Asianet News MalayalamAsianet News Malayalam

വീടിന് മുന്നിൽ മൂത്രമൊഴിച്ചതിനെ ചൊല്ലി കൈയ്യാങ്കളി; ആറ്റിങ്ങലിൽ മൂന്ന് പൊലീസുകാര്‍ കസ്റ്റഡിയിൽ

ആറ്റിങ്ങൽ നഗരൂരിൽ നടക്കുന്ന കേരള പൊലീസ് അസോസിയേഷൻ്റെ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാനായി എത്തിയതായിരുന്നു ഈ പൊലീസുകാര്‍.

Three police officers had a fight with a local man in attingal
Author
Attingal, First Published Jul 23, 2022, 6:02 PM IST

കിളിമാനൂര്‍: വീടിന് മുന്നിൽ മൂത്രമൊഴിച്ചതിനെ ചൊല്ലി പൊലീസുകാരും വീട്ടുടമയും തമ്മിൽ കൈയാങ്കളി. ബെവറേജിൽ നിന്നും മദ്യം വാങ്ങി വന്ന പൊലീസുകാര്‍ തൊട്ടടുത്തുള്ള വീടിന് മുന്നിൽ മൂത്രമൊഴിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്. 

ആറ്റിങ്ങൽ നഗരൂരിൽ നടക്കുന്ന കേരള പൊലീസ് അസോസിയേഷൻ്റെ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാനായി എത്തിയതായിരുന്നു ഈ പൊലീസുകാര്‍. സമ്മേളനത്തിനിടെ അടുത്തുള്ള ബെവ്കോ മദ്യവിൽപനശാലയിൽ നിന്നും മദ്യം വാങ്ങിയ ശേഷം ഇവര്‍ സമീപത്തുള്ള വീടിനരികിൽ മൂത്രമൊഴിക്കുകയായിരുന്നു. 

റെയിൽവേ ഉദ്യോഗസ്ഥനായ ഈ വീടിൻ്റെ ഗൃഹനാഥൻ ഇവരുടെ നടപടി ചോദ്യം ചെയ്തു വരികയും പിന്നീട് ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടാവുകയുമായിരുന്നു. വൈകാതെ വാക്കേറ്റം കൈയ്യാങ്കളിയിലേക്ക് എത്തി. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കിളിമാനൂര്‍ പൊലീസ് സ്ഥലത്ത് എത്തി. ഈ പൊലീസുകാരെ കസ്റ്റഡിയിൽ എടുത്തു. ഇവര്‍ ചങ്ങനാശ്ശേരിയിൽ നിന്നും സംസ്ഥാന സമ്മേളനത്തിനായി എത്തിയ പൊലീസുകാരാണ് എന്നാണ് വിവരം. 

കേരള പൊലീസിൻറെ ആത്മവിശ്വാസം കൂടി, നല്ല കാര്യങ്ങളുടെ മാതൃകകളായി: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരള പൊലീസിന്റെ ജനവിരുദ്ധ മുഖം ഇപ്പോൾ പൂർണമായും മാറിയെന്ന് ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആറ്റിങ്ങൽ നഗരൂരിൽ കേരളാ പോലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാരുന്നു അദ്ദേഹം. 

മുൻപ് കേരളാ പൊലീസിന് ജനവിരുദ്ധ മുഖമുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അതിപ്പോൾ പൂർണമായും മാറി. പൊലീസ് ജനങ്ങളോട് ഇടപെടുന്നതിൽ എല്ലാം നല്ല മാറ്റങ്ങളുണ്ടായി. ജനങ്ങളോട് പൊലീസ് ഇപ്പോൾ വലിയ തോതിൽ സഹകരിക്കുന്നുണ്ട്. കേരളം നേരിട്ട ദുരന്തങ്ങളിലും കൊവിഡ് മഹാമാരിയിലും ജനങ്ങൾക്കൊപ്പം പോലീസ് നിന്നുവെന്ന് പറഞ്ഞ് മുഖ്യമന്ത്രി അഭിനന്ദിച്ചു.

ഓരോ പ്രതിസന്ധിയിലും ആപത്തിൽ പെടുന്നവരെ സംരക്ഷിക്കാൻ പോലീസ് ഇടപെട്ടു. പ്രളയകാലത്ത് ഇതിന്റെ ഒരുപാട് അനുഭവങ്ങൾ ജനങ്ങൾക്കുണ്ട്. ആളെ എടുത്തു കൊണ്ടുപോകുമ്പോൾ പൊലീസുകാരന്റെ മൊബൈൽ റിങ്ങ് ചെയ്ത സംഭവം ഉണ്ടായി. വീട് വെള്ളത്തിൽ മുങ്ങുന്നു എന്നായിരുന്നു വിളിച്ചയാൾ നൽകിയ ഫോൺ സന്ദേശം. എന്നാൽ താൻ ഏറ്റെടുത്ത കർത്തവ്യം പൊലീസുകാരൻ പൂർത്തീകരിച്ചു.

