2014 ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴേക്ക് എൻഡിഎ കാര്യമായി തൃക്കാക്കരയിൽ വോട്ട് ശതമാനം കൂട്ടിയതാണ് കണ്ടത്. വെറും അഞ്ച് ശതമാനത്തിൽ നിന്ന് പത്ത് ശതമാനത്തോളം വോട്ട് കൂടുതൽ നേടി 15 ശതമാനം ...
കൊച്ചി: ഇത്തവണ എ എൻ രാധാകൃഷ്ണനെ ഇറക്കിയിട്ടും ബിജെപിക്ക് രക്ഷയുണ്ടായില്ല. പി സി ജോർജിനെയും ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളെയും ചൊല്ലിയുള്ള വിവാദങ്ങളും ബിജെപിയെ സഹായിച്ചില്ല. 2011-ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വോട്ട് ശതമാനമാണ് ഇത്തവണ ബിജെപിക്ക് കിട്ടിയത്. ഇരുമുന്നണികളെയും ഞെട്ടിച്ച് 2016 നിയമസഭാ തെരഞ്ഞെടുപ്പിൽ പതിനഞ്ച് ശതമാനത്തോളം വോട്ട് നേടിയ എൻഡിഎയുടെ വോട്ട് ശതമാനം ഇത്തവണ പത്ത് ശതമാനത്തിലും താഴെയാണ്. എ എൻ രാധാകൃഷ്ണന് 12955 വോട്ടുകളാണ് കിട്ടിയത്. അതായത് 9.57% വോട്ടുകൾ മാത്രം.
ലോക്സഭാ തെരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിൽ 2014-ൽ പന്ത്രണ്ട് ശതമാനത്തോളം വോട്ട് നേടിയ ഒരു ചരിത്രം കൂടി വച്ചാണ് മുതിർന്ന നേതാവ് കൂടിയായ എ എൻ രാധാകൃഷ്ണനെ ബിജെപി കളത്തിലിറക്കുന്നത്. ക്രിസ്ത്യൻ വോട്ടുകൾ നിർണായകമാവുമെന്ന് ഉറപ്പായിരുന്ന മണ്ഡലത്തിൽ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ വോട്ട് ഭിന്നിപ്പിച്ച് കിട്ടാനുള്ള പരമാവധി ശ്രമം ബിജെപി നടത്തി. സഭാ നേതൃത്വത്തെ നേരിട്ട് പോയി കണ്ട്, വോട്ടുറപ്പിക്കാൻ സംസ്ഥാനാധ്യക്ഷൻ കെ സുരേന്ദ്രനടക്കം ബിജെപിയുടെ സംസ്ഥാനനേതൃത്വം ഇറങ്ങി.
പിന്നീടങ്ങോട്ട് കൃത്യമായി ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ വോട്ട് ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് ബിജെപിയുടെ ഭാഗത്ത് നിന്നുണ്ടായത്. പി സി ജോർജിന്‍റെ വിദ്വേഷപ്രസംഗത്തിന് ശേഷമുണ്ടായ അറസ്റ്റ് തന്നെയാണ് ബിജെപി പ്രധാന പ്രചാരണവിഷയമാക്കിയത്. പൂഞ്ഞാറിൽ തോറ്റ ശേഷം തീവ്ര സംഘപരിവാർ നിലപാടുകൾ സ്വീകരിക്കുന്ന പി സി ജോർജ് കടുത്ത മുസ്ലിം വിരുദ്ധപ്രസംഗം നടത്തിയതും ജയിലിൽപ്പോയതുമായിരുന്നു ബിജെപി മുന്നോട്ട് വച്ച പ്രധാനപ്രചാരണവിഷയം. അറസ്റ്റിലായി പുറത്ത് വന്ന ശേഷം സ്ഥാനാര്‍ഥി രാധാകൃഷ്ണനൊപ്പം മണ്ഡലത്തിലുടനീളം എൻഡിഎയ്ക്ക് വേണ്ടി പ്രചാരണം നടത്തി പി സി ജോർജ്.
കുത്തനെ താഴോട്ട് എൻഡിഎ
2014 ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴേക്ക് എൻഡിഎ കാര്യമായി തൃക്കാക്കരയിൽ വോട്ട് ശതമാനം കൂട്ടിയതാണ് കണ്ടത്. വെറും 2016 നിയമസഭാ തെരഞ്ഞെടുപ്പിലെ വെറും അഞ്ച് ശതമാനത്തിൽ നിന്ന് പത്ത് ശതമാനത്തോളം വോട്ട് കൂടുതൽ നേടി 15 ശതമാനം വോട്ട് എൻഡിഎ നേടി.
2021 നിയമസഭാ തെരഞ്ഞെടുപ്പായപ്പോഴേക്ക് കളത്തിലേക്ക് ട്വന്‍റി 20 കൂടി എത്തി. കന്നി തെരഞ്ഞെടുപ്പിൽ നഗരമണ്ഡലത്തിൽ 10.28% വോട്ട് ട്വന്‍റി 20 നേടി. അന്നവിടെ നഷ്ടം നഷ്ടം യുഡിഎഫിന് തന്നെയായിരുന്നു. 2011-ലെ 56 ശതമാനത്തോളം നേടിയ വോട്ടിൽ നിന്ന് 2016-ൽ 45 ശതമാനത്തിലേക്കും പിന്നീട് 2021-ൽ 43 ശതമാനത്തിലേക്കും യുഡിഎഫിന്‍റെ വോട്ട് വിഹിതം കുറഞ്ഞു. എൽഡിഎഫിന്‍റെ വോട്ട് വിഹിതത്തിലും 3 ശതമാനത്തിന്‍റെ കുറവുണ്ടായി.
അന്ന് ഇതിലേറ്റവും വലിയ തിരിച്ചടിയേറ്റത് എൻഡിഎയ്ക്കാണ്. 2016-ൽ നേടിയ 15 ശതമാനത്തിലൊരു പങ്ക് ട്വന്‍റി 20 കൊണ്ടുപോയി. എൻഡിഎ വോട്ട് വിഹിതം 11 ശതമാനമായി കുറഞ്ഞു. 2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ അനിതാ പ്രതാപ് ഇവിടെ നിന്ന് 7.89% വോട്ട് നേടിയെന്നതും ഓർക്കണം. പ്രത്യേകിച്ച് ആപ്പും, ട്വന്‍റി 20-യും കേരളത്തിൽ സഖ്യം പ്രഖ്യാപിച്ച സാഹചര്യത്തിൽ.
'രാജഗോപാലിന് ശേഷം നിയമസഭയിലേക്ക് ഞാൻ'
ഒ രാജഗോപാലിന് ശേഷം നിയമസഭയിലേക്ക് ബിജെപി എംഎൽഎയായി പോകുന്ന സ്ഥാനാർത്ഥി താനായിരിക്കുമെന്നാണ് പോളിംഗ് ദിനത്തിൽ എ എൻ രാധാകൃഷ്ണൻ പറഞ്ഞത്. എറണാകുളം മണ്ഡലത്തിലെ വോട്ടറാണ് എ എൻ രാധാകൃഷ്ണൻ.
പി സി ജോർജ് വിഷയം അന്ന് രാവിലെയും സ്ഥാനാർത്ഥി ഉന്നയിച്ചു. ഭീകരവാദികൾക്കൊപ്പമാണ് പിണറായി വിജയനും വി ഡി സതീശനും. പി സി ജോർജ് യേശുവിനെപ്പോലെ ക്രൂശിക്കപ്പെട്ടയാളാണെന്നും, ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും മാത്രമാണ് പിണറായി അറസ്റ്റ് ചെയ്യാൻ നിർദേശിക്കുന്നതെന്നും രാധാകൃഷ്ണൻ ആരോപിച്ചു. വികസനമല്ല, ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ ഭീതിയാണ് ഇത്തവണ തൃക്കാക്കരയിലെ വോട്ടർമാരുടെ മനസ്സിലെന്നും എ എൻ രാധാകൃഷ്ണൻ പറഞ്ഞു.
എന്നാൽ ആ പ്രചാരണങ്ങളെയെല്ലാം തൃക്കാക്കരയിലെ വോട്ടർമാർ തള്ളിക്കളഞ്ഞ കാഴ്ചകളാണ് കണ്ടത്. ബിജെപിയ്ക്ക് ഇതിന് മുമ്പ് കിട്ടിയ ഒരു വിഹിതം വോട്ടുകളും ട്വന്‍റി 20-യ്ക്ക് കിട്ടിയ വോട്ടുകളുടെ ഒരു വിഹിതവും യുഡിഎഫിന് പോയെന്ന സൂചനകളാണ് ലഭിക്കുന്നത്. തൃക്കാക്കരയിൽ ആര് ജയിച്ചാലും അവർക്ക് കുറഞ്ഞ ഭൂരിപക്ഷമായിരിക്കുമെന്ന് പറഞ്ഞ എ എൻ രാധാകൃഷ്ണന്‍റെ പ്രവചനവും തെറ്റി. ഇടത് വലത് മുന്നണികളുടെ വോട്ട് വിഹിതം പിടിച്ചെടുക്കാൻ ബിജെപിക്ക് കഴിഞ്ഞതേയില്ല.
ഇപ്പോഴിതാ എൻഡിഎ വോട്ട് വിഹിതം പത്ത് ശതമാനത്തിലും താഴെ പോകുമ്പോൾ എന്താണ് ഈ തകർച്ചയുടെ കാരണമെന്നത് ബിജെപിക്ക് തല പുകഞ്ഞ് ആലോചിക്കേണ്ടി വരും.