Asianet News MalayalamAsianet News Malayalam

ലോക്ക്ഡൗണിനിടെ യുവതിയുമായി ആംബുലൻസിൽ ഒളിച്ചോടാൻ ശ്രമം, തിരുവനന്തപുരം സ്വദേശികൾ വടകരയിൽ പിടിയിലായി

തിരുവനന്തപുരത്ത് നിന്നും കോഴിക്കോട് വടകരയിലേക്ക് ആംബുലൻസിലെത്തിയ മൂന്ന് യുവാക്കളാണ് പൊലീസ് പിടിയിലായത്. 

three youth illegally traveled in ambulance arrested by police
Author
Thiruvananthapuram, First Published May 5, 2020, 5:02 PM IST

കോഴിക്കോട്: ലോക്ക് ഡൗണ്‍ നിയന്ത്രണം ലംഘിച്ച് ആംബുലൻസിൽ തിരുവനന്തപുരത്ത് നിന്നും വടകരയിലെത്തിയെ മൂന്നു യുവാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇവരിലൊരാളുടെ കാമുകിയായ വടകര സ്വദേശിനിയെ തിരുവനന്തപുരത്തേക്ക് കടത്താനെത്തിയെന്നാണ് യുവാക്കള്‍ പോലീസിന് നല‍്കിയ മൊഴി. മൂവരും വടകര പോലീസിൻ്റെ കസ്റ്റഡിയിലാണ് ഇപ്പോൾ.

ഇന്നു പുലര്‍ച്ചെ മുതൽ വടകര, ചോറോട് മേഖലകളില്‍ നിരന്തരം ഒരു ആബുംലൻസ് കറങ്ങുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് പിടികൂടിയപ്പോൾ തിരുവനന്തപുരത്തു നിന്നും രോഗിയെ കൊണ്ടു വന്നതാണെന്ന മൊഴി വിശ്വസിച്ച് ആദ്യം വിട്ടയച്ചെങ്കിലും റവന്യു ഉദ്യോഗസ്ഥരുടെ ഇടപടലിനെതുടര്‍ന്ന് വീണ്ടും കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

ആബുംലന്‍സിലുണ്ടായിരുന്ന മുവരെയും വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വടകരയിലെത്തിയത് ഇവരിലൊരാളുടെ കാമുകിയായ യുവതിയെ തിരുവനന്തപുരത്തേക്ക് കടത്തി കൊണ്ടു പോകാനാണെന്ന് മനസിലായത്. പോലീസ് യുവതിയുടെ  വീട്ടിലെത്തി കാര്യങ്ങളന്വേഷിച്ചപ്പോള്‍ പ്രണയത്തിലാണെന്ന് ഇവരും  സമ്മതിച്ചു. 

സമൂഹമാധ്യമങ്ങളിലുടെ പരിചയപ്പെട്ട് പ്രണയത്തിലായതാണെന്നും താൻ ആവശ്യപ്പെട്ടതനുസരിച്ചാണ് യുവാക്കള്‍ വടകരയിലെത്തിയതെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്നും വടകരയിലെത്താനുള്ള  രേഖകളൊന്നും മൂവരുടേയും കൈയിലുണ്ടായിരുന്നില്ല. ലോക്ക് ഡൗണ്‍ നിയന്ത്രണം ലംഘിച്ചതിന് ഇവർക്കെതിരെ പൊലീസ് കേസെടുത്തു. യുവാക്കൾ മൂന്ന് പേരും ഇപ്പോൾ വടകര പോലീസിൻ്റെ കസ്റ്റഡിയിലാണ്.
 

Follow Us:
Download App:
  • android
  • ios