കൊവിഡ് കാലത്ത് എല്ലാവരും വീട്ടിൽ അടച്ചിരുന്നപ്പോൾ പോലീസ് വെയിലത്തായിരുന്നു. പോലീസിൻറെ ആത്മവിശ്വാസം കൂടി. നല്ല കാര്യങ്ങളുടെ മാതൃകകളായി പോലീസ് മാറി. വലിയ സേനയിലെ ഓരോരുത്തരും ഈ നല്ല രീതിയിലേക്ക് മാറണം. പഴയ കാലത്തെ രീതികൾ നഷ്ടപ്പെട്ട് പോകുന്നതിനോട് യോജിപ്പ് തോന്നാത്ത ചിലർ ഉണ്ട്. അത്തരം ആളുകൾ പഴയ ശീലം വെച്ച് മുന്നോട്ട് പോകുന്നുമുണ്ട്. എല്ലാ നന്മയെയും സർക്കാർ പ്രോത്സാഹിപ്പിക്കും. വ്യത്യസ്ഥമായി സേനയ്ക്ക് അപമാനം വരുത്തി വെക്കുന്നവർക്ക് ഒരു സംരക്ഷണവും കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പോലീസ് അസോസിയേഷനും ചില ഉത്തരവാദിത്തങ്ങൾ ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ സംഘടനയാണ് എല്ലാ കാര്യവും തീരുമാനിക്കുക എന്ന കാലം ഉണ്ടായിരുന്നു. അതിൽ ഇന്ന് മാറ്റം വന്നിട്ടുണ്ട്. തെറ്റ് ചെയ്താൽ ഉദ്യോഗസ്ഥ തലത്തിൽ നടപടി വരും. സംഘടനയുടെ ഭാഗമാണ് എല്ലാവരും. അവർ പുതിയ സംസ്കാരം ഉൾക്കൊണ്ട് കൊണ്ട് നീങ്ങണം. ആ സംസ്കാരം എന്താണെന്ന് പറഞ്ഞാൽ വലിയ വാർത്തയാകും. അതുകൊണ്ട് പറയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സേനയ്ക്ക് നിരക്കാത്തത് പോലീസുകാർ ചെയ്യരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അപൂർവമായി തെറ്റ് ചെയ്യുന്നുണ്ട്. അത് സംഘടനാ തലത്തിൽ തന്നെ പോലീസ് തിരുത്തണം. ഒരു പോലീസുകാരൻ ചെയ്യുന്ന പ്രവൃത്തി പോലീസിനെ ആകെ ബാധിക്കും. അത് സംഘടന ശ്രദ്ധിക്കണം. ക്രമസമാധാനം തകർന്ന് കാണണം എന്ന് ആഗ്രഹിക്കുന്ന ശക്തികൾ ഇവിടെയുണ്ട്. അത് ഉൾക്കൊള്ളണം. ക്രമസമാധാന പ്രശ്നമുണ്ടാക്കുന്ന ചില ശക്തികൾ വേറെയും ഉണ്ട്. അതിൽ പോലീസ് നല്ല നിലപാടാണ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പ്രശംസിച്ചു.

ഉയർന്ന ഓഫീസർമാരെ ആക്രമിക്കുന്ന സ്ഥിതി വരെ മുൻപുണ്ടായി. ആ പ്രകോപനത്തിലും വീണ് പോയില്ല. ഒരിക്കൽ താൻ എസ്ഐയോട് സംസാരിക്കുമ്പോൾ പിറകിൽ വന്ന് ലാത്തികൊണ്ടടിക്കാൻ ശ്രമിച്ചു. അങ്ങനെയൊരു കാലമല്ല ഇത്. ബോധപൂർവം ചിലർ സംഘർഷം പോലീസിന് നേരെ അഴിച്ചുവിട്ടു. ആ സമയത്ത് പ്രകോപനം തിരിച്ചറിഞ്ഞ് പോലീസ് സമാധാനപരമായി ഇടപെട്ടു. സഹനശക്തി ഒരു ഘടകമായി. ഒരുപാട് പോലീസുകാർ ശാരീരിക ആക്രമണം നേരിട്ടിട്ടുണ്ട്. അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കുന്നവരോട് കർശന നിലപാട് സ്വീകരിച്ച് പോകണം. 

ശക്തമായ ഇൻറലിജൻസ് സംവിധാനം രാജ്യത്തുണ്ട്. മഹാരാഷ്ട്രയിലെ ഒരു കൂട്ടം എംഎൽഎ മാരെ അവിടെ നിന്ന് മാറ്റുന്നത് വരെ ഒരു ഇൻറലിജൻസും അത് കണ്ടെത്തിയില്ല. പുതിയ തരം രീതികൾ സ്വീകരിക്കണം എന്നതാണ് ഈ ഉദാഹരണം. ഉയർന്ന വിദ്യാഭ്യാസമുള്ളവർ പോലീസിൻറെ ഭാഗമാകുന്നുണ്ട്. അതിന് അനുസരിച്ച് പോലീസിൻറെ മുഖവും ശേഷിയും മാറുന്നു. ഈ തലമുറയെ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയണം. സൈബർ ആക്രമണങ്ങൾ ഇന്ന് സജീവമായിട്ട് തുടരുകയാണ്. അതിനെ നേരിടാൻ പുതിയ ആളുകളെ നന്നായി പോലീസ് ഉപയോഗിക്കണം. രാജ്യത്ത് തന്നെ മാതൃകയായ സൈബർ പോലീസാണ് നമ്മുടേതെന്നും പിണറായി വിജയൻ പറഞ്ഞു 

Follow Us:
Download App:
  • android
  • ios