ഇഡി അന്വേഷണത്തെയല്ല എതിർത്തത്. സമൻസ് വിവരം ചോർത്തിയതിനെതിരെയാണ് കോടതിയെ സമീപിച്ചത്. 

തിരുവനന്തപുരം : കിഫ്ബി മസാലബോണ്ട് കേസിൽ ഇഡി തുടർ സമൻസുകൾ അയക്കുന്നത് രണ്ട് മാസത്തേക്ക് തടഞ്ഞ ഹൈക്കോടതി വിധിയോട് പ്രതികരിച്ച് മുൻ ധനമന്ത്രി തോമസ് ഐസക്ക്. വിധി സ്വാഗതാർഹമാണെന്നും കോടതിയോട് ആവശ്യപ്പെട്ടത് ലഭിച്ചെന്നും തോമസ് ഐസക് പറഞ്ഞു. ഇഡി അന്വേഷണത്തെയല്ല എതിർത്തത്. സമൻസ് വിവരം ചോർത്തിയതിനെതിരെയാണ് കോടതിയെ സമീപിച്ചത്. വിദേശ വിനിമയ നിയമനം ലംഘിച്ചെന്നതിൽ ഇ ഡി രണ്ട് വർഷമായി അന്വേഷണം നടത്തിയിട്ടും ഒന്നും കിട്ടിയില്ല. രണ്ട് കൊല്ലം അന്വേഷിച്ചത് കിട്ടാതായതോടെ എന്നെ സമൻസ് അയച്ച് വിളിക്കുകയായിരുന്നുവെന്ന് ഐസക്ക് വിശദീകരിച്ചു. 

സമൻസ് വിവരം ആദ്യം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. താൻ പോലും അറിയും മുന്നേ സമൻസ് വിവരം ഇഡി മാധ്യമങ്ങൾക്ക് ചോർത്തി നൽകി. പത്ത് വർഷത്തെ തന്റെയും ബന്ധുക്കളുടെയുമെല്ലാം സാമ്പത്തിക വിവരങ്ങളാണ് ഇ ഡി ആവശ്യപ്പെട്ടത്. കിഫ്ബി വന്നിട്ട് 10 വർഷമായിട്ടില്ലെന്നിരിക്കെയെന്തിനാണ് ഇത്രയും വിവരങ്ങളെന്ന ചോദ്യമുയർത്തിയ ഐസക്ക്, എന്തിനാണ് ഇ ഡി പങ്കപ്പാടുകൾ നടത്തുന്നതെന്നും ചോദിച്ചു. അന്വേഷണ ഏജൻസികളുടെ വിരട്ടിൽ പേടിയില്ലെന്നും കിഫ്ബിയെ രാഷ്ട്രീയ ലക്ഷ്യത്തോടെ തകർക്കുകയാണ് അന്വേഷണ ഏജൻസിയുടെ ലക്ഷ്യമെന്നും ഐസക്ക് ആരോപിച്ചു. 

read more കിഫ്ബി കേസിൽ ഇഡി അന്വേഷണം തുടരാം, സമൻസുകൾ തടഞ്ഞു; റിസർവ് ബാങ്ക് വിശദീകരണം കേട്ട ശേഷം അന്തിമ വിധി

സമൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് ഐസക്കും, കിഫ്ബിയും നൽകിയ ഹർജികളിലാണ് ഹൈക്കോടതി ഇന്ന് വിധി പറഞ്ഞത്. കിഫ്ബി മസാല ബോണ്ട് സാമ്പത്തിക ഇടപാട് കേസിലെ ഇഡി തുടർ സമൻസുകൾ തടഞ്ഞ കോടതി, പക്ഷേ കിഫ്ബി കേസിൽ ഇഡി അന്വേഷണം തുടരാമെന്ന് വ്യക്തമാക്കി. ഹർജികളിൽ റിസർവ് ബാങ്കിനെ കക്ഷി ചേർത്തിട്ടുണ്ട്. കേസിൽ റിസർവ് ബാങ്കിന്റെ വിശദീകരണം കേട്ട ശേഷം അന്തിമ വിധി പുറപ്പെടുവിക്കാമെന്നാണ് കോടതി നിലപാട്.