തെരഞ്ഞെടുപ്പ് കാലത്ത് മസാല ബോണ്ട് കേസ് കുത്തിപ്പൊക്കിയ ഇഡി നടപടി ബിജെപിയുടെ രാഷ്ട്രീയ കളിയാണെന്ന് തോമസ് ഐസക്. മസാല ബോണ്ട് തുക ഉപയോഗിച്ച് ഭൂമി വാങ്ങിയെന്ന പുതിയ ആരോപണം തെറ്റാണെന്നും, ഭൂമി ഏറ്റെടുക്കുകയാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി

തെരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള കലാപരിപാടിയാണ് മസാല ബോണ്ട് കേസ് കുത്തിപ്പൊക്കിയ ഇഡി നടപടിയെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. ഇഡി അഡ്‌ജുഡിക്കേറ്റിങ് അതോറിറ്റി വിശദീകരണം തേടി നൽകിയ നോട്ടീസുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്ക് വേണ്ടി നടത്തുന്ന രാഷ്ട്രീയ കളിയാണിതെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം, മസാല ബോണ്ട് വഴി സമാഹരിച്ച തുക ഉപയോഗിച്ച് ഭൂമി വാങ്ങിയെന്നാണ് പുതിയ ആരോപണമെന്നും പറഞ്ഞു. ഈ ആരോപണം തെറ്റാണെന്നും ഭൂമി ഏറ്റെടുക്കുകയാണ് ചെയ്തതെന്നും വ്യക്തമാക്കിയ അദ്ദേഹം മുഖ്യമന്ത്രിക്കെതിരെ നോട്ടീസ് അയച്ച് വിവാദമുണ്ടാക്കാനാണ് ഇഡിയുടെ ശ്രമമെന്നും കുറ്റപ്പെടുത്തി.

തോമസ് ഐസകിൻ്റെ പ്രതികരണം

'2020 ലെ തദ്ദേശ തെരഞ്ഞെടുപ്പ് കാലത്താണ് ആദ്യമായി ഈ കേസ് വന്നത്. പിന്നെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത്. അതിന് ശേഷം കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത്. ഇപ്പോൾ തദ്ദേശ തെരഞ്ഞെടുപ്പായപ്പോൾ വീണ്ടും കുത്തിപ്പൊക്കി. ബിജെപിക്ക് വേണ്ടി ഇഡി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയാണ്. ആദ്യത്തെ ഇഡിയുടെ വാദം കിഫ്ബിക്ക് മസാല ബോണ്ടിറക്കാൻ അനുവാദമില്ലെന്നായിരുന്നു. എന്നാൽ ആർബിഐ അനുവാദത്തോടെയാണ് എല്ലാ നടപടിയും സ്വീകരിച്ചതെന്ന് വ്യക്തമാക്കിയെങ്കിലും അന്വേഷണത്തിന് ഹാജരാകാൻ നോട്ടീസ് നൽകി. ആ നോട്ടീസിൽ കിഫ്ബിയുമായി ബന്ധപ്പെട്ട രേഖകളല്ല ചോദിച്ചത്. തൻ്റെയും കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ട്, താൻ ഡയറക്ടറായിരുന്ന കമ്പനികളുടെ ബാങ്ക് അക്കൗണ്ട് എന്നിവയാണ് ആവശ്യപ്പെട്ടത്. ഇതെന്തിനെന്ന് ചോദിച്ചാണ് താൻ ഹൈക്കോടതിയെ സമീപിച്ചത്. അപ്പോൾ തൻ്റെ പക്കൽ നിന്ന് ആവശ്യപ്പെട്ട രേഖകളുടെ എണ്ണം കുറച്ചു. വിളിപ്പിക്കാനുള്ള കാരണം ചോദിച്ച് വീണ്ടും ഹൈക്കോടതിയിൽ ഹർജി നൽകി. എന്നിട്ടും ഇതുവരെ ഇഡിക്ക് ആ കാര്യത്തിൽ മറുപടി പറയാനായില്ല.

കാടും പടലും തല്ലിയുള്ള അന്വേഷണത്തിലാണ് ഇഡി. ഇഡിയുടെ രാഷ്ട്രീയ യജമാനന്മാർക്ക്, കേന്ദ്രത്തിലെ ബിജെപി അധികാരികളുടെ ശീലം ഇതായിരിക്കും. ഇത്രയും കോടിയുടെ ഇടപാട് നടക്കുമ്പോൾ എന്തെങ്കിലും കൈക്കലാക്കിയിരിക്കും എന്നാണ് അവർ കരുതിയത്. ആ കേസിൽ തന്നെ വിളിപ്പിക്കാതെ അന്വേഷണം പൂർത്തിയാക്കി. അതിന് ശേഷമാണ് അഡ്‌ജുഡിക്കേഷൻ അതോറിറ്റിയിൽ കുറ്റപത്രം സമർപ്പിച്ചത്. അതിൻ്റെ കാരണം കാണിക്കൽ നോട്ടീസാണ് തനിക്കും മുഖ്യമന്ത്രിക്കും അടക്കം അയച്ചിരിക്കുന്നത്. എന്താണ് വിശദീകരിക്കേണ്ടത്? കിഫ്ബിക്ക് മസാല ബോണ്ട് ഇറക്കാൻ അനുമതിയുണ്ടോയെന്ന ചോദ്യമൊക്കെ പോയി. ഈ മസാല ബോണ്ട് വഴി എടുത്ത പണം, 2600 കോടിയിലേറെ രൂപ ഭൂമി ഏറ്റെടുക്കാൻ ഉപയോഗിക്കരുതെന്നാണ് ഇപ്പോഴത്തെ വാദം. ഈ 2600 കോടിയിൽ ഒരു ഭാഗം ഭൂമിയേറ്റെടുക്കാൻ ഉപയോഗിച്ചിട്ടുണ്ട്. ആകെയുള്ളത് ഭൂമി വാങ്ങിയിരിക്കുന്നു എന്നതാണ്. ഉത്തരം ലളിതമാണ്. ഭൂമി വാങ്ങിയിട്ടില്ല. ഭൂമി ഏറ്റെടുക്കുകയാണ് ചെയ്തത്. ഭൂമി വാങ്ങരുതെന്ന നിബന്ധന ആർബിഐ മാറ്റിയിട്ടുള്ളത്. പ്രഥമദൃഷ്ട്യാ തള്ളുന്ന കാര്യത്തിലാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ബിജെപിക്കുള്ള പാദസേവയാണ് ഇഡി ചെയ്യുന്നത്. അതിന് താളം പിടിക്കാൻ യുഡിഎഫ് ഇറങ്ങുന്നത് നാണക്കേടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.