ആലപ്പുഴ: തോട്ടപ്പള്ളിയിലെ കരിമണല്‍ ഖനനത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പരസ്യപ്രതിഷേധവുമായി സിപിഐ. പ്രളയ മുന്നൊരുക്കങ്ങളുടെ പേരില്‍ കരിമണല്‍ കൊള്ളയാണ് നടക്കുന്നതെന്ന് സിപിഐ ആരോപിച്ചു.

തോട്ടപ്പള്ളിയിലെ കരിമണല്‍ നീക്കത്തില്‍ സര്‍ക്കാരിനെതിരെ വീണ്ടും പ്രതിഷേധം ഉയര്‍ത്തുകയാണ് സിപിഐ. പൊഴി മുറിച്ച് കുട്ടനാട്ടിലെ അധികജലം ഒഴുക്കിവിടാനെന്ന പേരില്‍ കരിമണല്‍ കൊള്ള നടക്കുന്നുവെന്നാണ് ആരോപണം. പൊഴിമുഖത്തെ മണല്‍ മാത്രമല്ല, തീരത്തോട് ചേര്‍ന്ന് കിടക്കുന്ന കരിമണലും കൊണ്ടുപോകുന്നു. ലീഡിംഗ് ചാനലിന്റെ ആഴം കൂട്ടലടക്കം ജോലികള്‍ നടക്കുന്നില്ല. തീരദേശത്തെ ഇല്ലാതാക്കുന്ന രീതിയിലുള്ള കരിമണല്‍ നീക്കം നിര്‍ത്തിവയ്ക്കണമെന്നാണ് സിപിഐയുടെ ആവശ്യം.

കരിമണല്‍ ഖനനത്തിനെതിരെ കഴിഞ്ഞ വര്‍ഷവും സിപിഐ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. വരും ദിവസങ്ങളില്‍ സംസ്ഥാന നേതാക്കളെ അടക്കം പങ്കെടുപ്പിച്ച് സമരം ശക്തമാക്കാനാണ് തീരുമാനം. അതേസമയം, പൊഴി വീതി കൂട്ടലും മണലെടുപ്പുമായി മുന്നോട്ടുപോകാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona