നഗ്നചിത്രങ്ങൾ പ്രദർശിപ്പിക്കുമെന്ന് ഭീഷണി; ആതിരയുടെ ഫോണിൽ നിന്ന് ലോൺ ആപ്പ് മെസ്സേജുകൾ കണ്ടെത്തി
നഗ്ന ചിത്രങ്ങൾ പ്രദർശിപ്പിക്കും എന്നായിരുന്നു ഭീഷണി. അങ്ങനെ ചെയ്താൽ ആത്മഹത്യ ചെയ്യുമെന്ന് യുവതി മറുപടി നൽകിയതായും പൊലീസ് കണ്ടെത്തി.
കൊച്ചി: പെരുമ്പാവൂരിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതം. ആതിരയുടെ ഫോണിൽ നിന്ന് ലോൺ ആപ്പ് മെസ്സേജുകൾ കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു. നഗ്ന ചിത്രങ്ങൾ പ്രദർശിപ്പിക്കും എന്നായിരുന്നു ഭീഷണി. അങ്ങനെ ചെയ്താൽ ആത്മഹത്യ ചെയ്യുമെന്ന് യുവതി മറുപടി നൽകിയതായും പൊലീസ് കണ്ടെത്തി. ഫോൺ വിശദമായ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും. ഭീഷണി സന്ദേശം എത്തിയത് പാകിസ്ഥാൻ നമ്പറിൽ നിന്നെന്നാണെന്ന് പൊലീസ് പറയുന്നു.
ഓൺലൈൻ ലോൺ ആപ്പ് വഴി 6500 രൂപയാണ് യുവതി ലോൺ എടുത്തിരുന്നത്. കുറച്ചു തുക തിരികെ അടച്ചു. വീണ്ടും പണം ആവശ്യപ്പെട്ടായിരുന്നു ഭീഷണി. എറണാകുളം വേങ്ങൂർ എടപ്പാറ സ്വദേശിനി ആരതിയെ (30) ഇന്നലെ ഉച്ചയോടെയാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെയും ഭർത്താവിന്റെയും ഫോണിലേക്ക് നഗ്ന ഫോട്ടോകൾ അയച്ചു നൽകുമെന്ന് പറഞ്ഞ് ഓൺലൈൻ ലോൺ ദാദാക്കൾ ഭീഷണി മുഴക്കിയതായി ബന്ധുക്കളാണ് പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്ത് കുറുപ്പുംപടി പൊലീസ് അന്വേഷണം ആരംഭിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)