തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചത് ബിജെപിയുടെയും എസ്ഡിപിഐയുടെയും ട്വന്റി 20യുടെയും വോട്ട് യുഡിഎഫ് സമാഹരിച്ചതാണ്. അതുതന്നെയാണ് ക്യാമ്പസുകളിലും ആവർത്തിക്കുന്നത്.
കണ്ണൂർ: യുഡിഎഫിനൊപ്പം (UDF) ബിജെപിയും എസ്ഡിപിഐയും ട്വന്റി 20യും അണിനിരന്ന തൃക്കാക്കര മോഡൽ മഞ്ചേരി മെഡിക്കൽ കോളജ് വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിലും ആവർത്തിച്ചിരിക്കുകയാണെന്ന് എം വി ജയരാജൻ (M V Jayarajan). ആരോഗ്യ സർവ്വകലാശാലയിൽ തെരഞ്ഞെടുപ്പ് നടന്നപ്പോൾ ആകെയുള്ള കോളജുകളിൽ 80 ശതമാനത്തിലും എസ്എഫ്‌ഐയാണ് വിജയിച്ചത്. എന്നാൽ, മഞ്ചേരിയിൽ എസ്എഫ്ഐയെ തോൽപ്പിക്കാൻ കെഎസ്‍യുവും എംഎസ്എഫും വർഗീയ തീവ്രവാദികളുമായി സഖ്യമുണ്ടാക്കി.
ഇതിനെക്കുറിച്ച് കോൺഗ്രസ്സ് - ലീഗ് നേതൃത്വങ്ങളുടെ അഭിപ്രായമറിയാൻ ജനങ്ങൾക്കാഗ്രഹമുണ്ട്. എബിവിപി, ക്യാമ്പസ് ഫ്രണ്ട്, എസ്ഐഒ എന്നിവരുമായിട്ടാണ് കെഎസ്‍യു, എംഎസ്എഫ് സംഘടനകൾ സഖ്യമുണ്ടാക്കിയത്. ഇത്തരം അവിശുദ്ധ കൂട്ടുകെട്ടുകൾ രാഷ്ട്രീയ നേതൃത്വത്തിന്റെ അറിവോടെയല്ലാതെ ഉണ്ടാകില്ല. സമീപകാലത്ത് കേരളത്തിൽ രൂപപ്പെട്ടുവരുന്ന വികസനവിരുദ്ധ മുന്നണി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും നാം കണ്ടു. കോൺഗ്രസും ലീഗും ബിജെപിയും എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും ഒരുമിച്ചണിനിരന്നത് കഴിഞ്ഞ ദിവസങ്ങളിൽ സമരമുഖത്തായിരുന്നു.
എന്നാൽ, തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചത് ബിജെപിയുടെയും എസ്ഡിപിഐയുടെയും ട്വന്റി 20യുടെയും വോട്ട് യുഡിഎഫ് സമാഹരിച്ചതാണ്. അതുതന്നെയാണ് ക്യാമ്പസുകളിലും ആവർത്തിക്കുന്നത്. ഇത്തരം മതനിരപേക്ഷതയെ തകർക്കുന്ന കൂട്ടുകെട്ട് ഇന്നത്തെ ദേശീയ രാഷ്ട്രീയ സാഹചര്യത്തിൽ ആപത്കരമാണ്. കോൺഗ്രസ് നേതൃത്വം ഇക്കാര്യം തിരിച്ചറിയുമോ എന്നും ജയരാജൻ ചോദിച്ചു.
'യുഡിഎഫ് തോൽപ്പിച്ചത് പി ടി തോമസിനെ തന്നെ'; കോൺഗ്രസ് വീണ്ടും വെന്റിലേറ്ററിലെത്തുമെന്ന് ജയരാജൻ
കണ്ണൂർ: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് (Thrikkakara Byelection) ശേഷം യുഡിഎഫ് ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്റേഷനെ പുറത്താക്കണമെന്ന് കെപിസിസി ജനറൽ സെക്രട്ടറി നടത്തിയ ആവശ്യപ്പെട്ടതോടെ കോൺഗ്രസ് വീണ്ടും വെന്റിലേറ്ററിൽ എത്തുമെന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാൻ ആവില്ലെന്ന് എം വി ജയരാജൻ. ബിജെപി വോട്ടുകൾ കിട്ടിയാണ് തൃക്കാക്കരയിൽ ജയിച്ചതെന്ന് വി ഡി സതീശനും സമ്മതിച്ചുവെന്നാണ് ജയരാജന്റെ വാദം. വർഗീയ കക്ഷികൾക്കും ട്വന്റി 20ക്കും പി ടി തോമസ് എതിരായിരുന്നു. എന്നിട്ടും ഉമാ തോമസ് ബിജെപിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തി സഹായം അഭ്യർഥിച്ചത് കേരളം കണ്ടു.
