Asianet News MalayalamAsianet News Malayalam

Ukraine Crisis : യുക്രൈനിൽ നിന്ന് വരുന്നവര്‍ക്ക് ഗ്രീന്‍ ചാനല്‍ വഴി ചികിത്സ ഉറപ്പാക്കും: വീണാ ജോര്‍ജ്

സംസ്ഥാനത്തെ നാല് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുകളിലും ഡൊമസ്റ്റിക് എയര്‍പോര്‍ട്ടുകളിലും ഇവരുടെ ആരോഗ്യ സ്ഥിതി നിരീക്ഷിക്കാന്‍ സംവിധാനമേര്‍പ്പെടുത്തും. ഇതിനായി എയര്‍പോര്‍ട്ടുകളില്‍ ഹെല്‍ത്ത് ഡെസ്‌കുകള്‍ സ്ഥാപിച്ചു വരുന്നു. 

those coming from ukraine will be treated through the green channel says minister veena george
Author
Thiruvananthapuram, First Published Feb 27, 2022, 5:18 PM IST

തിരുവനന്തപുരം: യുക്രൈനില്‍ (Ukraine) നിന്ന് വരുന്നവര്‍ക്ക് ഗ്രീന്‍ ചാനല്‍ (Green Channel) വഴി ആരോഗ്യ വകുപ്പിന്റെ ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് (Veena George) പറഞ്ഞു. ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പിനും ആരോഗ്യ വിദ്യാഭ്യാസ വകുപ്പിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. യുദ്ധ സാഹചര്യത്തില്‍ നിന്നും വരുന്നവര്‍ക്കുണ്ടാകുന്ന ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക ടീമിനെ സജ്ജമാക്കും. ആവശ്യമെങ്കില്‍ ഇവര്‍ക്ക് മെഡിക്കല്‍ കോളേജുകള്‍ വഴിയും പ്രധാന സര്‍ക്കാര്‍ ആശുപത്രികള്‍ വഴിയും വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ നാല് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുകളിലും ഡൊമസ്റ്റിക് എയര്‍പോര്‍ട്ടുകളിലും ഇവരുടെ ആരോഗ്യ സ്ഥിതി നിരീക്ഷിക്കാന്‍ സംവിധാനമേര്‍പ്പെടുത്തും. ഇതിനായി എയര്‍പോര്‍ട്ടുകളില്‍ ഹെല്‍ത്ത് ഡെസ്‌കുകള്‍ സ്ഥാപിച്ചു വരുന്നു. ഇവിടെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനമൊരുക്കും. തുടര്‍ ചികിത്സ ആവശ്യമായവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

'റഷ്യ വഴിയുള്ള രക്ഷാദൗത്യത്തിനായി ഇടപെടണം', പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി

റഷ്യൻ (Russia) അധിനിവേശത്തെ തുടർന്ന് പ്രതിസന്ധിയിലായ യുക്രൈനിൽ (Ukraine) കുടുങ്ങിയ മലയാളികളടക്കമുള്ള വിദ്യാർത്ഥികളെ തിരികെയെത്തിക്കാൻ (Evacuation ) വേഗത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ (CM Pinarayi vijayan). ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് (PM Modi ) കേരളാ മുഖ്യമന്ത്രി കത്തയക്കുന്നത്. 

കിഴക്കൻ യുക്രൈനിലെ ബങ്കറുകളിലും മറ്റും കഴിയുന്ന വിദ്യാർത്ഥികൾ ഭക്ഷണവും വെള്ളവുമില്ലാതെ ബുദ്ധിമുട്ടിലാണ്. മാനസികമായും പ്രയാസമനുഭവിക്കുന്ന ഇവരെ റഷ്യ വഴി തിരികെയെത്തിക്കാനുള്ള നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പോളണ്ട്- യുക്രൈൻ അതിർത്തിയിലേക്ക് കൊടും തണുപ്പിനെ വകവെക്കാത ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് നടന്നെത്തുന്നത്. എന്നാൽ യുക്രൈൻ അധികൃതർ ഇവരെ കടത്തിവിടാൻ അനവദിക്കുന്നില്ല. യുക്രൈൻ സൈന്യത്തിൽ നിന്നും മലയാളികളടക്കമുള്ള വിദ്യാർത്ഥികൾക്ക്  അതിക്രമവും നേരിടേണ്ടി വരുന്നു. ഇത് തടയുന്നതിന് വേണ്ടി എംബസി തലത്തിൽ ഇടപെടൽ വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

യുക്രൈൻ യുദ്ധഭൂമിയിൽ കുടുങ്ങിയ മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ രക്ഷാദൗത്യവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായും ചർച്ച നടത്തി. യുക്രൈനിൽ കുടുങ്ങിയ മലയാളികളിൽ നിന്ന് നിരവധി ദുരിത സന്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.  യുക്രൈനിന്റെ കിഴക്കു പ്രദേശങ്ങളായ കിയെവ്, ഖാർകിവ്, സുമി തുടങ്ങിയ ഇടങ്ങളിലെ ബങ്കറുകളിൽ അഭയം പ്രാപിച്ചവർക്ക്  വെള്ളവും ഭക്ഷണവും അടിയന്തിരമായി എത്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രക്ഷാദൗത്യത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും അതുവരെ ഇവർക്കായുള്ള എല്ലാ സഹായങ്ങളും കേന്ദ്രസർക്കാർ നൽകുമെന്നും മന്ത്രി ഉറപ്പുനൽകി. 

കൊടും തണുപ്പിൽ നടന്ന് പോളണ്ട് എത്തിയ വിദ്യാർത്ഥികളെ അതിർത്തി കടക്കാൻ യുക്രൈനിലെ ഉദ്യോഗസ്ഥർ അനുവദിക്കുന്നില്ലെന്നും ഇവർക്കെതിരെ പട്ടാളത്തെ ഉപയോഗിക്കുന്നുണ്ടെന്നുമുള്ള പരാതിയും മുഖ്യമന്ത്രി പങ്കുവെച്ചു. ഇത് പരിഹരിക്കാൻ  യുക്രൈൻ ഭാഷ കൈകാര്യം ചെയ്യാൻ കഴിവുള്ള ഉദ്യോഗസ്ഥരെ എത്രയും പെട്ടെന്ന്  അതിർത്തിയിലേക്ക് അയക്കണമെന്നും ആവശ്യപ്പെട്ടു. അതിർത്തിയിൽ നിലവിലുള്ള ഉദ്യോഗസ്ഥർക്ക് അതിനു സാധിക്കുമെന്ന് വിദേശകാര്യ മന്ത്രി ഉറപ്പ് നൽകി. റഷ്യ വഴിയുള്ള രക്ഷാദൗത്യം സാധ്യമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇതിനായുള്ള എല്ലാ ശ്രമങ്ങളും നടത്തിവരുകയാണെന്ന് മന്ത്രി അറിയിച്ചു. ഇതുവരെയുള്ള രക്ഷാപ്രവർത്തനങ്ങൾ വിജയകരമായി നിർവഹിച്ച വിദേശകാര്യ മന്ത്രാലയത്തോടുള്ള നന്ദി മുഖ്യമന്ത്രി അറിയിച്ചു.

Follow Us:
Download App:
  • android
  • ios