Asianet News MalayalamAsianet News Malayalam

'സ്റ്റാൻ സ്വാമിയുടെ മരണം സംഘപരിവാർ നടപ്പാക്കിയ അപ്രഖ്യാപിത വധശിക്ഷ'; തോമസ് ഐസക്

'ഗാന്ധിജിയ്ക്ക് വെടിയുണ്ട വിധിച്ചവർ നിശ്ചയമായും ഈ കൊലപാതകവും ആർത്തുവിളിച്ച് ആഘോഷിക്കും. അവർക്കു മേലും ഫാദർ സ്റ്റാൻ സ്വാമിയുടെ കാരുണ്യവും സഹാനുഭൂതിയും പതിച്ചേക്കാം.  എന്നാൽ ഈ രാജ്യത്തിനും ജനതയ്ക്കും അക്കൂട്ടരോട് പൊറുക്കാനാവില്ല.'

Thomas Isaac facebbok post against rss on father stan swamy death
Author
Alappuzha, First Published Jul 5, 2021, 8:05 PM IST

ആലപ്പുഴ: എൽഗാർ പരിഷദ് കേസിൽ പ്രതിയാക്കപ്പെട്ട സാമൂഹ്യപ്രവർത്തകനും മനുഷ്യാവകാശ പ്രവർത്തകനും ജെസ്യൂട്ട് പുരോഹിതനുമായ ഫാദർ സ്റ്റാൻ സ്വാമിയുടെ മരണത്തില്‍ സംഘപരിവാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രി തോമസ് ഐസക്. സംഘപരിവാർ നടപ്പാക്കിയ അപ്രഖ്യാപിത വധശിക്ഷയാണ് ജെസ്യൂട്ട് പുരോഹിതൻ സ്റ്റാൻ ലൂർദ്ദ് സ്വാമിയുടെ മരണമെന്ന് തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിച്ചു.

അര നൂറ്റാണ്ടുകാലു കാലം ഝാർഖണ്ഡിലെ ആദിവാസികൾക്കുവേണ്ടി ജീവിതം സമർപ്പിച്ച ഫാദർ സ്റ്റാൻ സ്വാമി ചെയ്ത കുറ്റമെന്തായിരുന്നു? ജയിലിൽ  ചികിത്സ മാത്രമല്ല, വിറക്കുന്ന കൈകൾ കൊണ്ട് ഗ്ലാസ് ഉയർത്തി വെള്ളം കുടിക്കാൻ കഴിയാതായപ്പോൾ സ്ട്രോ പോലും അധികൃതർ നിഷേധിച്ചു.  ഈ ക്രൂരതയ്ക്ക് ദയാശൂന്യരായ ഏകാധിപതികളുടെ ചരിത്രത്തിൽപ്പോലും സമാനതകളില്ലെന്ന് തോമസ് ഐസക് പറയുന്നു.

ബാന്ദ്രയിലെ ഹോളി ഫാമിലി ആശുപത്രിയിൽ വെന്‍റിലേറ്ററിൽ ചികിത്സയിലായിരുന്നു ഫാദർ സ്റ്റാൻ സ്വാമി. ഇന്ന് സ്റ്റാൻ സ്വാമിയുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കവേ, അഭിഭാഷകനാണ് ഉച്ചയ്ക്ക് ഒന്നരയോടെ അദ്ദേഹത്തിന്‍റെ അന്ത്യം സംഭവിച്ചുവെന്ന് അറിയിച്ചത്. കൊവിഡ് ബാധിതനായിരുന്നു ഫാദർ സ്റ്റാൻ സ്വാമി.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം

സംഘപരിവാർ നടപ്പാക്കിയ അപ്രഖ്യാപിത വധശിക്ഷയാണ് ജെസ്യൂട്ട് പുരോഹിതൻ സ്റ്റാൻ ലൂർദ്ദ് സ്വാമിയുടെ മരണം. തെറ്റായ കുറ്റങ്ങൾ ചുമത്തപ്പെട്ട് തടങ്കലിലെത്തിയ അദ്ദേഹത്തോട് നീതി പീഠവും ദയ കാട്ടിയില്ല.  ജീവിതകാലമത്രയും ദയയുടെയും കാരുണ്യത്തിൻ്റെയും വെളിച്ചം പരത്തിയ സ്റ്റാൻ സ്വാമിയ്ക്കുണ്ടായ ദുർവിധിയിലൂടെ ചരിത്രത്തിൽ രാജ്യത്തിൻ്റെ ശിരസ് എന്നേക്കുമായി കുനിഞ്ഞു താഴുകയാണ്. കാരണം, മനുഷ്യത്വത്തിനു മേൽ ഒരു രാജ്യം നടപ്പാക്കിയ വധശിക്ഷയായിത്തന്നെ ഈ അനീതിയെ കാലം വിധിക്കും. 

അര നൂറ്റാണ്ടുകാലു കാലം ഝാർഖണ്ഡിലെ ആദിവാസികൾക്കുവേണ്ടി ജീവിതം സമർപ്പിച്ച ഫാദർ സ്റ്റാൻ സ്വാമി ചെയ്ത കുറ്റമെന്തായിരുന്നു? ജയിലിൽ  ചികിത്സ മാത്രമല്ല, വിറക്കുന്ന കൈകൾ കൊണ്ട് ഗ്ലാസ് ഉയർത്തി വെള്ളം കുടിക്കാൻ കഴിയാതായപ്പോൾ സ്ട്രോ പോലും അധികൃതർ നിഷേധിച്ചു.   നമ്മുടെ കോടതിക്ക്  50 ദിവസം വേണ്ടി വന്നു  ജയിലധികൃതരെ  കൊണ്ട് സ്ട്രോ  ലഭ്യമാക്കണമെന്ന  അപേക്ഷ  സ്വീകരിപ്പിക്കാൻ.   പിശാചുക്കൾ പോലും ചെയ്യാനറയ്ക്കുന്ന ക്രൂരത.  കൺമുന്നിലിരിക്കുന്ന ദാഹജലം ഒരിറക്കു കുടിക്കാൻ കഴിയാതെ ഒരു മനുഷ്യജീവി മരണപ്പിടച്ചിൽ പിടയുന്നത് കണ്ടു നിൽക്കുന്ന അധികാരികളും ഭരണ സംവിധാനവും. 

ഈ ക്രൂരതയ്ക്ക് ദയാശൂന്യരായ ഏകാധിപതികളുടെ ചരിത്രത്തിൽപ്പോലും സമാനതകളില്ല. മഹത്തായ പാരമ്പര്യത്തിന്‍റെയും ഔന്നത്യത്തിന്‍റെയും അവസാന കണികയും ചോർന്നു പോകുന്ന ദൗർഭാഗ്യത്തിൻ്റെ ഇരയാണ് ഇന്ത്യ. വരിയുടയ്ക്കകപ്പെട്ട നീതിബോധം സൃഷ്ടിച്ച രക്തസാക്ഷിയാണ് ഫാദർ സ്റ്റാൻ സ്വാമി. ഈ പാതകത്തിൻറെ പേരിൽ പ്രതിക്കൂട്ടിൽ നിൽക്കേണ്ടത് നാമോരോരുത്തരുമാണ്. നമ്മുടെ നിശബ്ദതയും ഈ നരാധമന്മാർക്ക് വളമായിട്ടുണ്ട്. ഇന്ത്യയിലെ  ഉന്നത  വിദ്യാഭ്യാസ മേഖലയിൽ  ആണ്   ജസ്യൂട്ട്  സഭ ഏറ്റവും വലിയ സംഭാവന നൽകിയിട്ടുള്ളത്.  എഴുപതുകളിൽ   വിമോചന ദൈവ ശാസ്ത്രത്തിന്റെ  ചിന്താ സരണികളിലേക്ക്  ഒട്ടേറെ  ജസ്യൂട്ട്  സഭാംഗങ്ങൾ തിരിഞ്ഞു. 

സ്റ്റാൻ സ്വാമി  തിയോളജി പഠനകാലത്ത്  തന്നെ ഈ ആദർശക്കാരനായി. അങ്ങിനെ  ഇന്ത്യയിൽ  അദ്ദേഹം  ആദിവാസിമേഖല  തന്റെ  പ്രവർത്തന മണ്ഡലമായി തെരഞ്ഞെടുത്തു    ഏത്  പരിഷ്കൃത  ജനതയും ആദരവോടെയാണ് ആ പ്രവർത്തനങ്ങളെ അഭിസംബോധന ചെയ്യുക. എന്നാൽ സംഘപരിവാറുകാർക്ക് അത്തരം മനുഷ്യ സഹജ വികാരങ്ങളില്ല. അതു കൊണ്ടാണവർ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ പകയോടെ കാണുന്നത്. ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും ജീവനോടെ ചുട്ടുകൊന്നവർ ഫാദർ സ്റ്റാൻ സ്വാമിയ്ക്ക് ദാഹജലം നിഷേധിച്ച് മരണം വിധിച്ചു. 

നന്മയും നീതിയും ഉയർത്തി പിടിച്ചതിനാണ്  ഈ വന്ദ്യ പുരോഹിതൻ രക്തസാക്ഷിയായത്. ഗാന്ധിജിയ്ക്ക് വെടിയുണ്ട വിധിച്ചവർ നിശ്ചയമായും ഈ കൊലപാതകവും ആർത്തുവിളിച്ച് ആഘോഷിക്കും. അവർക്കു മേലും ഫാദർ സ്റ്റാൻ സ്വാമിയുടെ കാരുണ്യവും സഹാനുഭൂതിയും പതിച്ചേക്കാം.  എന്നാൽ ഈ രാജ്യത്തിനും ജനതയ്ക്കും അക്കൂട്ടരോട് പൊറുക്കാനാവില്ല. യു  എ പി എ  പ്രകാരമുള്ള  എല്ലാ  രാഷ്ട്രീയ തടവുകാരെയും മോചിപ്പിക്കണം. അനീതിക്കെതിരെ പോരാടാൻ ഈ മരണം നമ്മുക്ക് കരുത്ത്  നൽകണം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 
 

Follow Us:
Download App:
  • android
  • ios