തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ഓണ്‍ലൈന്‍ ക്ലാസുകളില്‍ അവതരിപ്പിച്ച വീഡിയോകളോട് സഭ്യതയ്ക്ക് നിരക്കാത്ത രീതിയില്‍ പ്രതികരിച്ചവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് കൈറ്റ് വിക്ടേഴ്സ് സിഇഒ കെ അന്‍വര്‍ സാദത്ത് വ്യക്തമാക്കി. ജൂണ്‍ ഒന്നിന് ഫസ്റ്റ് ബെല്‍ എന്ന പേരിലാണ് വിക്ടേഴ്സ് ചാനലിലും മറ്റ് ഓണ്‍ലൈന്‍ മാധ്യമങ്ങളിലുടെ സംപ്രേക്ഷണം ചെയ്ത വീഡിയോകളോടും ചിലര്‍ സഭ്യതയുടെ അതിര്‍ വരമ്പുകള്‍ ലംഘിക്കുന്ന രീതിയില്‍ പ്രതികരണങ്ങള്‍ നടത്തിയിരുന്നു. 

സംസ്ഥാനത്തെ കോളേജുകളിലും ഇന്ന് മുതൽ ഓൺലൈൻ ക്ലാസുകൾ

സൈബറിടങ്ങളിലെ ഇത്തരം പ്രതികരണങ്ങള്‍ വേദനാജനകമാണെന്ന് കെ അന്‍വര്‍ സാദത്ത് ഫേസ്ബുക്ക് കുറിപ്പില്‍ വിശദമാക്കി. നിരവധിപ്പേരാണ് അധ്യാപികമാരോട് സമൂഹമാധ്യമങ്ങളില്‍ നടത്തിയ അസഭ്യ പരാമര്‍ശങ്ങളെക്കുറിച്ച് രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്. ഇതിന് പിന്നാലെ മോശം കമന്‍റുകളിലൂടെ വീഡിയോയോട് പ്രതികരിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കേരള പൊലീസ് വ്യക്തമാക്കി. 

മഹാമാരിയുടെ ഘട്ടത്തിലും വരുംതലമുറയുടെ വിദ്യാഭ്യാസത്തിനു വേണ്ടി ആവിഷ്ക്കരിച്ചിരിക്കുന്ന ബദൽ സംവിധാനങ്ങളെയും അധ്യാപക സമൂഹത്തെയും അവഹേളിക്കുന്ന നടപടികൾ ഭൂഷണമല്ല. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും മറ്റും ക്ലാസ്സെടുക്കുന്ന അധ്യാപകരുടെ ചിത്രങ്ങളും വീഡിയോകളും ചില സാമൂഹ്യ വിരുദ്ധർ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ക്കെതിരെ നിയമ നടപടിയുണ്ടാവുമെന്നും പൊലീസ് ഫേസ്ബുക്ക് കുറിപ്പില്‍ വിശദമാക്കി. അതേസമയം മോശം കമന്‍റുകള്‍ ആവര്‍ത്തിക്കുന്നതിനാല്‍ ഓണ്‍ലൈന്‍ ക്ലാസുകളുടെ വീഡിയോയില്‍ കമന്‍റ് രേഖപ്പെടുത്താനുള്ള ഓപ്ഷന്‍ നീക്കം ചെയ്തു. 

ഫസ്റ്റ് ബെല്ലില്ല, ഒന്നാം പാഠം ഓൺലൈനിൽ: നാളെ അധ്യയനവർഷം തുടങ്ങുന്നു

വിക്ടേഴ്സ് സിഇഒ കെ അന്‍വര്‍ സാദത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം


കൊച്ചുകുട്ടികൾക്ക് കാണുന്നതിനായി 'ഫസ്റ്റ് ബെല്ലിൽ ' അവതരിപ്പിച്ച വീഡിയോകൾ പോലും സഭ്യതയുടെ എല്ലാ അതിരുകളും കടന്ന് ( നിർദ്ദോശമായ ട്രോളുകൾക്കപ്പുറം) സൈബറിടത്തിൽ ചിലർ അവതരിപ്പിക്കുന്നത് കണ്ടു. ഇത് അത്യന്തം വേദനാജനകമാണ്. ഇതിനെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടു പോവും.

കെ. അൻവർ സാദത്ത്
സി.ഇ.ഒ , കൈറ്റ് വിക്ടേഴ്സ്

ഓൺലൈൻ ക്ലാസിലൂടെ നാളെ അധ്യയന വർഷം തുടങ്ങുന്നു, ആകാംക്ഷയും ആശങ്കയുമായി വിദ്യാർത്ഥികൾ