'കേരളത്തിൽ പാതിരിയെ സ്ഥാനാർത്ഥിയാക്കിയ ഇടത് പക്ഷത്തിന് പാതിരിമാരെ ഒപ്പമിരുത്തിയുള്ള വാർത്താ സമ്മേളനത്തെ ന്യായീകരിക്കാനും ഇന്ന് ബുദ്ധിമുട്ടുണ്ടാകില്ല.'... അനൂപ് ബാലചന്ദ്രന്‍ എഴുതുന്നു
''Religion is the sigh of oppress creature heart of the heartless world and soul of the soulless conditions. It is the opium of the people.''
Karl Marx, 1843
മതത്തെ കുറിച്ച് കാൾ മാർക്സ് (Karl Marx) പറഞ്ഞ വാക്കുകളാണ്. എന്നാൽ ഇതിൽ നിന്നും സിപിഎം(CPM) കോഴിക്കോട് ജില്ലാ സമ്മേളനത്തിനെത്തിയപ്പോൾ കോടിയേരി ബാലകൃഷ്ണൻ മാർക്സിനെ മറന്നു. ഏതൊരു വിശ്വാസിക്കും കമ്യുണിസ്റ്റാകാം എന്നായിരുന്നു കോടിയേരിയുടെ വാക്കുകൾ. സോവിയറ്റ് യൂണിയനിൽ പാതിരിമാരെ പാർട്ടിയിലേക്ക് ക്ഷണിച്ച ലെനിനെയാണ് അന്ന് സിപിഎം സെക്രട്ടറി ഉയർത്തിക്കാട്ടിയത്. കാൾ മാർക്സും കോടിയേരിയും തമ്മിൽ ഒന്നര നൂറ്റാണ്ടിൻ്റെ അകലമുണ്ട്. എന്നാൽ മതവിരുദ്ധതയിൽ നിന്നും മത പ്രീണനത്തിലേക്ക് ഇന്ന് ഒരു വാർത്താ സമ്മേളനത്തിൻ്റെ മൈക്ക് അകലം മാത്രം. കേരളത്തിൽ പാതിരിയെ സ്ഥാനാർത്ഥിയാക്കിയ ഇടത് പക്ഷത്തിന് പാതിരിമാരെ ഒപ്പമിരുത്തിയുള്ള വാർത്താ സമ്മേളനത്തെ ന്യായീകരിക്കാനും ഇന്ന് ബുദ്ധിമുട്ടുണ്ടാകില്ല. പാർലമെൻ്ററി രാഷ്ട്രീയത്തിലെ ഈ പ്രായോഗികതകൾ മാർക്സിസം ലെനിനിസവുമായോ കമ്യൂണിസ്റ്റ് സംഘടനാ തത്വങ്ങളുമായോ ആത്മാർത്ഥമായി കൂട്ടികെട്ടുകയാണെങ്കിൽ അതിൽ പരം അബദ്ധവുമില്ല.
ഐഷാ പോറ്റിയോടും എംഎം മോനായി യോടും സിപിഎം മാപ്പ് പറയുമോ?
ഒന്നര പതിറ്റാണ്ട് മുമ്പത്തെ സംഭവമാണ്. 2006ൽ കൊട്ടാരക്കരയിൽ ബാലകൃഷ്ണപിള്ളയെ അട്ടിമറിച്ച് ഐഷാ പോറ്റി ജയിൻ്റ് കില്ലറായ കാലം. പി പി തങ്കച്ചനെ തോൽപിച്ച് എം എം മോനായി സ്റ്റാറായി നിൽക്കുന്ന കാലം. നിയമസഭയിൽ ഇരുവരും ദൈവനാമത്തിൽ സത്യ പ്രതിജ്ഞ ചെയ്തതോടെ സിപിഎം നയം മാറി. കൊട്ടാരക്കര കടന്ന് എത്തിയ ഐഷാ പോറ്റിയും കുന്നത്ത് നാട് ചുവപ്പിച്ച എംഎം മോനായിയും പ്രത്യയശാസ്ത്ര ബോധമില്ലായ്മയുടെ ചൂടറിഞ്ഞു. ‘പാര്‍ട്ടി ഏരിയാ കമ്മിറ്റി അംഗങ്ങളായ സഖാക്കള്‍: എം.എം മോനായി, ഐഷാ പോറ്റി എന്നിവര്‍ എം.എല്‍. എമാരായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തത് പാര്‍ട്ടിക്കാകെ വരുത്തിവച്ച അപമാനം ആയിരുന്നു. വൈരുദ്ധ്യാധിഷ്ഠിത ഭൗതിക വാദത്തില്‍ ഉറച്ചു നില്‍ക്കുന്ന ഒരാളാണു പാര്‍ട്ടി അംഗത്വത്തിലേക്കുവരുന്നത്. ദീര്‍ഘകാലമായി പാര്‍ട്ടി അംഗങ്ങളായി തുടരുകയും ഏരിയാ കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത ഈ സഖാക്കള്‍ക്ക് തങ്ങളുടെ രഹസ്യമാക്കി വെച്ചിരുന്ന ദൈവവിശ്വാസം പരസ്യമായി പ്രകടിപ്പിച്ച് പാര്‍ട്ടിയെയാകെ അപമാനിക്കുന്നതിന് ഒരു പ്രയാസവുമുണ്ടായില്ല. ഇത്തരത്തില്‍ പരസ്യമായി പാര്‍ട്ടിയുടെ നിലപാടുകള്‍ ധിക്കരിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ ചെയ്തികള്‍ പാര്‍ട്ടി ഘടകങ്ങള്‍ കണ്ടില്ലെന്ന് നടിക്കരുത്. പാര്‍ട്ടി നിലപാടുകളില്‍ പാര്‍ട്ടി അംഗങ്ങളെയാകെ ഉറച്ചുനില്‍ക്കുന്നതിന് സഹായിക്കുന്ന ഇടപെടലുകള്‍ പാര്‍ട്ടി ഘടകങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാവണം’
(സിപിഎം പാർട്ടി കത്ത് 2006)
സിപിഎം പാർട്ടി അംഗമാണെന്ന് വ്യക്തമാക്കിയ ജോ ജോസഫ് തൻ്റെ കന്നി വാർത്താ സമ്മേളനം നടത്തിയ രീതി രാഷ്ട്രീയമായി പിശകല്ലെ? ഒരു സ്വകാര്യ ആശുപത്രിയുടെ പരസ്യ മുഖമായി എന്നതിനപ്പുറം ആശുപത്രി മാനെജ്മെൻ്റിലെ രണ്ട് വൈദികരെ ഒപ്പം ഇരുത്തി. അവർക്ക് മൈക്ക് കൈമാറി എന്ത് സന്ദേശമാകും തൃക്കാക്കരയിലെ വോട്ടർമാർക്ക് സ്ഥാനാർത്ഥി നൽകിയിട്ടുണ്ടാകുക. ഇന്ത്യയിൽ മറ്റേതെങ്കിലുംകമ്യുണിസ്റ്റ് സ്ഥാനാർത്ഥി ഇങ്ങനെ ചെയ്തിട്ടുണ്ടാകുമോ? ആ പ്ലാറ്റ്ഫോമിൽ സിപിഎമ്മിൻ്റെ കേന്ദ്ര കമ്മിറ്റിയംഗവും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ജില്ലാ സെക്രട്ടറിയും ഇരുന്നത് തെറ്റല്ല? ഇനി ഇതാണ് പുതിയ കാല പാർട്ടി ശരികളെങ്കിൽ ഐഷാ പോറ്റിയോടും എംഎം മോനായിയോടും സി പി എം മാപ്പ് പറയുമോ?
പള്ളിക്കും പാർട്ടിക്കും സമ്പത്തിൻ്റെ ദശാംശം നൽകുന്ന ഡോക്ടർ ജോ ജോസഫ്
അരിവാൾ ചുറ്റിക നക്ഷത്രത്തിൽ തൃക്കാക്കരയിൽ ഒരു സ്ഥാനാർത്ഥി. നാടകീയതകൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിലാണെങ്കിലും സിപിഎം മുങ്ങി തപ്പിയെടുത്ത ഈ മുത്ത് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പാർട്ടിക്കാരെ സംബന്ധിച്ച് പെർഫക്ട് കോമ്പിനേഷനാണ്. പള്ളിക്ക് ദശാംശവും പാർട്ടിക്ക് ലെവിയും നൽകുന്ന കമ്യൂണിസ്റ്റും കത്തോലിക്കനുമായ സഖാവ്. ലാറ്റിനമേരിക്കയിലെ ഇടതുപക്ഷ മുന്നേറ്റങ്ങളും കത്തോലിക്കാ സഭയുടെ വിന്യാസ പദ്ധതികളെക്കുറിച്ചും ജോ ജോസഫ് എഴുതിയ ലേഖനത്തിൽ ഡോക്ടർ വിപ്ലവത്തെയും വിശ്വാസത്തെയും ഒരേ നൂലിൽ കോർക്കാൻ പരിശ്രമിക്കുന്നുണ്ട്.
വിവിധ വിഷയങ്ങളിൽ തൻ്റെ ഇടത് നിലപാടുകൾ തുറന്നു പറയുന്ന ജോ ജോസഫ് ഇറക്കുമതിയല്ല എന്ന് സിപിഎം ന്യായീകരിക്കുന്നതും ഈ പ്രസ്താവനകൾ പൊടി തട്ടിയെടുത്താണ്. ഒരു കാര്യം ഉറപ്പിച്ച് പറയുന്നു സിപിഎം ,2021 ലെ ഡോ. ജെ ജേക്കബല്ല 2022 ലെ ഡോ.ജോ ജോസഫ്. ഇടതു കൈയ്യിൽ ദാസ് ക്യാപിറ്റലും വലത് കൈയ്യിൽ ബൈബിളും പിടിക്കുന്ന സ്ഥാനാർത്ഥിയിൽ ഇടത് പ്രതീക്ഷകൾ ചിറകു വയ്ക്കുകയാണ്. എന്തായാലും സിപിഎം രാഷ്ട്രീയത്തിലെ ഈ പുതിയ വൈദ്യ പരീക്ഷണത്തിൻ്റെ ഭാവി എന്താകും എന്നതിലെ ഉത്തരം തൃക്കാക്കരക്കാർക്ക് വിടുന്നു.
