ഡിവൈഎഫ് ഐയുടെ മുൻ ജില്ലാ സെക്രട്ടറി കൂടിയായ അരുൺ കുമാർ ചാനൽ ചർച്ചകളിൽ സിപിഎം പ്രതിനിധിയായി സുപരിചിതനാണ്. 

കൊച്ചി: തൃക്കാക്കരയിൽ (Thrikkakara) സിപിഎം ജില്ലാ കമ്മിറ്റി അംഗം അഡ്വക്കേറ്റ് കെ എസ് അരുൺ കുമാർ ഇടത് മുന്നണി സ്ഥാനാർത്ഥിയായേക്കുമെന്ന് സൂചന. സിപിഎം (cpm)ജില്ലാ കമ്മിറ്റി യോഗത്തിൽ ധാരണയായതാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിൽ മണ്ഡലത്തിൽ ചുവരെഴുത്തുകൾ ആരംഭിച്ചു. സിഐടിയു ജില്ലാ കമ്മിറ്റിയഗവും ശിശുക്ഷേമ സമിതി ജില്ലാ ഉപാധ്യക്ഷനുമാണ് കെ എസ് അരുൺ കുമാർ. ഡിവൈഎഫ് ഐയുടെ മുൻ ജില്ലാ സെക്രട്ടറി കൂടിയായ അരുൺ കുമാർ ചാനൽ ചർച്ചകളിൽ സിപിഎം പ്രതിനിധിയായി ജനങ്ങൾക്ക് സുപരിചിതനാണ്. 

കുന്നത്തുനാട് മഴുവന്നൂരിലെ റിട്ടയേഡ് നേവി ഉദ്യോഗസ്ഥനായ ശിവശങ്കരൻ നായരുടെയും കൃഷ്ണകുമാരിയുടെയും മകനായ അരുൺ കുമാർ ഇടത് വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിൽ നിന്നും പ്രീഡിഗ്രിയും ബി.എ എക്കണോമിക്സ് ബിരുദവും നേടി. എസ്.എഫ്.ഐ എറണാകുളം ജില്ലാ ഭാരവാഹിയും സംസ്ഥാന കമ്മിറ്റിയംഗമായിരുന്നു. യുഡിഎഫ് ഭരണകാലത്ത് രജനി എസ് ആനന്ദ് എന്ന വിദ്യാർത്ഥി തിരുവനന്തപുരം പരീക്ഷാ കമ്മീഷണറുടെ ഓഫീസിനു മുകളിൽ നിന്നു ചാടി ആത്മഹത്യ ചെയ്തതിനെ തുടർന്ന് നടന്ന വിദ്യാർത്ഥി സമരത്തിൽ പങ്കെടുത്ത് ദിവസങ്ങളോളം ജയിൽ വാസമനുഭവിച്ചു. തിരുവനന്തപുരം ലോ അക്കാഡമി ലോ കോളേജിൽ നിന്നും നിയമ ബിരുദം നേടിയ അരുൺ നിലവിൽ ഹൈക്കോടതിയിൽ പ്രാക്ടിസ് ചെയ്യുകയാണ്.

നിലവിൽ ഫിലിപ്സ് കാർബൺ കമ്പനി എംപ്ലോയ്സ് അസോസിയേഷൻ സിഐടിയു, OEN ഇൻഡ്യ വർക്കേഴ്സ് യൂണിയൻ, ഐരാപുരം റബർ പാർക്ക് എംപ്ലോയ്സ് യൂണിയൻ എന്നി ട്രേഡ് യൂണിയനുകളുടെ പ്രസിഡണ്ടാണ് അരുൺ കുമാർ. നിലവിൽ എറണാകുളം ജില്ലാ ശിശുക്ഷേമസമിതി വൈസ് ചെയർമാനായായ അദ്ദേഹം ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ഹൈക്കോടതി കമ്മിറ്റി ജോയിന്റ് സെക്രട്ടറിയും സംസ്ഥാന കൗൺസിൽ അംഗവുമാണ്. അഡ്വ. എം എൻ മായയാണ് ഭാര്യ. എറണാകുളം, എളമക്കര ഗവൺമെന്റ് സ്ക്കൂളിലെ 9 ക്ലാസ് വിദ്യാർത്ഥി എ.അദ്വൈത്, നാലാം ക്ലാസ്സ് വിദ്യാർത്ഥി എ. ആനന്ദ് എന്നിവർ മക്കളാണ്.

നൂറ് തികയ്ക്കാൻ ലക്ഷ്യമിട്ട് ഇടത് പക്ഷം 

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വിജയം നേടി നിയമസഭയിൽ അംഗബലം നൂറ് തികയ്ക്കാൻ ലക്ഷ്യമിട്ടാണ് ഇടതുപക്ഷമിറങ്ങുന്നത്. ഉറപ്പാണ് 100 ഉറപ്പാണ് തൃക്കാക്കര എന്ന ടാഗ്‌ലൈനാണ് പ്രചാരണത്തിന്റെ മുഖ്യ വാചകം. വികസനം പറഞ്ഞ് വോട്ട് തേടുന്ന ഇടതുമുന്നണി തൃക്കാക്കര മണ്ഡലം ഇക്കുറി പിടിക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ്. രണ്ടാഴ്ച മുന്‍പ് മുന്നണി കണ്‍വീനറായി ചുമതലയേറ്റെടുത്ത ഇപി ജയരാജന്‍ നേരിട്ട് തൃക്കാക്കരയിൽ ഉപതെരഞ്ഞെടുപ്പ് പ്രചാരണം ഏകോപ്പിപ്പിക്കുകയാണ്. മന്ത്രി പി രാജീവും സെക്രട്ടേറിയറ്റംഗം എം സ്വരാജും മുഴുവന്‍ സമയം മണ്ഡലത്തില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച് വരും.