തിരുവനന്തപുരം: കൊവിഡ് പ്രതിരോധ സേവനത്തിനുള്ള സന്നദ്ധ സേനയിലേക്ക് യുവാക്കളുടെ പ്രവാഹം. ഇന്നലെ മുഖ്യമന്ത്രി ആവശ്യപ്പെട്ടത്തിന് പിന്നാലെ സന്നദ്ധം പോർട്ടലിൽ ഇരുപതിനായിരത്തിലധികം പേർ രജിസ്റ്റർ ചെയ്തു. യൂത്ത് കമ്മീഷൻറെ ഡിഫൻസ് ഫോഴ്സിൽ രജിസ്റ്റർ ചെയ്തത് പതിനയിരത്തോളം യുവാക്കളാണ്. 

https://sannadham.kerala.gov.in/registration.html എന്ന വെബ് സൈറ്റ് ലിങ്കിലേക്ക് കയറാൻ തന്നെ ബുദ്ധിമുട്ടാണ്. ഒരു വലിയ പ്രതിസന്ധി വന്നപ്പോൾ എല്ലാം മാറ്റിവെച്ച് യുവാക്കൾ കൈകോർക്കാനായിറങ്ങി. മുഖ്യമന്ത്രിയുടെ ആഹ്വാനം വന്നതോടെ രജിസ്ട്രേഷന് തിരക്കോട് തിരക്ക്. ഇന്നലെ രാത്രി 8 മണി മുതൽ രാവിലെ പത്ത് മണിവരെ സന്നദ്ധം സൈറ്റിൽ രജിസ്റ്റർ ചെയ്തത് ഇരുപതിനായിരത്തിലേറെ പേർ. യൂത്ത് കമ്മീഷനിൽ സന്നദ്ധത അറിയിച്ചത് പതിനയ്യായിരം പേർ.

സന്നദ്ധപ്രവർത്തകരെ ത്രിതല പഞ്ചായത്തുകളിലേക്ക് ആവശ്യാനുസരണം വിനിയോഗിക്കും. ഇവർക്ക് ആവശ്യമായ മാർഗ നിർദേശങ്ങശളും സന്നദ്ധം പോർട്ടൽ വഴി നൽകും. രണ്ടാം പ്രളയത്തിന് ശേഷമാണ് ദുരന്ത നിവാരണത്തിനായി സന്നദ്ധ സേന രൂപികരിക്കാൻ സർക്കാർ തീരുമാനിച്ചത്. പക്ഷെ ഇത്രയധികം ആളുകൾ താല്പര്യം അറിയിക്കുന്നത് ഇപ്പോഴാണ്. സന്നദ്ധസേനയിൽ രണ്ട് ലക്ഷംപേരെ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്.

സന്നദ്ധത്തിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് തിരിച്ചറിയൽ കാർ‍ഡും യാത്ര ബത്തയും നൽകും. കമ്മ്യൂണിറ്റി കിച്ചനിലേക്ക് ആവശ്യമായ സാധനങ്ങൾ എത്തിക്കലും, ഉണ്ടാക്കിയ ഭക്ഷണം വീടുകളിൽ എത്തിച്ചു കൊടുക്കലുമാണ് സന്നദ്ധസേനയുടെ പ്രധാന ദൗത്യം.  പുറത്തു പോയി ആവശ്യ സാധനങ്ങൾ വാങ്ങാൻ കഴിയാത്തവരെ സഹായിക്കാനും ഇവരെത്തും. ആശുപുത്രികളിൽ ഒറ്റയ്ക്ക് കഴിയുന്നവർക്ക് കൂട്ടിരിക്കാനും പ്രധാനമായും ഇവരുണ്ടാവും. ‌ നടൻമാരായ ടൊവിനോ തോമസ്, സണ്ണി വെയിനടക്കം നിരവധി പ്രമുഖരും യൂത്ത് കമ്മീഷനിൽ സേവന സന്നദ്ധത അറിയിച്ചു കഴിഞ്ഞു. സന്നദ്ധസേനയും യൂത്ത് കമ്മീഷൻ ഡിഫൻസ് ഫോഴ്സും ഇനി ഒരുമിച്ചാവും പ്രവർത്തിക്കുക.