തിരുവനന്തപുരം: തിരുവനന്തപുരത്ത് ചികിത്സയില്‍ ഉള്ള ഇറ്റലി സ്വദേശിയുടെ റൂട്ട് മാപ്പ് തയ്യാറാക്കുന്നതിന് ഇറ്റാലിയന്‍ ഭാഷ അറിയുന്ന ആളുടെ സഹായം ആരോഗ്യവകുപ്പ് തേടുന്നു. ഇയാളില്‍ നിന്ന് പൂര്‍ണ്ണമായി വിവരങ്ങള്‍ ലഭിക്കാത്ത സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് സഹായം തേടുന്നത്. ഇറ്റലി സ്വദേശിയുടെ റൂട്ട് മാപ്പ് തയ്യാറാക്കുന്നതിൽ വലിയ വെല്ലുവിളിയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ നേരിടുന്നത്.  

27 ന് കേരളത്തിലെത്തിയ ഇയാള്‍ പല സ്ഥലങ്ങളിൽ പോയിരുന്നു. വര്‍ക്കലയിലെ റിസോര്‍ട്ടിലാണ് താമസിച്ച് വന്നത്. രോഗം ലക്ഷണങ്ങൾ ഉണ്ടായ ശേഷവും ഇറ്റാലിയന്‍ പൗരൻ പല മേഖലകളിൽ പോയിട്ടുണ്ടെന്നും പലരുമായും ഇടപെട്ടിട്ടുണ്ടെന്നുമാണ് ആരോഗ്യ പ്രവര്‍ത്തകരുടെ പ്രാഥമിക വിലയിരുത്തൽ. അതുകൊണ്ട് തന്നെ കൃത്യമായ റൂട്ട് മാപ്പ് ഉണ്ടാക്കിയെടക്കുക എന്നത് വലിയ ശ്രമകരമായ ദൗത്യമാണെന്നാണ് വിലയിരുത്തൽ. 

ഇറ്റാലിയന്‍ സ്വദേശിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ ഇയാൾ താമസിച്ച വർക്കലയിലെ റിസോർട്ട് അടച്ചുപൂട്ടി.  റിസോർട്ടിലെ ജീവനക്കാരായ 9 പേരെ ആശുപത്രിയിലേക്ക് മാറ്റി. ഇയാള്‍ വർക്കലക്ക് സമീപം പലസ്ഥലത്തും കറങ്ങിഎന്നാണ്  വിവരം. ഈ സാഹചര്യത്തിൽ കടക്കാരും ജനങ്ങളുമൊക്കെ ആശങ്കയിലാണ്. ഇറ്റാലിയൻ പൗരനുമായി നേരിട്ട് സമ്പർക്കമുണ്ടായിരുന്ന ടൂർ ഗൈഡും നിരിക്ഷണത്തിലാണ്.