Child Attack : കഴിഞ്ഞ ഫെബ്രുവരി 20നാണ് തലയിലും ദേഹമാസകലവും ഗുരുതര പരിക്കുമായി മൂന്ന് വയസുകാരിയെ കോലഞ്ചേരിയിലെ മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കൊച്ചി: എറണാകുളം (Ernakulam) തൃക്കാക്കരയിൽ (Thrikkakkara) ഗുരുതരമായി പരിക്കേറ്റ മൂന്ന് വയസുകാരി ആശുപത്രി വിട്ടു. ശിശുക്ഷേമ സമിതിയുടെ മേൽനോട്ടത്തിൽ കുഞ്ഞിന് തിരുവനന്തപുരത്ത് തുടർചികിത്സ നൽകും. തിരുവനന്തപുരം ശ്രീചിത്രയിൽ ആകും ഇനി തുടർചികിത്സ നടത്തുക. കുട്ടിയുടെ അച്ഛന്റെ ആവശ്യം പരിഗണിച്ചാണ് സിഡബ്ല്യുസിയുടെ (CWC) തീരുമാനം. മേൽനോട്ടം തിരുവനന്തപുരം സിഡബ്ല്യുസിക്ക് കൈമാറി. കുഞ്ഞിന്‍റെ മൂന്നാം ജന്മദിനമായ ഇന്ന് ആഘോഷിച്ച ശേഷമായിരുന്നു ഡിസ്ചാര്‍ജ്.

17 ദിവസത്തെ കാത്തിരിപ്പ് സഫലം. അവൾ മിടുക്കിയായി ആരോഗ്യവതിയായി ആശുപത്രി വിട്ടു. അടുപ്പക്കാരോട് സംസാരിക്കുന്നു, പുഞ്ചിരിക്കുന്നു. ഇത്രയും ദിവസം കണ്ണിമവെട്ടാതെ കാത്ത ആശുപത്രി ജീവനക്കാരെ പിരിയുന്നതിൽ സങ്കടം. കഴിഞ്ഞ ഫെബ്രുവരി 20നാണ് തലയിലും ദേഹമാസകലവും ഗുരുതര പരിക്കുമായി മൂന്ന് വയസുകാരിയെ കോലഞ്ചേരിയിലെ മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അമ്മയുടെ സംരക്ഷണയിൽ ഇരിക്കുമ്പോഴാണ് കുഞ്ഞിന് ഗുരുതര പരിക്കേൽക്കുന്നത്. എങ്ങനെയാണ് കുട്ടിക്ക് പരിക്കേറ്റതെന്നത് ഇതുവരെയും പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതിന്‍റെ കാരണം പൊലീസ് അന്വേഷിച്ചുവരികയാണ്. ഈ സാഹചര്യത്തിൽ കുഞ്ഞിന്‍റെ താത്കാലിക സംരക്ഷണ ചുമതല അച്ഛന് നൽകി. അച്ഛന്‍റെ നി‍ർദ്ദേശപ്രകാരമാണ് ശിശുക്ഷേമ സമിതി തുടർചികിത്സ തിരുവനന്തപുത്താക്കിയത്. ആശുപത്രിയിൽ ജന്മദിനം ആഘോഷിച്ച ശേഷമായിരുന്നു തിരുവനന്തപുരത്തേക്കുള്ള യാത്ര. തുടർചികിത്സയ്ക്ക് ശേഷം കുഞ്ഞിന്‍റെ സംരക്ഷണം ആർക്ക് കൈമാറണമെന്ന് ശിശുക്ഷേമ സമിതി തീരുമാനിക്കും.

കുട്ടിയെ ആരോ ബലമായി പിടിച്ച് കുലുക്കിയതിനെ തുടർന്നുള്ള ആഘാതത്തിലാണ് തലച്ചോറിനും നട്ടെല്ലിനും ഇങ്ങനെ സാരമായ പരിക്കേറ്റെന്നാണ് ഡോക്ടർമാര്‍ പറയുന്നത്. ഇതോടെയാണ് അമ്മ അറിയാതെ കുഞ്ഞിന് ഇങ്ങനെ സംഭവിക്കില്ലെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തുന്നത്. എന്നാൽ ഹൈപ്പർ ആക്ടീവായ കുട്ടി സ്വയം വരുത്തിയ പരിക്കെന്നാണ് അമ്മയും അമ്മൂമ്മയും ആവർത്തിച്ച് പറയുന്നത്. സിഡബ്ല്യൂസിയുടെ കൗൺസിലിംഗിന് ശേഷം സഹോദരിയുടെ പന്ത്രണ്ട് വയസുകാരനായ മകനും ഇത് തന്നെ പറയുന്നു. 

തൃക്കാക്കരയിലെ കുട്ടിക്ക് സംഭവിച്ചത് 'ബാറ്റേർഡ് ഓർ ഷേക്കൻ ബേബി സിൻഡ്രം' എന്ന് ഡോക്ടർമാർ, എന്താണത്?

എറണാകുളം തൃക്കാക്കരയിലെ രണ്ടരവയസ്സുകാരിയുടെ ഗുരുതര പരിക്കിന് മെഡിക്കൽ സംഘം പറഞ്ഞ കാരണമാണ് ബാറ്റേർഡ് ഓർ ഷേക്കൻ ബേബി സിൻഡ്രം (BATTERED OR SHAKEN BABY SYNDROME). കുഞ്ഞ് സ്വയം വരുത്തിയ പരിക്കെന്ന വാദം പൂർണ്ണമായും തള്ളിയാണ് ഡോക്ടർമാർ ഇങ്ങനെ ഒരു സാധ്യതയിലേക്ക് വിരൽ ചൂണ്ടുന്നത്.കേസിൽ അമ്മയെ വീണ്ടും ചോദ്യം ചെയ്യാനിരിക്കെ നമ്മുടെ നാട്ടിൽ അധികമൊന്നും റിപ്പോർട്ട് ചെയ്യപ്പെടാതെ ഈ ശാരീരികാവസ്ഥ എന്താണെന്ന് പരിശോധിക്കാം. പല വിധ സമ്മർദ്ദത്തിന് അടിമയാണ് രക്ഷിതാവെങ്കിൽ കുഞ്ഞിന്‍റെ കൊഞ്ചലുകളോ, കുസൃതിയോ, പിടിവാശികളോ വരെ അവരെ പെട്ടെന്ന് ക്ഷുഭിതരാക്കും. അങ്ങനെ കൈവിട്ട അവസ്ഥയിൽ കുട്ടിയെ ബലമായി പിടിച്ച് കുലുക്കിയാൽ പിഞ്ചുശരീരത്തിൽ അതുണ്ടാക്കുന്ന ആഘാതമാണ് ബാറ്റേർഡ് ഓർ ഷേക്കൻ ബേബി സിൻഡ്രം.