Asianet News MalayalamAsianet News Malayalam

'ആ 5500 കോടി, ഇതെങ്കിലും വാങ്ങുന്നതിന് സർക്കാരിനൊപ്പം നിലപാട് എടുത്തുകൂടേ?'; പ്രതിപക്ഷ നേതാവിനോട് തോമസ് ഐസക്ക്

സംസ്ഥാനത്തിന്റെ ധനപ്രതിസന്ധിക്ക് കാരണം കേന്ദ്ര സര്‍ക്കാരിന്റെ കുത്തിത്തിരിപ്പാണ്. ഇതു മറച്ചുവയ്ക്കാന്‍ കള്ള പ്രചാരണവുമായിട്ട് യുഡിഎഫും ബിജെപിയും ഒരുമിച്ച് ഇറങ്ങിയിരിക്കുകയാണെന്ന് തോമസ് ഐസക്ക്. 

thomas isaac against vd satheesan joy
Author
First Published Sep 17, 2023, 8:14 PM IST

തിരുവനന്തപുരം: സംസ്ഥാനത്തിന് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് കുടിശികയായി ലഭിക്കാനുള്ള 5500 കോടി രൂപ വാങ്ങുന്നതിന് കേരള സര്‍ക്കാരിനൊപ്പം നിലപാട് എടുത്തുകൂടേയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനോട് മുന്‍മന്ത്രി തോമസ് ഐസക്ക്. സംസ്ഥാനത്തിന്റെ ധനപ്രതിസന്ധിക്ക് കാരണം കേന്ദ്ര സര്‍ക്കാരിന്റെ കുത്തിത്തിരിപ്പാണ്. ഇതു മറച്ചുവയ്ക്കാന്‍ കള്ള പ്രചാരണവുമായിട്ട് യുഡിഎഫും ബിജെപിയും ഒരുമിച്ച് ഇറങ്ങിയിരിക്കുകയാണ്. വി.ഡി സതീശന്റെ അടിയന്തിരപ്രമേയ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ പ്രചാരണം നല്‍കിയിട്ടുള്ളത് ബിജെപിയുടെ സോഷ്യല്‍ മീഡിയയാണെന്നും തോമസ് ഐസക്ക് പറഞ്ഞു. 

തോമസ് ഐസക്കിന്റെ കുറിപ്പ്: കേരളത്തിന്റെ ധനപ്രതിസന്ധിക്കു കാരണം കേന്ദ്ര സര്‍ക്കാരിന്റെ കുത്തിത്തിരിപ്പാണ്. ഇതു മറച്ചുവയ്ക്കാന്‍ കള്ള പ്രചാരണവുമായിട്ട് യുഡിഎഫും ബിജെപിയും ഒരുമിച്ച് ഇറങ്ങിയിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് ശ്രീ. വി.ഡി. സതീശന്റെ അടിയന്തിരപ്രമേയ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ പ്രചാരണം നല്‍കിയിട്ടുള്ളത് ബിജെപിയുടെ സോഷ്യല്‍ മീഡിയയാണ്. അവര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് കേരളത്തോടു വിവേചനമില്ലെന്നും ഏറ്റവും ഉയര്‍ന്ന റവന്യു കമ്മി ഗ്രാന്റ് കേരളത്തിനാണു ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞ കാര്യമാണ്.

കേരളത്തിന് 53,000 കോടി രൂപ റവന്യു ഡെഫിസിറ്റ് ഗ്രാന്റ് കിട്ടി. ഇതു മറ്റെല്ലാ സംസ്ഥാനങ്ങളേക്കാള്‍ ഉയര്‍ന്നതാണ്. നികുതി വിഹിതം പോലെ ഇതും കേന്ദ്ര സര്‍ക്കാരിന്റെ എന്തെങ്കിലും ഔദാര്യമല്ല. ഫിനാന്‍സ് കമ്മീഷന്റെ തീര്‍പ്പാണ്. കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് ഇത്തരത്തില്‍ സംസ്ഥാനങ്ങള്‍ക്കൊന്നിനും റവന്യു കമ്മി നികത്താന്‍ പ്രത്യേക ഗ്രാന്റ് നല്‍കേണ്ടതില്ലായെന്നാണ്. 15-ാം ഫിനാന്‍സ് കമ്മീഷനു നല്‍കിയ പരിഗണനാ വിഷയങ്ങളില്‍ ഏറ്റവും പ്രതിഷേധമുണ്ടാക്കിയ വിഷയം ഇതു സംബന്ധിച്ചായിരുന്നു. ഇനി റവന്യു ഡെഫിസിറ്റ് ഗ്രാന്റ് തുടരേണ്ടതുണ്ടോയെന്നു പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഫിനാന്‍സ് കമ്മീഷനോട് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച വാക്കുകള്‍ വായിക്കുന്ന ആര്‍ക്കും സന്ദേശം വളരെ വ്യക്തമായിരുന്നു. റവന്യു ഡെഫിസിറ്റ് ഗ്രാന്റ് തുടരേണ്ടതില്ല.

