ഭുവനേശ്വര്‍: ഒഡീഷയിലെ സംബൽപുരിൽ ഒരു കുടുംബത്തിലെ മൂന്ന് മലയാളികൾ കൊവിഡ് ബാധിച്ച് മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശികളായ സാവിത്രി അമ്മാൾ (65) മകൻ എസ് എസ് രാജു (47), മകൾ മീന മോഹൻ (49)എന്നിവരാണ് മരിച്ചത്‌. ആശുപത്രിയിൽ ചികിത്സയിലിരിക്കെ പതിന്നൊന്ന് ദിവസത്തിനിടെയാണ് ഇവർ മരിച്ചത്. ഇതോടെ ഒഡീഷയിൽ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം നാലായി. നേരത്തെ റൂർക്കലയിൽ വടക്കാഞ്ചേരി സ്വദേശി ജോയ് ജോസഫ് (55) മരിച്ചിരുന്നു.

അതേസമയം, സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് ജില്ലയില്‍ രണ്ട് പേരും മലപ്പുറത്ത് ഒരാളുമാണ് മരിച്ചത്. മാവൂർ കുതിരാടം സ്വദേശി കമ്മുകുട്ടി (53), കൊയിലാണ്ടി സ്വദേശി സൗദ (58) എന്നിവര്‍ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് മരിച്ചത്. വൃക്ക രോഗത്തിന് ചികിത്സയിൽ ആയിരുന്നു കമ്മുകുട്ടി. ഇദ്ദേഹത്തിന് ന്യൂമോണിയയും ബാധിച്ചിരുന്നു. സൗദ വൃക്ക രോഗിയായിരുന്നു. മലപ്പുറം ഒളവട്ടൂർ സ്വദേശിനി ആമിന (95) മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.