ച് ആലോചിക്കാമെന്നും മന്ത്രി പറഞ്ഞു.

ജിഎസ്ടിക്ക് മേൽ സെസ് ഏർപ്പെടുത്തുന്നതു സംബന്ധിച്ച് നേരത്തെയും ജിഎസ്ടി കൗൺസിൽ ചർച്ച നടത്തിയിരുന്നു. അന്ന് സംസ്ഥാനങ്ങളെല്ലാം എതിർത്തു. പ്രളയ സെസുമായി ഇതിനെ താരതമ്യപ്പെടുത്തരുത്. ഇത് ജനങ്ങളുടെ മേൽ അധികഭാരം അടിച്ചേൽപ്പിക്കലാണ്. അധികനികുതി വരുമാനം ഉണ്ടാകുമെന്ന് പറയാനാകില്ല. റിസർവ് ബാങ്കിൽ നിന്ന് പണമെടുത്ത് കൂടുതൽ സംസ്ഥാനങ്ങൾക്ക് നൽകുക എന്നതാണ് കേന്ദ്രത്തിന് ചെയ്യാനാക്കുക. സെസ് ഏർപ്പെടുത്തൽ തീരുമാനം നടപ്പാകാനിടയില്ലെന്നും സംസ്ഥാനങ്ങളുടെ ഭൂരിപക്ഷം അതിന് ലഭിക്കില്ലെന്നും മന്ത്രി പറഞ്ഞു. 

സംസ്ഥാനത്തിന്റെ ധനസ്ഥിതി അനുസരിച്ച് 40% നികുതി വരുമാനം ഇക്കുറി കിട്ടും. റവന്യു വരുമാനത്തിനു വേണ്ടി മദ്യശാലകൾ തുറക്കേണ്ട കാര്യമില്ല. ബെവ്കോ ആപ്പ് നിർമ്മാണം സ്റ്റാർട്ട് അപ്പിനെ ഏൽപ്പിച്ചതിൽ തെറ്റില്ല. സ്റ്റാർട്ട് അപ്പുകളെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. അതിൽ എന്താണ് കുഴപ്പമെന്ന് മനസിലായില്ലെന്നും തോമസ് ഐസക് പറഞ്ഞു.