കൊച്ചി: അൽഖ്വയ്ദ ബന്ധത്തിന്‍റെ പേരിൽ കൊച്ചിയിൽ പിടിയിലായ മൂന്ന് പശ്ചിമബംഗാൾ സ്വദേശികളെ ദേശീയ അന്വേഷണ ഏജൻസി ഇന്ന് ദില്ലിയിലേക്ക് കൊണ്ടുപോകും. പെരുമ്പാവൂര്‍, കളമശ്ശേരി മേഖലകളിൽ നിന്ന് ഇന്നലെ പിടികൂടിയ മുർഷിദാബാദ് സ്വദേശി മുർഷിദ് ഹസ്സൻ, പെരുമ്പാവൂരിൽ താമസിച്ചിരുന്ന യാക്കൂബ് ബിശ്വാസ് , മുസറഫ് ഹുസൈൻ എന്നിവരെയാണ് ദില്ലി കോടതിയിൽ ഹാജരാക്കുക. 

ഇന്നലെ വൈകുന്നേരത്തോടെ പ്രതികളെ കൊണ്ടുപോകാനുള്ള അനുമതി എൻ ഐ എ യ്ക്ക് ലഭിച്ചിരുന്നു. ദില്ലിയിൽ കേസ്‌ രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തിൽ തുടർ അന്വേഷണം ദില്ലിയിലാകും നടക്കുക. അതേസമയം ഇന്നലെ കൊച്ചിയിൽ പിടിയിളായ മൂന്ന് പേർക്ക് പുറമെ മറ്റു രണ്ട് പേരെ കേന്ദ്രീകരിച്ചുകൂടി അന്വേഷണം എൻഐഎ കൊച്ചി യുണിറ്റ് അന്വേഷണം തുടരുന്നുണ്ട്.