സത്യത്തിൽ എൽഡിഎഫ് മുന്നേറ്റം ഉണ്ടാകുമെന്ന് വ്യക്തമായതോടെ, സകല വർഗീയ-പിന്തിരിപ്പൻ കക്ഷികളുമായും കൂട്ടുകൂടിയ യുഡിഎഫ് തോൽപ്പിച്ചത് പി ടി തോമസിനെ തന്നെയാണെന്നും ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു. വോട്ട് മറിച്ചെന്ന് സ്ഥാനാർത്ഥിയും ബിജെപി വോട്ട് കിട്ടിയെന്ന് പ്രതിപക്ഷ നേതാവും യുഡിഎഫ് ചെയർമാനെ പുറത്താക്കണമെന്ന് കെപിസിസി ജനറൽ സെക്രട്ടറിയും പരസ്യമായി പറഞ്ഞതോടെ തൃക്കാക്കരയിലെ യുഡിഎഫ് വിജയം യുഡിഎഫിലും ബിജെപിയിലും കലഹമാണ് സൃഷ്ടിച്ചത്.
കലഹമാവട്ടെ തെരുവിൽ എത്തുകയും ചെയ്തു. ബിജെപി സ്ഥാനാർത്ഥി പറഞ്ഞത് 24,000 വോട്ട് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ്. എന്നാൽ, എൽഡിഎഫ് ജയിക്കും എന്ന ധാരണ ഉണ്ടായപ്പോൾ പ്രവർത്തകർ വോട്ട് യുഡിഎഫിന് നൽകി എന്നും പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ ആവട്ടെ സഹതാപ തരംഗം ആണ് യുഡിഎഫിന്റെ വിജയത്തിന് കാരണം എന്ന് പറഞ്ഞതോടെ വോട്ട് മറിച്ചെന്ന് സുവ്യക്തമായിട്ടുണ്ട്. അണികൾ നാടെമ്പാടും ആഹ്ലാദപ്രകടനവും കെ വി തോമസിനെതിരെ പ്രതിഷേധ പ്രകടനവും നടത്തുമ്പോൾ സ്വന്തം പാളയത്തിൽ തന്നെ പണി ആരംഭിച്ച നിലയാണ് കോൺഗ്രസിൽ. യുഡിഎഫ് സ്ഥാനാർത്ഥി പടയാണ് കോൺഗ്രസിൽ ആരംഭിച്ചത്.
സ്ഥാനാർത്ഥി മോഹം ഉണ്ടായിരുന്ന യുഡിഎഫ് ചെയർമാൻ ഡൊമിനിക് പ്രസന്റേഷനെ പുറത്താക്കണമെന്നും യോഗം വിളിക്കാൻ ഡൊമിനിക്കിനെ അനുവദിക്കില്ലെന്നും കെപിസിസി ജനറൽ സെക്രട്ടറി അബ്ദുൽ മുത്തലിബ് വ്യക്തമാക്കിയിരിക്കുകയാണ്. ഈ വെളിപ്പെടുത്തൽ പ്രതിപക്ഷ നേതാവിന്റെ ഒത്താശയോടെ ആണെന്നാണ് ഡൊമിനിക്കിന്റെ പ്രതികരണം. തൃക്കാക്കരയിലെ വിജയത്തിന്റെ ക്രെഡിറ്റ് എടുക്കാൻ വി ഡി സതീശൻ നോക്കുമ്പോൾ കെ മുരളീധരനും മറ്റു നേതാക്കളും അതിനെ ചോദ്യം ചെയ്യുന്നു. ചുരുക്കത്തിൽ ഒരു വിജയം കോൺഗ്രസിലും ബിജെപിയിലും തമ്മിലടി രൂക്ഷമാക്കിയിരിക്കയാണെന്നും ജയരാജൻ കുറിച്ചു.
