ദില്ലി: രോ​ഗവ്യാപനം ശക്തമായ ദില്ലിയിൽ ലോക്ക് ഡൗണിനോട് സഹകരിക്കാതെ ജനം. ദില്ലി-​ഗാസിയാബാദ് അതി‍ത്തിയിൽ ഇന്ന് വാഹനങ്ങളുടെ നീണ്ട നിരയാണ് പ്രത്യക്ഷമായത്. ​ഇതേ തുട‍ർന്ന് ഇവിടെ ​ഗതാ​ഗതം താത്കാലികമായി നി‍ർത്തിവച്ചു. അവശ്യ സേവനങ്ങൾക്ക് പോകുന്നവരേയും പാസ് ഉള്ളവരേയും മാത്രമേ കടത്തി വിടൂ എന്നാണ് ദില്ലി പൊലീസ് അറിയിക്കുന്നത്. 

അതിനിടെ ദില്ലിയിൽ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. നബി കരിം മേഖലയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ആണ് രോഗം സ്ഥിരീകരിച്ചത്. ദില്ലിയിലെ അതിതീവ്ര രോ​ഗബാധിതമേഖലകളിൽ ഒന്നാണ് നബി കരീം. രോ​ഗവ്യാപനം ശക്തമായതിനാൽ ദില്ലിയിലെ മാധ്യമപ്രവ‍ത്തക‍ർക്കും കൊവിഡ് പരിശോധന നടത്തുമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചു. 

ഇന്ന് രാവിലെ പുറത്തു വന്ന കണക്കനുസരിച്ച് ദില്ലിയിൽ 2081 കൊവിഡ് രോ​ഗികളാണുള്ളത്. ഇതിൽ നൂറിനടത്ത് ആരോ​ഗ്യപ്രവ‍ർത്തകരും ഉൾപ്പെടും. ഇവരിൽ അനവധി പേ‍ർ മലയാളികളാണ്. രോ​ഗം സ്ഥിരീകരിച്ച പകുതി പേ‍ർക്കും കാര്യമായ രോ​ഗലക്ഷണം ഇല്ലാതിരുന്നത് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. ഈ സാഹചര്യത്തിൽ വ്യാപക പരിശോധനയും ക‍ർശന ലോക്ക് ഡൗണും കൊണ്ടു മാത്രമേ കൊവിഡിനെ പ്രതിരോധിക്കാനാവൂ എന്ന് ആരോ​ഗ്യവിദ​ഗദ്ധ‍ർ ചൂണ്ടിക്കാട്ടുന്നു.