എല്ലാ ആവശ്യവും അംഗീകരിക്കാൻ  കഴിയില്ല. തസ്തിക സൃഷ്ടിക്കൽ പ്രായോഗികമല്ല. സി പി ഒ ലിസ്റ്റ് കാലാവധി അവസാനിച്ചതാണ് എന്നും ധനമന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ ഉദ്യോ​ഗാർത്ഥികളുടെ സമരം രാഷ്ട്രീയമാണെന്നാവർത്തിച്ച് ധനമന്ത്രി തോമസ് ഐസക്. ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടിക നീട്ടിയിട്ടുണ്ട്. എല്ലാ ആവശ്യവും അംഗീകരിക്കാൻ കഴിയില്ല. തസ്തിക സൃഷ്ടിക്കൽ പ്രായോഗികമല്ല. സി പി ഒ ലിസ്റ്റ് കാലാവധി അവസാനിച്ചതാണ് എന്നും ധനമന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ഇന്നത്തെ മന്ത്രി സഭ യോഗം നിരാശാജനകമാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചു. സർക്കാർ യുവതി യുവാക്കളെ വഞ്ചിച്ചു. മുഖ്യമന്ത്രിക്ക് എന്തിനാണ് ഇത്ര വൈരാഗ്യ ബുദ്ധി. രാത്രിയുടെ മറവിൽ ഡി വൈ എഫ് ഐ ക്കാരെ കൊണ്ട് വന്ന് ചർച്ച നടത്താൻ നോക്കി. ബുധനാഴ്ച വീണ്ടും മന്ത്രിസഭ യോഗം ചേരുന്നെങ്കിൽ ഉദ്യോഗാർത്ഥികളുടെ ആവശ്യം പരിഗണിക്കണം. ഉദ്യോഗാർത്ഥികളുടെ പ്രശ്നം പഠിക്കാൻ മാത്യു കുഴൽനാടനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. 

സെക്രട്ടേറിയറ്റിന് മുന്നിലെ റാങ്ക് ഹോൾഡേഴ്സിന്‍റെ സമരം ഇരുപത്തിയൊന്നാം ദിവസവും തുടരുകയാണ്. സമരം കടുപ്പിക്കുകയാണ് ഉദ്യോ​ഗാർത്ഥികൾ. ഇന്ന് മുട്ടിലിഴഞ്ഞ് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധിക്കുകയാണ്. രാഷ്ട്രീയമല്ല, അർഹമായ തൊഴിലിന് വേണ്ടിയുള്ള സമരമെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു. മുട്ടിലിഴഞ്ഞ് പ്രതിഷേധിക്കുന്നതിനിടെ ഉദ്യോഗാർത്ഥികളിൽ ചിലർ പൊരിവെയിലത്ത് തളർന്നുവീണു. അവരെ ആംബുലൻസ് എത്തിച്ച് പൊലീസ് ആശുപത്രിയിൽ എത്തിച്ചു. ഇരുപത്തിയൊന്നാം ദിവസവും വളരെ സമാധാനപരമായിട്ടാണ് സമരം പുരോഗമിക്കുന്നത്.