മുംബൈ: കൊവിഡ് ബാധിച്ച് മഹാരാഷ്ട്രയില്‍ മൂന്ന് മലയാളികള്‍ കൂടി മരിച്ചു. ആലപ്പുഴ, ഇരിങ്ങാലക്കുട, വയനാട് സ്വദേശികളാണ് കൊവിഡ് ബാധിച്ച് മഹാരാഷ്ട്രയില്‍ മരിച്ചത്. ആലപ്പുഴ ചെന്നിത്തല സ്വദേശി ബാബു ഡേവിഡ് ജോര്‍ഡ് സാഗ്ലിയിലാണ് മരിച്ചത്. ഇരിങ്ങാലക്കുട സ്വദേശി കെ കെ ജോര്‍ജ് ഡോംബിവാലിയില്‍ മരിച്ചു. ഇവര്‍ ഒരാഴ്ചയായി കൊവിഡ് ബാധിതരായി ചികിത്സയിലായിരുന്നു.  

വയനാട് സ്വദേശി പ്രസാദ് (39) മഹാരാഷ്ട്രയിലെ പൂനയിലാണ് മരിച്ചത്. കണിയാരം പാലാകുളി തോമ്പ്ര കുടി ബാലസുബ്രമണ്യൻ്റെ മകൻ ആണ് പ്രസാദ്. കുടുംബസമേതം പൂനയിൽ താമസിച്ച് വരികയായിരുന്നു ഇയാള്‍. സ്പെയർ പാർട്സ് കട നടത്തുകയായിരുന്ന പ്രസാദിന് പത്ത് ദിവസം മുമ്പാണ് രോഗം ബാധിച്ചത്. സംസ്കാരം പൂനയിൽ തന്നെ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.

അതേസമയം, സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കൊല്ലത്തും കോഴിക്കോടുമാണ് കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്. കോഴിക്കോട് ജില്ലയില്‍ രണ്ട് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

Also Read: സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊവിഡ് മരണം; മൂന്നും സ്ഥിരീകരിച്ചത് മരണശേഷം, ആശങ്ക