വ്യാജ വീഡിയോ പ്രചാരണത്തിൽ ജോ ജോസഫിന്റെ ഭാര്യോടൊപ്പമാണെന്നും തനിക്കെതിരെയും സൈബർ ആക്രമണം ഉണ്ടായിട്ടുണ്ടെന്നും ഉമ തോമസ്.
കൊച്ചി: തൃക്കാക്കരയിൽ (Thrikkakara Byelection) വിജയം ഉറപ്പെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ് (Uma Thomas). വ്യാജ വീഡിയോ പ്രചാരണത്തിൽ ജോ ജോസഫിന്റെ ഭാര്യോടൊപ്പമാണെന്നും ഉമ തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തനിക്കെതിരെയും സൈബർ ആക്രമണം ഉണ്ടായിട്ടുണ്ട്. പിടിയുടെ മരണത്തെ മുഖ്യമന്ത്രി ആഘോഷമായി കണ്ടു. പി ടിയുടെ മരണത്തെ സൗഭാഗ്യമെന്ന് മുഖ്യമന്ത്രി പരാമർശിച്ച സാഹചര്യം പോലും ഉണ്ടായിയെന്നും ഉമ തോമസ് വിമർശിച്ചു.
ഇടത് സ്ഥാനാർത്ഥി ജോ ജോസഫും വിജയ പ്രതീക്ഷയാണ് ഉയർത്തുന്നത്. ഭൂരിപക്ഷം എത്രയെന്ന് ഇപ്പോൾ പറയാനാവില്ല. വിവാദത്തിലല്ല വികസനത്തിൽ മാത്രം ഊന്നിയാണ് താൻ പ്രചാരണം പൂർത്തിയാക്കുന്നതെന്നും ജോ ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം, ഇടതു സ്ഥാനാർഥിക്ക് എതിരെയുള്ള വീഡിയോ പ്രചാരണത്തിൽ അപലപിക്കാൻ പോലും യുഡിഎഫ് നേതാക്കൾ തയാറായില്ലെന്ന് മന്ത്രി പി രാജീവ് കുറ്റപ്പെടുത്തി. വീഡിയോ പ്രചരിപ്പിച്ചത് നിസ്സാരവത്കരിച്ച പ്രതിപക്ഷ നേതാവ് നൽകുന്നത് മോശം സന്ദേശമാണ്. ജനങ്ങൾ യുഡിഎഫിന്റെ ഹീനമായ രാഷ്ട്രീയം മനസ്സിലാക്കും. യുഡിഎഫ് അനുകൂലികൾക്ക് പോലും അംഗീകരിക്കാനാവാത്ത പ്രചരണമാണ് യുഡിഎഫ് നടത്തിയത്. യുഡിഎഫ് അനുകൂലികൾ പോലും ഇടതിനോടൊപ്പം നിൽക്കും. ഇടതുപക്ഷം ഒരിക്കൽ പോലും വ്യക്തിഹത്യയിലേക്ക് കടന്നിട്ടില്ലെന്നും വികസനം മാത്രമാണ് ചർച്ച ചെയ്യ്തതെന്നും പി രാജീവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പരസ്യപ്രചാരണം നാളെ അവസാനിക്കാനിരിക്കെ പ്രചാരണം ശക്തമാക്കുകയാണ് മുന്നണികൾ. വികസനത്തിൽ തുടങ്ങിയ ഇടത് പ്രചാരണം സ്ഥാനാർത്ഥിക്കെതിരായ വീഡിയോ വിവാദത്തിലാണ് ഇപ്പോൾ കേന്ദ്രീകരിച്ചിരിക്കുന്നത്. വീഡിയോ വിവാദത്തിൽ ആസൂത്രിത നീക്കമുണ്ടെന്ന നിലപാടാണ് യുഡിഎഫിനുള്ളത്. കേരളം മുഴുവൻ തൃക്കാക്കരയിലേക്ക് കേന്ദ്രീകരിച്ചുള്ള വമ്പൻ പ്രചാരണമാണ് ക്ലൈമാക്സിലേക്ക് അടുക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും സുരക്ഷിതെന്ന് യുഡിഎഫ് കണക്കാക്കുന്ന മണ്ഡലത്തിൽ പക്ഷേ അവസാന ലാപ്പിൽ എത്തുമ്പോൾ കടുത്ത പോരാട്ടമാണ് നടക്കുന്നത്.
Also Read : തൃക്കാക്കര യുദ്ധം: കര തൊടാൻ അസ്ത്രങ്ങൾ തൊടുത്ത് എൽഡിഎഫ്, പ്രതിരോധിച്ച് യുഡിഎഫ്; പ്രചാരണം അവസാന ലാപ്പിൽ
അതേസമയം, വിദ്വേഷ പ്രസംഗ കേസിൽ ജാമ്യം ലഭിച്ച മുൻ എംഎൽഎ പി സി ജോർജ് നാളെ തൃക്കാക്കരയിലെത്തും. ബിജെപിയുടെ പ്രചാരണത്തിനായാണ് പി സി എത്തുന്നത്. മുഖ്യമന്ത്രിയുടെ പ്രസ്താവനകൾക്ക് തൃക്കാക്കരയിൽ പി സി മറുപടി നൽകിയേക്കും. തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ ഇടത് മുന്നണി പ്രചാരണം കടുപ്പിക്കുമ്പോഴാണ് പി സിയുടെ വരവ് എന്നുള്ളതാണ് ശ്രദ്ധേയം. മതവിദ്വേഷ പ്രസംഗ കേസിൽ ജയില്‍ മോചിതനായ പി സി ജോര്‍ജ് ഇന്നലെ രാത്രിയോടെ കോട്ടയത്ത് എത്തിയിരുന്നു.
Also Read : മുഖ്യമന്ത്രിക്ക് പി സി ജോർജിന്റെ മറുപടിയെന്ത്? നാളെ തൃക്കാക്കരയിലേക്ക്, ഉറ്റുനോക്കി കേരളം