ഈ പരിഗണനാ വിഷയത്തിനെതിരെ പടനയിച്ചത് കേരള സര്‍ക്കാര്‍ ആയിരുന്നു. 15-ാം ധനകാര്യ കമ്മീഷന്‍ 1971-ലെ ജനസംഖ്യയ്ക്കു പകരം 2011-ലെ ജനസംഖ്യ മാനദണ്ഡമായി സ്വീകരിച്ചതും വലിയ പ്രതിഷേധം ഉയര്‍ത്തിയ മറ്റൊരു വിഷയമായിരുന്നു. 15-ാം ധനകാര്യ കമ്മീഷനിലെ പരിഗണനാ വിഷയങ്ങളില്‍ പ്രകടമായിരുന്ന ഫെഡറല്‍ വിരുദ്ധ ചിന്താഗതികള്‍ക്കെതിരെ കേരള സര്‍ക്കാര്‍ മുന്‍കൈയെടുത്ത് തിരുവനന്തപുരം, പുതുശേരി, വിജയവാഡ, ഡല്‍ഹി എന്നിവിടങ്ങളില്‍ സെമിനാറുകള്‍ സംഘടിപ്പിച്ചു. കോണ്‍ഗ്രസ് ധനമന്ത്രിമാരും ഈ സെമിനാറുകളില്‍ പങ്കെടുത്തിട്ടുണ്ട്. ഇതു സംബന്ധിച്ച് അന്നത്തെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുമായും കേന്ദ്രത്തിലെ കോണ്‍ഗ്രസ് നേതാക്കളുമായും പലവട്ടം സംസാരിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ സെമിനാര്‍ ഉദ്ഘാടനം ചെയ്തത് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് ആയിരുന്നു. 

തമിഴ്‌നാട്ടില്‍ ജനസംഖ്യാ മാനദണ്ഡത്തില്‍ വരുത്തിയ മാറ്റം വലിയ രാഷ്ട്രീയ പ്രശ്‌നമായി. അങ്ങനെയാണ് ഒരു ഒത്തുതീര്‍പ്പെന്ന നിലയില്‍ റവന്യു കമ്മി നികത്താനുള്ള ഗ്രാന്റ് പുനസ്ഥാപിച്ചത്. കേരളത്തിന് 53,000 കോടി രൂപ അനുവദിച്ചെങ്കിലും അതിന്റെ പകുതി ആദ്യവര്‍ഷവും പിന്നീടുള്ള രണ്ട് വര്‍ഷങ്ങളില്‍ കുത്തനെ കുറഞ്ഞ് നാലാം വര്‍ഷംകൊണ്ട് ഇല്ലാതാകുന്ന ശുപാര്‍ശയാണ് ഫിനാന്‍സ് കമ്മീഷന്‍ സമര്‍പ്പിച്ചത്. അങ്ങനെ 2023-ല്‍ കേരളത്തിന് ഈ ഗ്രാന്റ് ലഭിക്കുന്നത് അവസാനിച്ചു. അപ്പോഴാണ് ശ്രീ. വി.ഡി. സതീശന്‍ മൂന്നുവര്‍ഷം മുമ്പു ലഭിച്ച ഗ്രാന്റിന്റെ കണക്കുമായി വരുന്നത്! ശ്രീ. വി.ഡി. സതീശന്‍ ഉത്തരം പറയേണ്ടുന്ന ചോദ്യങ്ങള്‍ ഇവയാണ് - റവന്യു കമ്മി ഗ്രാന്റ് ഇപ്പോള്‍ കേരളത്തിനു ലഭിക്കുന്നുണ്ടോ? 2022-ല്‍ കേന്ദ്രത്തില്‍ നിന്നും ലഭിച്ചതിനേക്കാള്‍ കുറഞ്ഞ സഹായമല്ലേ 2023-ല്‍ ലഭിച്ചത്? അതിനേക്കാള്‍ കുറവല്ലേ ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്? സംസ്ഥാനത്തിന് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് 5500 കോടി രൂപ കുടിശികയായി ലഭിക്കാനില്ലേ? ഇതെങ്കിലും വാങ്ങുന്നതിന് കേരള സര്‍ക്കാരിനോടൊപ്പം നിലപാട് എടുത്തുകൂടേ?.

  'ഇന്ത്യ' സഖ്യത്തിൽ സമിതികൾക്ക് അടിസ്ഥാനമില്ല: സീതാറാം യെച്ചൂരി 
 

Follow Us:
Download App:
  • android
  • ios