Asianet News MalayalamAsianet News Malayalam

'എല്ലാ അവശ്യസാധനങ്ങളും ലഭ്യമാക്കും'; ലോക്ക് ഡൗൺ എന്നുകേട്ട് ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്ന് തോമസ് ഐസക്ക്

എല്ലാ അവശ്യസാധനങ്ങളും ലഭ്യമാക്കുമെന്നും സാധനങ്ങള്‍ വാങ്ങാന്‍ സമയം അനുവദിക്കുമെന്നും തോമസ് ഐസക്ക് പറഞ്ഞു. 

Thomas Isaac says people should not be worried as lock down declared
Author
Trivandrum, First Published May 6, 2021, 1:13 PM IST


തിരുവനന്തപുരം: കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയേ തീരുവെന്ന് തോമസ് ഐസക്ക്. ലോക്ക് ഡൌണ്‍ എന്നുകേട്ട് ജനങ്ങള്‍ പരിഭ്രാന്തരാകരുത്. എല്ലാ അവശ്യസാധനങ്ങളും ലഭ്യമാക്കുമെന്നും സാധനങ്ങള്‍ വാങ്ങാന്‍ സമയം അനുവദിക്കുമെന്നും തോമസ് ഐസക്ക് പറഞ്ഞു. 

ജോലിക്ക് പോകാന്‍ കഴിയാത്തവര്‍ക്ക് സഹായം നല്‍കും. ഭക്ഷണത്തിനോ സാധനങ്ങള്‍ക്കോ പ്രയാസം ഉണ്ടാകില്ല. ആശാവര്‍ക്കര്‍മാര്‍ അവശ്യ മരുന്നുകള്‍ എത്തിക്കും. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സമയോചിത തീരുമാനങ്ങള്‍ എടുക്കാമെന്നും തോമസ് ഐസക്ക് പറഞ്ഞു. 

മെയ് എട്ടിന് രാവിലെ 6 മുതൽ മെയ് 16 വരെ ഒമ്പത് ദിവസത്തേക്കാണ് സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. രോഗവ്യാപനം നിയന്ത്രണ വിധേയമാക്കാനാണ് വീണ്ടും ലോക്ക്ഡൗണിലേക്ക് നീങ്ങുന്നത്. ഒമ്പത് ദിവസത്തെ ലോക്ക്ഡൗൺ കൊണ്ട് കാര്യങ്ങൾ അൽപ്പമെങ്കിലും നിയന്ത്രണ വിധേയമാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ലോക്ക്ഡൗൺ നിയന്ത്രണങ്ങളെ പറ്റിയുള്ള കൂടുതൽ വിശദാംശങ്ങൾ സർക്കാരിൽ നിന്ന് വരാൻ കാത്തിരിക്കുകയാണ്. കെഎസ്ആർടിസി സർവ്വീസുകളടക്കം പൊതുഗതാഗതം ഉണ്ടാകില്ല. കഴിഞ്ഞ ലോക്ക് ഡൗണിനുണ്ടായിരുന്നത് പോലെ അവശ്യ സേവനങ്ങൾക്ക് ഇളവുണ്ടാകും.  പാൽ വിതരണം, അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ എന്നിവയ്ക്ക് പ്രത്യേക ഇളവുകൾ ഉണ്ടാകും. പ്രവർത്തന സമയവും മറ്റ് നിർദ്ദേശങ്ങളും സംബന്ധിച്ച മാർഗ നിർദ്ദേശങ്ങൾ ഇന്ന് വൈകിട്ടോടെ സർക്കാർ പുറത്തിറക്കും.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios