തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശികളായ രണ്ട് പേര്‍ക്കും ഒരു കാസര്‍ഗോഡ് സ്വദേശിക്കുമാണ് ഇന്ന് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ നിലവിലെ കൊവിഡ് ബാധിതരുടെ എണ്ണം 24 ആയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 

12,740 ആളുകള്‍ ഇപ്പോള്‍ കൊവിഡ് ബാധ സംശയിച്ച് നിരീക്ഷണത്തിലാണ്. ഇതില്‍ 270 പേര്‍ ആശുപത്രിയിലാണുള്ളത്. ഇന്നു മാത്രം 72 പേരെ വീടുകളില്‍ നിന്നും ആശുപത്രിയിലേക്ക് മാറ്റി.  2297 സാംപിളുകള്‍ പരിശോധനയ്കക്ക് അയച്ചതില്‍ 1693 എണ്ണം നെഗറ്റീവാണെന്നും മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മതസ്ഥാപനങ്ങള്‍ക്കും ചടങ്ങുകള്‍ക്കും ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ഇനിയും തുടരേണ്ടി വരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വിവാഹചടങ്ങുകള്‍ക്ക് പരമാവധി നൂറ് പേരില്‍ കൂടുതല്‍ പങ്കെടുക്കാന്‍ പാടില്ലെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. 

ഇന്നു ചേര്‍ന്ന സര്‍വ്വകക്ഷിയോഗം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും മാരക വൈറസിനെതിരെയുള്ള പ്രതിരോധത്തില്‍ എല്ലാവരും ഒരുമിച്ചു നില്‍ക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനുവരി അവസാനത്തോടെയാണ് കൊവിഡ് 19 വൈറസ് ബാധ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നല്ല രീതിയില്‍ തന്നെ ആദ്യാവസാനം ആരോഗ്യവകുപ്പ് വൈറസ് ബാധയെ നേരിട്ടുണ്ട്. കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍വ്വകക്ഷിയോഗത്തില്‍ പങ്കെടുത്ത എല്ലാ പാര്‍ട്ടികളും പിന്തുണ നല്‍കിയിട്ടുണ്ട്. ഈ പിന്തുണ സര്‍ക്കാരിന് വലിയ ഊര്‍ജ്ജം നല്‍കും. 

മുഖ്യമന്ത്രിയുടെ വാക്കുകള്‍....

വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചില നിയന്ത്രണങ്ങള്‍ സര്‍ക്കാരിന് ഏര്‍പ്പെടുത്തേണ്ടി വന്നു. സ്വയം ആ നിയന്ത്രണം പാലിക്കാന്‍ ജനങ്ങളും തയ്യാറായി. എന്നാല്‍ നിയന്ത്രണങ്ങളുടെ ഭാഗമായി ചില പ്രതിസന്ധികളും രൂപപ്പെട്ടു. വ്യാപരമേഖലയിലും തൊഴില്‍ മേഖലയിലും ഒരു സ്‍തംഭനാവസ്ഥ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഇതിനെ സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നത്. സാമൂഹിക ജീവിതം അതേ രീതിയില്‍ തുടര്‍ന്നു കൊണ്ടു തന്നെ കൊവിഡ് വൈറസിനെതിരെയുള്ള ജാഗ്രത തുടരണം എന്നാണ് സര്‍ക്കാരിന്‍റെ നിലപാട്. സംസ്ഥാനത്തിന്‍റെ സാമ്പത്തികമേഖലയില്‍ നിലനില്‍ക്കുന്ന സ്‍തംഭനാവസ്ഥ പരിഗണിച്ച് വായ്പ തിരിച്ചടവിന് സമയം നൽകുന്നത് ചർച്ച ചെയ്യാൻ ബാങ്കേഴ്സ് സമിതി യോഗം വിളിക്കും.

കൊവിഡ് 19 പ്രതിരോധത്തിനുള്ള ജാഗ്രത ഇനിയും കൂടുതല്‍ ശക്തമാക്കണമെന്നും എല്ലാ പഴുതുകളും അടയ്ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കര്‍ശന നിരീക്ഷണത്തിന്‍റെ ഭാഗമായി ഇനി വിമാനത്താവളങ്ങളിൽ ആഭ്യന്തര യാത്രക്കാരെയും പരിശോധിക്കും. വിമാനത്താവളങ്ങള്‍ വഴി വിദേശത്തേക്ക് പോകുന്നവരെയും പരിശോധിക്കും. ഇതിന്‍റെ ഭാഗമായി എമിഗ്രേഷന്‍, കസ്റ്റംസ് കൗണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കും. 

രോഗലക്ഷണമുള്ളവരെ നേരിട്ട് ആശുപത്രിയിലേക്ക് മാറ്റും. നിരീക്ഷണം കഴിഞ്ഞ് ആശുപത്രികളില്‍ നിന്നും ഡിസ്‍ചാര്‍ജ് ചെയ്യുന്നവരെ സര്‍ക്കാര്‍ നേരിട്ട് വീടുകളിലെത്തിക്കും. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ രോഗലക്ഷങ്ങള്‍ കാണിക്കുന്നവരെ സര്‍ക്കാര്‍ ഇടപെട്ട് ആശുപത്രിയിലെത്തിക്കും. രോഗികളേയും രോഗലക്ഷണം ഉള്ളവരേയും കൊണ്ടു പോകുന്നതിനായി കൂടുതല്‍ ആംബുലന്‍സുകള്‍ വിമാനത്താവളങ്ങളില്‍ സജ്ജീകരിക്കും. കൊവിഡ്  പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ ആരോഗ്യ പ്രവർത്തകരെ ആവശ്യമുണ്ട്. വിമാനത്താവളങ്ങളിൽ യാത്ര അയക്കാനും സ്വീകരിക്കാനും വരുന്നവരുടെ എണ്ണം നിയന്ത്രിക്കും. 

ആരാധനാലയങ്ങളില്‍ നിലവില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം ഒരു ഘട്ടം കൂടി കടക്കേണ്ടതുണ്ട്. ആരാധനാലയങ്ങളില്‍ ആളുകള്‍ കൂടുന്ന സാഹചര്യം ഒഴിവാക്കേണ്ടതുണ്ട്. ആളുകള്‍ കൂടുന്ന സാഹചര്യം ഒഴിവാക്കാന്‍ മതസ്ഥാപനങ്ങളുടെ മേധാവികള്‍ ശ്രദ്ധിക്കണം. സംസ്ഥാന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രഖ്യാപിച്ച അവധി ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് ബാധകം. ഹൗസ് സര്‍ജന്‍സി, പിജി വിദ്യാര്‍ത്ഥികള്‍ തുടര്‍ന്നും ഹാജരാവണം. 

സംസ്ഥാനത്ത് വിവാഹസീസണ്‍ ആരംഭിക്കാനിരിക്കെ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. നൂറിലധികം പേര്‍ വിവാഹചടങ്ങുകളില്‍ പങ്കെടുക്കാന്‍ പാടില്ല. ജോലിയില്ലാത്ത അന്യസംസ്ഥാന തൊഴിലാളികള്‍ ക്യാംപുകളില്‍ തന്നെ കഴിയണം.