കുന്നത്തുനാട് സർക്കിൾ ഇൻസ്പെക്ടർ സി കെ സജികുമാർ. എക്സൈസ് ഇൻസ്പെക്ടർ സാബു പി ചന്ദ്ര, പ്രിവന്‍റീവ് ഓഫീസർ പ്രതാപൻ എന്നിവരെയാണ് ബാറുകളില്‍ നിന്ന് മാസപ്പടി വാങ്ങിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സസ്പെന്‍റ് ചെയ്തത്.

കൊച്ചി: പെരുമ്പാവൂരിൽ ബാറുടമകളില്‍ നിന്ന് മാസപ്പടി വാങ്ങിച്ച സംഭവത്തില്‍ മൂന്ന് എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. പെരുമ്പാവൂർ എക്സൈസ് സിഐ അടക്കമുള്ളവർക്കെതിരെയാണ് നടപടി. ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ നേരത്തെ കൂട്ടത്തോടെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. ഇവര്‍ക്കെതിരെ വിജിലൻസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

പെരുമ്പാവൂർ എക്സൈസ് സിഐ സജി കുമാർ, റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സാബു ആർ ചന്ദ്ര, പ്രവൻറീവ് ഓഫീസർ പ്രതാപൻ എന്നിവരെയാണ് എക്സൈസ് കമ്മീഷണർ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. പെരുമ്പാവൂരിലെ എക്സൈസ് ഉദ്യോഗസ്ഥർ തങ്ങളിൽ നിന്നും മാസപ്പടി വാങ്ങുന്നതായി ബാറുടമകൾ ജനുവരിയിൽ വിജിലൻസിന് മൊഴി നൽകിയിരുന്നു. തുടര്‍ന്ന്, ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി വിജിലൻസ് ചോദ്യം ചെയ്തിരുന്നു. 

ആറര ലക്ഷം രൂപ കൈക്കൂലി നല്‍കിയതായി ശ്രദ്ധയില്‍പ്പെട്ടതോടെ നിയമനടപടിയിലേക്ക് കടക്കുമെന്ന് ബാറുടകളുടെ അസോസിയേഷൻ മുന്നറിയിപ്പ് നല്‍കി. ഇതേ തുടർന്ന് ഉദ്യോഗസ്ഥർ ഈ തുക മുഴുവൻ ബാറുടമകള്‍ക്ക് തിരികെ നല്‍കുകയും ചെയ്തു. കൈക്കൂലി നല്‍കാത്തതിന്‍റെ പേരില്‍ മദ്യ സ്റ്റോക്കുകള്‍ പിടിച്ചുവയ്ക്കുകയും ക്ലിയറൻസ് നല്‍കുന്നതിന് മനപ്പൂർവം കാലതാമസം വരുത്തുകയും ചെയ്യുന്നുവെന്നാണ് ബാറുടമകൾ നൽകിയ പരാതി. ആരോപണ വിധേയരായ ഇരുപത് ഉദ്യോഗസ്ഥരെ നേരത്തെ സ്ഥലം മാറ്റിയിരുന്നു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക