തോട്ടപ്പള്ളി കൊലപാതകകേസുമായി ബന്ധപ്പെട്ട് പോലീസിന് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് വിവരം. ആദ്യ റിമാൻഡ് റിപ്പോർട്ട് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

ആലപ്പുഴ: തോട്ടപ്പള്ളി കൊലപാതകകേസുമായി ബന്ധപ്പെട്ട് പോലീസിന് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് വിവരം. ആദ്യ റിമാൻഡ് റിപ്പോർട്ട് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. അബൂബക്കർ മാത്രമാണ് കൊലയാളിയെന്നാൺണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. അബൂബക്കർ ക്രൂരമായ കുറ്റകൃത്യം ചെയ്തുവെന്നും കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തിലാണ് എത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. തെളിവ് നശിപ്പിക്കാനും ശ്രമിച്ചു. മുളക് പൊടി വിതറിയതും വൈദ്യുതി ബന്ധം വിച്ഛേദിച്ചതും എല്ലാം അബൂബക്കറാണെന്നും ഇതിൽ പറയുന്നു. മറ്റൊരു പ്രതിക്കുള്ള സാധ്യതയോ സൂചനയോ റിമാന്റ് റിപ്പോർട്ടിൽ ഇല്ല. എല്ലാം ചെയ്തത് അബൂബക്കർ എന്നാണ് റിമാൻഡ് റിപ്പോർട്ട്. കൊലപാതകം നടത്തിയത് മറ്റൊരാളായിരിക്കെയാണ് ആദ്യം അറസ്റ്റിലായ ആളുടെ മുകളിൽ മുഴുവൻ കുറ്റവും ചുമത്തിയുള്ള റിമാന്റ് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.

അബൂബക്കറിനെതിരെ ചുമത്തിയ കൊലപാതകകുറ്റം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പോലിസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് നൽകും. എന്നാൽ വീട്ടിൽ അതിക്രമിച്ചു കയറി, പീഡനം എന്നീ വകുപ്പുകൾ ഒഴിവാക്കില്ല. സൈനുലാബ്ദീൻ, ഭാര്യ അനീഷ എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ. ആദ്യം അറസ്റ്റിലായ അബൂബക്കറിനെ മൂന്നാം പ്രതിയാക്കും.