Asianet News MalayalamAsianet News Malayalam

രണ്ടു തവണ മത്സരിച്ചവരെ മാറ്റാൻ സിപിഎം കാണിച്ച ആര്‍ജ്ജവം കോണ്‍ഗ്രസിനുണ്ടോയെന്ന് തോമസ് ഐസക്

 കുറേ വർഷം ജനപ്രതിനിധി ആകുമ്പോൾ ആളുകൾക്ക് തീർച്ചയായും സ്നേഹം ഉണ്ടാകുമെന്നും സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെടാതിരുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിച്ചു കൊണ്ട് തോമസ് ഐസക് പറഞ്ഞു. 

Thomas issac Challenge congress to place fresh faces in election
Author
Alappuzha, First Published Mar 10, 2021, 1:21 PM IST

ആലപ്പുഴ: രണ്ടു തവണ തുടർച്ചയായി മത്സരിച്ചവർ മാറി നിൽക്കണം എന്ന് പറയാനുള്ള ആർജവം സിപിഎമ്മിനേയുള്ളൂ. അതൊരിക്കലും കോൺഗ്രസിന് കഴിയില്ലെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും ധനമന്ത്രിയുമായ തോമസ് ഐസക്. കുറേ വർഷം ജനപ്രതിനിധി ആകുമ്പോൾ ആളുകൾക്ക് തീർച്ചയായും സ്നേഹം ഉണ്ടാകുമെന്നും സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെടാതിരുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിച്ചു കൊണ്ട് തോമസ് ഐസക് പറഞ്ഞു. 

തോമസ് ഐസക്കിൻ്റെ വാക്കുകൾ -

രണ്ടാം പിണറായി സർക്കാരിന് വേണ്ടിയാണ് ഇനിയുള്ള മത്സരം. കിഫ്ബി വഴി ആലപ്പുഴ ജില്ലയിൽ തുടങ്ങിയ വികസന പദ്ധതികൾ പൂർത്തിയാക്കാൻ പി.പി.ചിത്തരഞ്ജനെ വിജയിപ്പിക്കേണ്ടതുണ്ട്. അതിനുള്ള അംഗീകാരം ജനം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗുജറാത്തിനേക്കാൾ വികസനം  കേരളത്തിലുണ്ടാക്കാൻ പോകുകയാണ്. 

വലിയ തൊഴിൽ അവസരങ്ങൾ ഉറപ്പാക്കുന്നതായിരിക്കും എൽഡിഎഫ് സർക്കാരിൻ്റെ പ്രകടന പത്രിക. സർക്കാരുമായി ബന്ധപ്പെടുണ്ടായ വിവാദങ്ങൾക്ക് ആയുസ് കുറവാണ്. രാഷ്ട്രിയമായ മത്സരം തുടങ്ങുമ്പോൾ വിവാദങ്ങൾ മാറി നിൽക്കും. എൽഡിഎഫും യുഡിഎഫും തമ്മിലാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരം നടക്കുന്നത്. അമിത് ഷാ എന്ത് പറഞ്ഞാലും ബിജെപി വിദൂര എതിരാളി മാത്രമായിരിക്കും. കളം പിടിക്കാൻ അവർ എത്ര കേന്ദ്ര ഏജൻസികളെ ഇറക്കിയിട്ടും കാര്യമില്ല.

സിപിഎം സ്ഥാനാർത്ഥിയായി പലവട്ടം പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ചയാളാണ് കഴിഞ്ഞ ദിവസം സിപിഎം വിട്ട് എൻഡിഎയിൽ ചേർന്ന ജ്യോതിസ്. ഒരു തവണ തെരഞ്ഞെടുപ്പിൽ നിന്നും മാറി നിൽക്കാൻ പറഞ്ഞപ്പോഴാണ് അയാൾ മറുകണ്ടം ചാടിയത്. എൻഡിഎ ജ്യോതിസിനെ വിലയ്ക്ക് വാങ്ങിയതാണ്.

സ്ഥാനാര്‍ത്ഥിത്വ വിവാദവുമായി ബന്ധപ്പെട്ടുണ്ടായ പോസ്റ്റർ പ്രതിഷേധമൊക്കെ സ്വാഭാവികമാണ് എന്നാലും ഉന്നം വെച്ചുള്ള പരാമർശങ്ങളാണ് പോസ്റ്ററിൽ ഉണ്ടായിരുന്നത്. ആഴക്കടൽ വിവാദം ഒക്കെ അതിൽ വന്നിട്ടുണ്ട് എങ്കിലും ആരാണ് പോസ്റ്ററിന് പിന്നിലെ രാഷ്ട്രീയ ബുദ്ധിയെന്നത് അന്വേഷിക്കും.
 

Follow Us:
Download App:
  • android
  • ios