Asianet News MalayalamAsianet News Malayalam

'ഒരേ വ്യക്തിക്ക് നാലും അഞ്ചും വോട്ട്'; സംസ്ഥാനത്തെമ്പാടും കള്ളവോട്ട് ചേർത്തെന്ന ആരോപണവുമായി ചെന്നിത്തല

കള്ളവോട്ടുകൾ കണ്ടെത്തി നീക്കം ചെയ്യണം. ഇവരെ തെരഞ്ഞെടുപ്പിൽ പങ്കാളികളാക്കരുത്. എങ്കിലേ സുതാര്യമായ തെരഞ്ഞെടുപ്പ് ഉണ്ടാവൂ

Thousands of fake votes registered across Kerala for assembly election accuses Ramesh Chennithala
Author
Thiruvananthapuram, First Published Mar 17, 2021, 11:25 AM IST

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉദുമ മണ്ഡലത്തിൽ 164ാം നമ്പർ ബൂത്തിൽ ഒരേ വ്യക്തിക്ക് നാലും അഞ്ചും വോട്ടുണ്ട്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ശ്രമമെന്നും പല മണ്ഡലങ്ങളിലും ആയിരക്കണക്കിന് വോട്ടർമാരുണ്ടെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. സംസ്ഥാനതലത്തിൽ കള്ളവോട്ട് സൃഷ്ടിക്കാൻ ഗൂഢാലോചന നടന്നു. ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്നും ഒരേ പേരും ഫോട്ടോയും വിലാസവും സഹിതമാണ് പേര് ചേർത്തിരിക്കുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

ഭരണകക്ഷിയോട് കൂറുള്ള ഉദ്യോഗസ്ഥരാണ് ഇതിന് പിന്നിൽ. അട്ടിമറിക്ക് പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിച്ചെന്നും സംശയിക്കുന്നു. ഒരേ ആളിന്റെ പേരിൽ നാലും അഞ്ചും വോട്ട് ചേർത്തത് ഗുരുതരമായ ക്രിമിനൽ കുറ്റമാണെന്നും ചെന്നിത്തല ആരോപിച്ചു. പല മണ്ഡലങ്ങളിലെയും കണക്കുകൾ സഹിതമാണ് പ്രതിപക്ഷ നേതാവ് ആരോപിച്ചത്. ഈ വോട്ടുകൾ നീക്കം ചെയ്യണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണറോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. 

കള്ളവോട്ടുകൾ കണ്ടെത്തി നീക്കം ചെയ്യണം. ഇവരെ തെരഞ്ഞെടുപ്പിൽ പങ്കാളികളാക്കരുത്. എങ്കിലേ സുതാര്യമായ തെരഞ്ഞെടുപ്പ് ഉണ്ടാവൂ. ഡിജിറ്റൽ സംവിധാനത്തിൽ ഇത് വളരെ വേഗം കണ്ടെത്താനാവും. കഴക്കൂട്ടം മണ്ഡലത്തിൽ 4506 കള്ളവോട്ടർമാരെ കണ്ടെത്തി. കൊല്ലത്ത് 2534, തൃക്കരിപ്പൂരിൽ 1436, കൊയിലാണ്ടിയിൽ 4611, നാദാപുരത്ത് 6771, കൂത്തുപറമ്പിൽ 3525 പേരുമാണ് ഉള്ളതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. 

ബാലശങ്കറിന്റെ വെളിപ്പെടുത്തൽ സിപിഎം ബിജെപി കൂട്ടുകെട്ട് ശരിവെക്കുന്നു. ഞങ്ങൾ ഇത് ആരോപിച്ചപ്പോൾ ഞങ്ങളെ പരിഹസിച്ചു. ഇപ്പോൾ ബാലശങ്കർ ശരിവച്ചു. നല്ല രസികൻ വോട്ട് കച്ചവടമാണിത്. ഇത് കേരള വ്യാപകമാണ്. എത്ര മണ്ഡലങ്ങളിൽ ഈ ഡീൽ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും വെളിപ്പെടുത്തണം. അപകടകരമായ കളിയാണിത്. ഇത് സിപിഎമ്മിന്റെ അന്ത്യം കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Follow Us:
Download App:
  • android
  • ios